വി. ഫ്രാൻസീസ് അസീസിയുടെ ജീവിതത്തിൽ ഒരു സംഭവമുണ്ടായി. പല ദിവസങ്ങളിലും ആവശ്യത്തിനുള്ള ഭക്ഷണം ആശ്രമത്തിൽ ഉണ്ടാകാറില്ല. അതിൽ ആശ്രമാംഗങ്ങൾക്ക് ഒരു പരാതിയുമില്ല. ദാരിദ്ര്യം ഒരു പുണ്യമായിട്ടാണ് അവർ സ്വീകരിച്ചിരുന്നത്. പലപ്പോഴും ഭിക്ഷയെടുത്തുള്ള ഭക്ഷണമാണവർ കഴിച്ചിരുന്നത്. എന്നാൽ ആശ്രമത്തിൽ അല്പം പോലും ഭക്ഷണം ഇല്ലാത്ത സാധാരണ ഒരു ദിവസം. ഒരു ഭിക്ഷക്കാരൻ ഭിക്ഷ യാചിക്കുവാനായി ആശ്രമത്തിൽ ഉച്ച സമയത്ത് കയറി വന്നു. ഒന്നും തന്നെ ഭിക്ഷ യാചിച്ച ആൾക്ക് കൊടുക്കുവിനില്ല എന്നത് വി. ഫ്രാൻസീസ് അസീസിയെ ഒത്തിരി സങ്കടപ്പെടുത്തി. അടുക്കളയിൽ ഒന്നും ഇല്ല എന്ന് ആശ്രമാംഗങ്ങൾ ഉറപ്പു വരുത്തി. വിശുദ്ധൻ അല്പ സമയം പ്രാർത്ഥിക്കുവാനിരുന്നു. അതിനുശേഷം ഇറങ്ങി വരുമ്പോൾ അദ്ദേഹത്തിന്റെ മുഖം പ്രസന്നമായിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ ആശ്രമത്തിൽ ആകെയുള്ള ഒരു ബൈബിളായിരുന്നു. അന്ന് ഇന്നത്തേ പോലെ അച്ചടിച്ച ബൈബിളുകൾ ഇല്ല. കയ്യെഴുത്തു പ്രതികളാണ് ഉള്ളത്. വളരേ വില പിടിപ്പുള്ള ഒരു വസ്തുവായിരുന്നു അന്ന് ബൈബിൾ. അദ്ദേഹം ആ ബൈബിൾ ആ യാചകന് സമ്മാനിച്ചു കൊണ്ട് പറഞ്ഞു “ ഈ ബൈബിൾ വിറ്റ് കിട്ടുന്ന പണം കൊണ്ട് വിശപ്പടക്കുക “ . ആശ്രമത്തിലെ മറ്റു സന്യാസികൾ അദ്ദേഹത്തോടു ചോദിച്ചു “ പിതാവേ ഈ ബൈബിൾ യാചകനു കൊടുത്താൽ നാം എങ്ങിനെ തിരുവചനങ്ങൾ വായിക്കുകയും പ്രാർത്ഥിക്കുകയും ശുശ്രൂഷകൾ ചെയ്യുകയും ചെയ്യും?”. അദ്ദേഹത്തിന്റെ മറുപടി വളരേ ദൃഢവും വ്യക്തമായിരുന്നു. ‘ ഈ മകന്റെ വിശപ്പിനേക്കാൾ വലുതാണോ പുസ്തകമായിരിക്കുന്ന ബൈബിൾ? സ്വയം അപ്പമായി മാറിയ ഈശോ ഇന്ന് ഈ യാചകന്റെ മുമ്പിൽ ഇങ്ങനെയാണ് അപ്പമായി മാറുന്ന അത്ഭുതം ചെയ്യുവാൻ ആഗ്രഹിക്കുന്നത്. നാം വലിയ നോമ്പിലൂടെയാണ് കടന്നു പോകുന്നത്. "ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടുംകൂടെ നിങ്ങൾ പൂർണ്ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിൻ. നിങ്ങളുടെ ഹൃദയമാണ് വസ്ത്രമല്ല കീറേണ്ടത്" (ജോയേൽ 2:12,13). എന്ന തിരുവചനം നമുക്കോർക്കാം.ചെയ്തുപോയ പാപങ്ങളെപ്പറ്റി പശ്ചാത്തപിച്ച് നുറുങ്ങിയ ഹൃദയവുമായി ദൈവത്തെ സമീപിക്കാൻ നമുക്കാവുന്നുണ്ടോ? അതോ, നമ്മുടെ ഉപവാസങ്ങളും മറ്റു പരിഹാരപ്രവർത്തികളും കേവലം ഒരു പ്രഹസനം മാത്രമായി മാറാറുണ്ടോ? നോമ്പു കാലത്ത് നാം വലുത് എന്ന് കരുതുന്ന ധാരാളം സത്പ്രവർത്തികളിലൂടെയും ഉപവാസത്തിലൂടെയും പ്രാർത്ഥനകളിലൂടെയുമൊക്കെ നാം കടന്നു പോകുന്നു. എന്നാൽ ഈസ്റ്റർ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ നമുക്കൊരു മാറ്റവുമില്ല എന്നു തിരിച്ചറിയും. ഒരു പഴയ കഥ വായിച്ചതോർക്കുന്നു : ഒരു ഗുരു വിവിധ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനായി