വെള്ള സാരിയിൽ മൂന്നു നീല കരകൾ കണ്ടാൽ ഒരു കൊച്ചു കുഞ്ഞിനു പോലും അറിയാം അത് വി. മദർ തെരേസയുടെ ചിത്രമാണെന്ന് . ചുക്കിച്ചുളിഞ്ഞ ആ മുഖം അത്ര മാത്രം ജനഹൃദയങ്ങളിൽ പതിഞ്ഞിരിക്കുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധയായി ലോകം നിറഞ്ഞു നിന്നു. നിഷ്ക്കളങ്ക സ്നേഹത്തിന്റെ പുത്തൻ ചിന്തകൾ ലോകത്തിന് സമ്മാനിച്ചാണ് മദർ ലോകത്തു നിന്ന് വിടവാങ്ങിയത്. ഇത്തവണ നമ്മൾ പരിചയപ്പെടുന്നത് മിഷൻ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സിസ്റ്റർ മരിയ സിസ്റ്റീന MC യെയാണ്. ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന സിസ്റ്റർ, മഠത്തിൽ ചേരുന്നതിനു മുമ്പ് ഞങ്ങളുടെ ഇടവകയിൽ വിവിധ ഭക്ത സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്നു. സിസ്റ്റർ, എങ്ങിനെയാണ് ദൈവവിളിയുണ്ടെന്നും, അതും മിഷൻ രംഗത്തുമാണെന്ന് മനസ്സിലായത് ? എന്റെ യഥാർത്ഥ പേര് ഷീജ.പ്രിഡിഗ്രിക്ക് പഠിക്കുമ്പോൾ ഞാൻ സയൻസ് ഗ്രൂപ്പാണ് എടുത്തിരുന്നത്. Science ലാബുകളിൽ പോകുമ്പോൾ നൈമിഷികമായ ജീവിതത്തെപ്പറ്റിയുള്ള ചിന്ത വരുവാൻ തുടങ്ങി. ഈശോക്കു വേണ്ടിയുള്ള ജീവിതം - ഈശോയോടു കൂടെയുള്ള ജീവിതമാണ് ദൈവം ആഗ്രഹിക്കുന്നത് എന്ന തോന്നൽ വരുവാൻ തുടങ്ങി. മാതാപിതാക്കളും , കൂട്ടുകാരും ഒട്ടും താല്പര്യം കാണിച്ചില്ലെങ്കിലും എന്നിൽ ഈശോയാണ് ഈ ഒരു ഉൾവിളി തന്നത് എന്ന ഉറച്ച ഒരു ബോധ്യം എനിക്കുണ്ടായിരുന്നു. വിശുദ്ധരുടെ ജീവ ചരിത്രങ്ങൾ വായിക്കാറുണ്ടായിരുന്നു. ഒരു മിഷനറിയാകണമെന്ന ആഗ്രഹം ഇവിടെ നിന്നാണ് ലഭിച്ചത്. എങ്ങനെയാണ് പിന്നെ MC മഠത്തിൽ തന്നെ ചേരണമെന്ന് തീരുമാനിച്ചത്. സാധാരണ സാധാരണ മഠങ്ങളിൽ നിന്ന് വ്യത്യസ്ഥമാണല്ലോ അത്. നാട്ടിലെ മഠങ്ങളിലെ ഒരു സുരക്ഷിതത്വവും ഇല്ലായ്മയും കഠിനമായ ഒരു ജീവിത രീതിയുമല്ലേ ഇവർക്ക്? ചെറുപ്പം മുതലേ മദർ തെരേസായുടെ ജീവിതവും ചിത്രവും മനസ്സിൽ പതിഞ്ഞിട്ടുണ്ട്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥയായ വ്യക്തിത്വം. കൂടാതെ എന്റെ അയൽവാസിയായ ഒരു ചേച്ചി Sr. Diego M C ഈ മഠത്തിലായിരുന്നു. അവരിൽ നിന്നും ഞാൻ കൂടുതൽ മനസ്സിലാക്കി. ഓരോരുത്തർക്കും ദൈവം വഴി ഒരുക്കി വെച്ചിട്ടുണ്ട് - സമയമാകുമ്പോൾ അതു വെളിപ്പെടുത്തി തരുന്നു എന്നു മാത്രം. നമ്മളല്ല അതു തീരുമാനിക്കുന്നത്. എങ്ങിനെയാണ് ഒരു വ്യക്തി മിഷനറി സിസ്റ്റേഴ്സിന്റെ. (M C)മഠത്തിൽ ചേരുന്നത്? സാധാരണ മഠത്തിൽ ചേരുന്നത് ദൈവവിളി ക്യാമ്പിൽ സംബന്ധിച്ചു കൊണ്ടല്ലേ ? ഞങ്ങളുടേത് വ്യത്യസ്ഥമാണ്. ഞങ്ങൾക്ക് ക്യാമ്പോ പരസ്യ മോ ഒന്നും ഇല്ല. മഠത്തിൽ ചേരാനാഗ്രഹിക്കുന്നവർ നേരിട്ടു ബന്ധപ്പെടണം. അവിടെ ഏതാനും ദിവസം താമസിക്കണം. അവിടെ അവർ ചെയ്യുന്ന ശുശ്രൂഷകൾ കണ്ടു മനസ്സിലാക്കണം. ഞാൻ പോയത് എറണാകുളം ജില്ലയിലെ പൂക്കാട്ടുപടിയിലുള്ള ഞങ്ങളുടെ സെന്ററിലേക്കാണ്. ധാരാളം മാനസിക രോഗികളെ പരിചരിക്കുന്ന സ്ഥലമാണ്. ഇത്തരത്തിലുള്ള ശുശ്രൂഷകളിലേക്കാണ് ഞാൻ പ്രവേശിക്കേണ്ടത് എന്ന് മനസ്സിലാക്കുവാൻ വേണ്ടിയാണ്. അതിനു ശേഷം വീട്ടിലേക്ക് വിടും. നല്ല ഉറപ്പുണ്ടെങ്കിൽ മാത്രം വന്നാൽ മതി എന്ന് അവർ പറഞ്ഞിരിക്കും. ഞാൻ വീണ്ടും തിരിച്ചു ചെന്നു. 6 മാസം അവിടെയായിരുന്നു. പരിശീലന കാലത്ത് എപ്പോൾ വേണമെങ്കിലും മടങ്ങിപ്പോരാം. ഒരു നിബന്ധനകളുമില്ല. 1995ലാണ് ഞാൻ MC മഠത്തിൽ ചേർന്നത്. 1996 ൽ കൽക്കട്ടാ യിൽ എത്തി ചേർന്നു. മൂന്നര വർഷത്തെ പരിശീലനമാണ് ഞങ്ങൾക്ക് ലഭിച്ചത്. ഇപ്പോൾ അത് പരിശീലന കാലാവുധി വർദ്ധിപ്പിച്ചിട്ടുണ്ട്. അവിടെ എത്തിച്ചേർന്നപ്പോൾ എന്തെങ്കിലും മറക്കാനാവത്ത ഓർമ്മകൾ ഇപ്പോൾ മനസ്സിലുണ്ടോ? തീർച്ചയായും. മദർ തെരേസ തന്നെയാണ് ഞങ്ങളുടെ ബാച്ചിനെ സ്വീകരിച്ചത്. പല തവണ മദർ തന്നെയാണ് ക്ലാസുകളെടുത്തിരുന്നത്. മദർ മരിക്കുമ്പോഴും ഞാൻ ആ മഠത്തിൽ ആ കെട്ടിടത്തിൽ തന്നെ ഉണ്ടായിരുന്നു. ഒരു വിശുദ്ധയുടെ കൂടെ ജീവിക്കുവാൻ കഴിയുക എന്ന വലിയൊരു ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. പിന്നീട് എവിടെയെല്ലാമാണ് ശുശ്രൂഷകൾ ചെയ്തത് ? ആന്ധ്ര സംസ്ഥാനത്തെ വിശാഖ പട്ടണം, നെല്ലൂർ, വിജയവാഡ, ഗുണ്ടക്കൽ എന്നിവടങ്ങളിൽ 20 വർഷത്തോളം ശുശ്രൂഷ ചെയ്തു. ഇപ്പോൾ ഞാൻ ചെന്നൈയിലാണ്. സിസ്റ്ററെ ഏറ്റവും സ്വാധീനിച്ച ബൈബിൾ ഭാഗങ്ങൾ ഏതെല്ലാമാണ് ? അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു. യോഹന്നാന്‍ 19 : 28 മദർ തെരേസ ഞങ്ങളോട് ധ്യാനിക്കുവാൻ പ്രേരിപ്പിച്ചിട്ടുള്ള വചനമാണിത്. ഭൗതികമായ ദാഹമായിരുന്നില്ല ഈശോക്ക് . ആത്മാക്കൾക്കു വേണ്ടിയുള്ള ദാഹമായിരുന്നു. ഈ വചനം ധ്യനിച്ചാൽ നമ്മൾ എത്തിച്ചേരുന്ന വചനമാണ് : എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്‌ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്‌ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെയടുത്തു വന്നു………….. മത്തായി 25 : 35-40 ഞങ്ങൾ എപ്പോഴും ധ്യാനിക്കുന്ന വചന ഭാഗങ്ങളാണിവ. ഞങ്ങളുടെ ശുശ്രൂഷ ഇതുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഈ രണ്ടു വചന ഭാഗങ്ങളാണ് ഞങ്ങളുടെ ശുശ്രൂഷക്ക് വേണ്ടതായ ശക്തി പകരുന്നത്. എങ്ങിനെയാണ് പ്രാർത്ഥനാ രീതികൾ? ഏകദേശം എത്ര മണിക്കൂർ പ്രാർത്ഥനക്ക് മാറ്റി വെച്ചിട്ടുണ്ട് ? ഞങ്ങൾ ദിവസവും നാലു മണിക്കൂർ പ്രാർത്ഥിക്കുവാൻ നിർബ്ബന്ധമായി മാറ്റി വെക്കും. വി. കുർബ്ബാന ഒഴിച്ചു കൂടാനാവാത്തതാണ്. വി.