എന്റെ മനസ്സിനെ അത്ഭുതപ്പെടുത്തിയതും ഭാരപ്പെടുത്തിയതുമായ ഒരു സംഭവം ജോലി സ്ഥലത്തുണ്ടായി. ഏതാനും വർഷങ്ങൾ മുമ്പ് ഞാൻ ഒമാനിലെ ഒരു കമ്പനിയിലെ ഓഫീസിൽ ചെയ്യുകയാണ്. ഒരു വലിയ കരിങ്കൽ ക്വാറിയുടെ സ്റ്റോർ ഓഫീസാണ്. ആരോ കൊണ്ടു വന്ന് ഉപേക്ഷിച്ച ഒരു ചെറുപ്പം പട്ടി ഓഫീസ് പരിസരത്തെത്തി. കണ്ടപ്പോൾ തന്നെ നല്ല ജനുസ്സിൽ പെട്ട പട്ടിയാണ്. പെരുമാറ്റത്തിലും നല്ല ഇണക്കവും കുലീനത്വവും. ജൂലിയെന്ന് ഞങ്ങൾ അവൾക്ക് പേരിട്ടു.ഏതാനും ദിവസങ്ങൾകം ജൂലി എല്ലാവരുടേയും കണ്ണിലുണ്ണിയായി. മാത്രമല്ല കാവൽ ആരുംതന്നെ ഏല്പിക്കാതെ തന്നെ ഏതാണ്ട് ജൂലിയുടെ നിയന്ത്രണത്തിലുമായി . ധാരാളം വാഹനങ്ങളും ജോലിക്കാരുള്ള ഓഫീസാണ് ഞങ്ങളുടേത്. പുറമേ നിന്ന് വരുന്ന പല വാഹനങ്ങളും ഞങ്ങൾക്കു പോലും കാഴ്ച്ചയിൽ തിരിച്ചറിയുവാൻ കഴിയാറില്ല. പക്ഷേ ഇവൾക്ക് തിരിച്ചറിയാം. എങ്ങിനെയാണ് തിരിച്ചറിയുന്നത് എന്ന് ഞങ്ങൾക്കറിയില്ല. ഞങ്ങൾ ആരെങ്കിലും അവിടെ ചെന്നല്ലാതെ ആ വാഹനങ്ങളിലെ ഡ്രൈവർമാരെ അവൾ താഴെ കാലുകുത്തിക്കില്ല. കാലത്തും വൈകീട്ടും എല്ലാവരും ഡ്യൂട്ടിക്ക് കാർഡ് പഞ്ച് ചെയ്യേണ്ടത് ഞങ്ങളുടെ ഓഫീസിന്റെ മുമ്പിലാണ്. ഇത്രയും അധികം ആളുകളെ മുഴുവൻ അവൾക്ക് തിരിച്ചറിയാം. ആരേയും നോക്കി കുരക്കില്ല. എന്നാൽ പുറമേ നിന്നുള്ളവരുടെ നേരെ കുരച്ചു ചാടും. ഞങ്ങളുടേത് ഒരു ബ്രിട്ടീഷ് കമ്പനിയാണ്. എന്നാൽ ഏതു സായിപ്പും ഏതു സമയത്തു വന്നാലും അവൾക്ക് ഒരു കുരയും ബഹളവുമില്ല – വാലാട്ടി നില്ക്കും. രാത്രിയിൽ അടുത്തുള്ള കുന്നുകളിൽ നിന്ന് ധാരാളം ഒട്ടകങ്ങൾ വരും. അവയെല്ലാം അവൾ തുരത്തും. അടുപ്പമുള്ളവർ ഭക്ഷണം കൊടുത്താലേ അവൾ കഴിക്കുകയുള്ളൂ. അല്ലെങ്കിൽ അവ നോക്കുക പോലുമില്ല.