പുറപ്പെട്ടു. കൂടെ അദ്ദേഹത്തിന്റെ ശിഷ്യനും ഉണ്ടായിരുന്നു. ശിഷ്യൻ ഒരു കയ്പുള്ള വെള്ളരിക്കായും കൂടെ കൊണ്ടു പോയി. ഗുരു മുങ്ങി സ്നാനം ചെയ്ത് പ്രാർത്ഥിക്കുന്ന നദികളിൽ ശിഷ്യൻ ഈ വെള്ളരിക്കായും മുക്കിയെടുക്കുമായിരുന്നു. തീർത്ഥാടനം കഴിഞ്ഞെത്തിയ ഗുരു ശിഷ്യനോട് ചോദിച്ചു - ഞാൻ മുങ്ങിയ പുണ്യ നദികളിലെല്ലാം താങ്കൾ കൊണ്ടുവന്ന വെള്ളരിക്കായും മുക്കിയിരുന്നല്ലോ എന്തിനാ യിരുന്നു അത് ? ശിഷ്യൻ പറഞ്ഞു: ഞാൻ കയ്പുള്ള വെള്ളരിക്കാ പുണ്യ നദികളിൽ മുക്കിയാൽ അതിന്റെ കയ്പ് രസം മാറി മധുരിക്കുമോ എന്നറിയാനുള്ള പരീക്ഷണമായിരുന്നു അത്. തിരിച്ചെത്തി മുറിച്ചു നോക്കിയപ്പോൾ മനസ്സിലായി കയ്പിന് ഒരു കുറവും വന്നിട്ടില്ല. അതു പോലെ അങ്ങയുടെ ദ്യേഷ്യ സ്വഭാവത്തിനും. ഗുരുവിന് കാര്യം മനസ്സിലായി. യഥാർത്ഥ ഉപവാസ ചിന്തകളിലേക്ക് നമുക്കൊന്നു ധ്യാനിക്കാം. "ദുഷ്ടതയുടെകെട്ടുകൾ പൊട്ടിക്കുകയും നുകത്തിന്റെ കയറുകൾ അഴിക്കുകയും മർദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാൻ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭാവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽനിന്നു ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്" (ഏശയ്യാ 58:6,7). ഉപവാസത്തെ കേവലം ഒരു ശാരീരികപ്രവൃത്തി മാത്രമായാണോ നാമിന്നു കാണുന്നത്? അതോ ഉപവാസത്തിലൂടെ നമ്മുടെ ആത്മാവിനെ സുഖപ്പെടുത്താൻ കഴിവുള്ള ദൈവാരൂപിയെ സ്വീകരിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ? നമ്മെ വേദനിപ്പിച്ചവരോട് ക്ഷമിക്കാനും, നമുക്ക് ഉള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനുമുള്ള ഒരവസരമായി ഉപവാസത്തെയും മറ്റു പരിഹാര പ്രവർത്തികളെയും മാറ്റാൻ നമുക്കാവണം. നമുക്ക് കാതലായ ഒരു മാറ്റമാണ് നോമ്പുകാലം തരുവാൻ ദൈവം ആഗ്രഹിക്കുന്നത്. ദൈവം നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കട്ടെ. ഏതാനും ഭക്ഷണ പദാർത്ഥങ്ങൾ വർജിക്കുന്നതു മാത്രമല്ല ഉപവാസം . ഒരു പക്ഷേ നാം മറ്റുള്ളവരുടെ മുന്നിൽ ഭക്തനായി തോന്നിയേക്കാം. എന്നാൽ ഹൃദയങ്ങൾ കാണുന്നവനായ ദൈവത്തിന്റെ മുമ്പിൽ വിലയിരുത്തുന്നതാണത്. വിശുദ്ധനായ ഫ്രാൻസീസ് അസീസി നിധി പോലെ സൂക്ഷിച്ച ബൈബിൾ ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്ത അവസ്ഥ കണ്ടപ്പോൾ എടുത്തു കൊടുത്ത മനോഭാവം നമുക്കും ലഭിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. മറ്റുള്ളവർക്കു നന്മ ചെയ്യുന്നതായ അടിസ്ഥാന മനോഭാവങ്ങൾ മാറുന്ന ഒരു നോമ്പായി ഇത്തവണ മാറപ്പെടട്ടെ. എല്ലാവർക്കും പുതിയ മനോഭാവത്തോടു കൂടിയ ഈസ്റ്റർ തിരുന്നാൾ മംഗളങ്ങൾ നേരുന്നു.
SHYNI JAISON
10th of March 2024
"May God bless you "