അവളെ കൊണ്ടുവന്നു ഉപേക്ഷിമ്പോൾ അവൾ ഗർഭിണിയായിരുന്നു. ആയിടെയാണ് ഞാൻ ഒരു മാസത്തിനു ലീവിൽ നാട്ടിലേക്ക് പോന്നത്. തിരിച്ചു ചെന്നപ്പോഴത്തെ അവസ്ഥ ഹൃദയ ഭേദമായിരുന്നു. എന്നെ കണ്ട ഉടനെ പാഞ്ഞെത്തി എന്തൊക്കെയോ അസാധാരണമായ ആംഗ്യങ്ങളിലൂടെ പ്രകടിപ്പിക്കാൻ ശ്രമിച്ചു. എനിക്കൊന്നും മനസ്സിലായില്ല. എനിക്ക് മനസ്സിലാകുന്നില്ല എന്ന് അവൾ തിരിച്ചറിഞ്ഞപ്പോൾ പാന്റ്സിൽ കടിച്ചു വലിക്കുവാൻ തുടങ്ങി. അവൾ എന്തോ പറയുവാൻ ശ്രമിക്കുകയാണ് എന്ന് മനസ്സിലായി. ഒരു സ്ഥലത്തെത്തിയപ്പോൾ എന്റെ പാന്റസിന്റെ പിടി വിട്ട് മുഖത്തു നോക്കി ഉറക്കെ ഒരു ദയനീയ സ്വരം പുറപ്പെടുവിക്കാൻ തുടങ്ങി. എന്റെ കൂട്ടുകാരാണ് ഉണ്ടായ സംഭവ കഥ പറഞ്ഞത്. ഏതാനും ദിവസങ്ങൾ മുമ്പ് അവൾ പ്രസവിച്ചു. അവളില്ലാത്ത സമയത്ത് മറ്റ് തെരുവു നായ്ക്കൾ വന്ന് അവളുടെ കുഞ്ഞുങ്ങളെ കൊന്നു കളഞ്ഞു. അവളുടെ അരുമക്കുഞ്ഞുങ്ങളെ കൊന്ന് ഇവിടെയാണ് ഇട്ടിരുന്നത് എന്നതായിരുന്ന ആ മിണ്ടാപ്രാണി ഏതാനും നാൾ മാത്രം അടുപ്പം കാണിച്ച എന്നോട് പറയുവാൻ ശ്രമിച്ചത്. ഇതെഴുതുവാൻ എന്നെ പ്രേരിപ്പിച്ചത് 2022 ഡിസംബർ ജീവജ്വാല ലക്കമായിരുന്നു. ഞാൻ അല്പം അടുപ്പം കാണിച്ച ഒരു തെരുവു പട്ടിക്കുപോലും ഇത്രമാത്രം സങ്കടം ഉള്ളിൽ നീറ്റലായി മനസ്സിൽ ഉണ്ടെങ്കിൽ സാധാരണ നമ്മുടെ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവരുടെ അവസ്ഥയെക്കുറിച്ചൊന്നു ചിന്തിച്ചുപോയി. ഡിസംബർ ജീവജ്വാല ആദ്യ പേജിൽ ഒരു പുതുമയായ ക്രിസ്തുമസ് സന്ദേശം ദൈവം നിർദ്ദേശിച്ചതനുസരിച്ച് എഡിറ്റോറിയൽ ബോർഡ് കൊടുത്തിരുന്നു. “ഞങ്ങളുണ്ട് കൂടെ’ എന്ന തലക്കെട്ടിൽ . അതിലിങ്ങനെയാണ് എഴുതിയിരുത് : താങ്കൾ പ്രയാസപ്പെട്ടുകൊണ്ട് ഇരിക്കുന്ന വ്യക്തിയാണോ ? ആരും കൂടെയില്ലെന്നു കരുതുന്ന വ്യക്തിയാണോ ? സങ്കടപ്പെടേണ്ട ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ . ഞങ്ങളെ ധൈര്യമായി വിളിച്ചോളൂ ഒരു കൂട്ടുകാരനെ പോലെ സംസാരിക്കുവാൻ ഞങ്ങളുണ്ട് കൂടെ …. എന്നിങ്ങനെ. താഴെ കൊടുത്തിരുന്നത് എന്റെ ഫോൺ നമ്പറായിരുന്നതിനാൽ വന്ന വിളികൾക്കെല്ലാം മറുപടി നൽകിയതും ഞാനായിരുന്നു. ധാരാളം വിളികൾ വന്നിരുന്നു. പല വിളികളും സങ്കടത്താൽ സംസാരം മുഴുമിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം ഇങ്ങനെ ആദ്യമായിട്ടാണ് അവർക്ക് ഒരു ഫോൺ നമ്പർ കിട്ടുന്നതു പോലും! അതിൽ ഒരാൾ പോലും രോഗം മാറുവാനോ, കട ബാധ്യതകൾ വിട്ടു പോകാനോ , മക്കളുടെ വിവാഹം, ജോലി എന്നിവക്കുവേണ്ടിയോ ആയിരുന്നില്ല വിളിച്ചത് എന്നതുതന്നെ എഡിറ്റോറിയൽ ബോർഡിനെ ഇരുത്തി ചിന്തിപ്പിച്ച ഒരു വിഷയമായിരുന്നു. വിളിച്ച പലരും മെബൈൽ ഫോണിൽ തിരിച്ച് അങ്ങോട്ട് വിളിക്കുവാൻ പോലും സാഹചര്യമില്ലാത്തവരായിരുന്നു. അതായിരുന്നു ഞങ്ങൾക്ക് ഏറ്റവും മനസ്സിന് ഭാരമുണ്ടാക്കിയിയത്. വിളിച്ചവർക്കെല്ലാം മൊബൈൽ ഫോണുണ്ടായിരുന്നു! വിളിച്ചവർക്കൊന്നും തന്നെ സാമ്പത്തിക പ്രശ്നങ്ങളില്ല. അപ്പോൾ പിന്നെ എന്താണ് വിളിച്ചവരുടെ യഥാർത്ഥ പ്രശ്നം ? അവരോട് ഒന്ന് ഇടപെടുവാനോ സൗമ്യത യോടെ ഒരു വാക്കു സംസാരിക്കുവാനോ ആരും ഇല്ല എന്ന ചിന്തയായിരുന്നു അവരെ ഭാരപ്പെടുത്തിയിരുന്നത്.ഞങ്ങൾക്ക് എല്ലാ സൌകര്യങ്ങളും വീട്ടിൽ ഉണ്ട് . വീട്ടിൽ മക്കളും പേരക്കുട്ടികളും ഉണ്ട്. പക്ഷേ ഒന്നു ഹൃദയം തുറന്നു സംസാരിക്കുവാൻ, ഒന്നു കൂടെക്കൊണ്ടു നടക്കുവാൻ ആരുമില്ലാത്ത അവസ്ഥ. അതിൽ ഉയർന്ന നിലയിൽ റിട്ടയർ ചെയ്ത ഉദ്യോഗസ്ഥർ പോലുമുണ്ട്. ഇന്ന് അവർ സ്വന്തം നിഴലുകളേ പോലും ഭയപ്പെടുന്നു. പരിശുദ്ധാത്മാവ് എഡിറ്റോറിയൽ ബോർഡിനെ ചൂണ്ടിക്കാണിച്ചു തന്ന ഒരു പുതിയ ശുശ്രൂഷ മേഖലയാണിത്. ജീവിതച്ചൂടിൽ ഇരമ്പിപ്പായുന്ന സമയമില്ലാത്ത ജീവിതത്തിൽ ഒറ്റപ്പെട്ടു വരണ്ടിരിക്കുന്ന ധാരാളം ജീവിതങ്ങളുണ്ട്.നമ്മുടെ നാട്ടിൽ ഇനി ഉയർന്നു വരേണ്ട ഒരു ശുശ്രൂഷാ മേഖലയാണിത്. വിദേശങ്ങളിലെ പ്രായമായവരെ പരിപാലിക്കുവാൻ ജോലി തേടി ധാരാളം പോകുന്ന ഒരു കാലഘട്ടമാണല്ലോ ഇപ്പോൾ . എന്നാൽ മരക്കൊമ്പിൽ ഒറ്റക്കിരിക്കുന്ന കിളികളെ പോലെ ധാരാളം മനുഷ്യർ നമ്മുടെ അയൽപക്കത്തു തന്നെയുണ്ട് എന്ന് നമ്മൾ തിരിച്ചറിയണം. ഓരോ ഇടവക തലങ്ങളിലും യൂണിറ്റ് തലങ്ങളിലും ഒരു സംഖ്യയും മുടക്കാതെ ചെയ്യുവാൻ സാധിക്കുന്ന ശുശ്രൂഷയാണിത്. ഈ മേഖല ഒന്നു മനസ്സു വെച്ചാൽ ഫോണിലൂടെ തുടങ്ങാവുന്നതേയുള്ളൂ. വീടുകളിൽ ഒറ്റപ്പെട്ടിരിക്കുന്നവരെ കണ്ടെത്തി ആശ്വസിപ്പിക്കുന്ന ഒരു പുതിയ ശുശ്രൂഷ.ദൂരെയുള്ള വ്യക്തികൾക്ക് ആ പ്രദേശത്തുള്ളവരെക്കുറിച്ച് അറിവുണ്ടായിരിക്കണമെന്നില്ല. ഉണ്ടായാൽ തന്നെ ഇടപെടുന്നതിന് പരിമിതികളുണ്ട്. ഓരോ ഇടവകകളും കുടുംബ യൂണിറ്റ് ഭാരവാഹികളും ഒന്ന് ഈ വിഷയത്തിൽ ഒന്ന് ശ്രദ്ധിച്ചാൽ ജാതി മത വ്യത്യാസമില്ലാതെ നമ്മുടെ സമൂഹത്തിൽ അത്ഭുതങ്ങൾ കാണാം. എങ്ങിനെയാണ് തുടങ്ങേണ്ടത് എന്നത് മാത്രം ചിന്തിച്ചാൽ മതി. ഓരോ പ്രാർത്ഥനാ ഗ്രൂപ്പുകൾകക്കും ഇതിനു നേതൃത്വം കൊടുക്കാം. കോവിഡാനന്തരം ധാരാളം പ്രായമായവർ വീടുകളിൽ പുറത്തിറങ്ങുവാൻ പോലും കഴിയാതെ ഒറ്റപ്പെട്ടു കഴിയുന്നുണ്ട് എന്ന് നാം തിരിച്ചറിയുക. ഒരു പുതു മേഖലയിലേക്ക് ഈ പുതു വർഷത്തിൽ നമ്മുടെ ശുശ്രൂഷകൾ ദൈവാത്മാവ് തിരിച്ചു വിടട്ടെ. വലിയൊരു മാറ്റത്തിന്റെ കാറ്റ്, എല്ലാവരേയും ചേർത്തുപിടിക്കുന്ന സുഗന്ധം എങ്ങും പരക്കട്ട . എന്നിട്ടും ഞാന്‍ നിരന്തരംഅങ്ങയോടുകൂടെയാണ്;അവിടുന്ന് എന്റെ വലത്തുകൈഗ്രഹിച്ചിരിക്കുന്നു. ദൈവമേ, വാര്‍ധക്യവും നരയുംബാധിച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട് അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക് ഇടയാക്കണമേ! സങ്കീര്‍ത്തനങ്ങള്‍ 71 : 18
4th of July 2023
""