കുർബ്ബാനയാണ് ഞങ്ങളുടെ ശക്തി. അതുകൊണ്ട് എവിടെയാണെങ്കിലും ഞങ്ങൾക്ക് ഒരു ചാപ്പൽ ഉണ്ടാകും. ദിവ്യബലിക്കു ശേഷമാണ് ശുശ്രൂഷകൾക്ക് ഇറങ്ങുക. ഞങ്ങൾ ഉച്ചക്ക് 12 മണിക്ക് തിരിച്ചെത്തി യാമ പ്രാർത്ഥനകൾ ചൊല്ലും. എന്തെങ്കിലും പ്രത്യേക ദൌത്യത്തിനു പോയി തിരിച്ചെത്താനായില്ലെങ്കിൽ ഞങ്ങൾ ആയിരിക്കുന്ന സ്ഥലത്ത് ഞങ്ങൾ പ്രാർത്ഥിക്കും. എപ്പോഴും അതിനുള്ള ഒരുക്കത്തിലായിരിക്കും ഞങ്ങൾ പോകുക. മദർ തെരേസ ഞങ്ങളെ എപ്പോഴും ഓർമ്മിപ്പിക്കുമായിരുന്നു - നമ്മൾ ചെയ്യുന്നത് ഒരു സോഷ്യൽ വർക്ക് അല്ല - നമ്മൾ ഒരു ശുശ്രൂഷയാണ് ചെയ്യുന്നത്. നമ്മൾ കണ്ടുമുട്ടുന്നവരെല്ലാം ഈശോയാണ്. പ്രാർത്ഥിക്കാതെ മറ്റുള്ളവരിൽ യഥാർത്ഥ ഈശോയെ കണ്ടുമുട്ടാനാകില്ല. അതു കൊണ്ട് പ്രാർത്ഥനായാണ് ഞങ്ങളെ ദൈവം ആഗ്രഹിക്കുന്ന രീതിയിൽ പ്രവർത്തിക്കുവാൻ ഉത്തേജിപ്പിക്കുന്നത്. സിസ്റ്റർ പറഞ്ഞുവല്ലോ ഇത് ഒരു സോഷ്യൽ വർക്ക് (Social work) അല്ല ഇതൊരു ശുശ്രൂഷയാണെന്ന് . ഒന്നു വിശദീകരിക്കാമോ? ദൈവം ആഗ്രഹിക്കുന്നതു പോലെയാണ് ദൈവീക ശുശ്രൂഷകൾ മുന്നോട്ടു പോകുക. പ്രത്യക്ഷത്തിൽ ഞങ്ങളുടെ ശുശ്രൂഷകൾ ദൂരെ നിന്ന് നോക്കി കാണുമ്പോൾ ഒരു സോഷ്യൽ വർക്കായി തോന്നാം. എന്നാൽ സത്യം അതല്ല . ഞങ്ങൾ പ്രാർത്ഥനയിൽ നിന്ന് ശക്തി സംഭരിച്ച് ദൈവത്തോട് ചേർന്ന് നിന്നാണ് മുന്നേറുന്നത്. എന്നാൽ സോഷ്യൽ വർക്കിൽ അതല്ല. അവിടെ പ്രാർത്ഥിക്കേണ്ടതില്ലല്ലോ. അത് ഒരു വ്യക്തിയുടെ പുറമേയുള്ള അവസ്ഥ മാത്രമേ കാണുന്നുള്ളൂ. ഞങ്ങൾ കാണുന്നത് ആ വ്യക്തി ഒരു വിലപിടിപ്പുള്ള അത്മാവായിട്ടാണ്. ആ ആ ത്മാവിന്റെ നിത്യതയെക്കുറിച്ചാണ് ഞങ്ങൾ ചിന്തിക്കുന്നത്. എന്നാൽ ഞങ്ങൾ സർക്കാർ നിഷ്ക്കർഷിക്കുന്ന സോഷ്യൽ വർക്കിന്റെ നിയമങ്ങളും അധികാരികളേയും അനുസരിക്കുയും ചെയ്യുന്നു. ഈ ശുശ്രൂഷകളിൽ ഗവ. അധികാരികളിൽ നിന്ന് അവഗണയോ ബുദ്ധിമുട്ടുകളോ ഉണ്ടാകാറുണ്ടോ? നമ്മുടെ നാട്ടിലെ ഒരു അവസ്ഥയല്ലല്ലോ , മറ്റു സ്ഥലങ്ങളിൽ . ഒരിക്കലുമില്ല. ഞങ്ങൾ രാജ്യത്തിന്റെ എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് അവർക്കറിയാം. അതിനാൽ എവിടെയെങ്കിലും ആരെങ്കിലും അലഞ്ഞു തിരിയുന്നതായി കണ്ടാൽ ആദ്യം അവർ ഞങ്ങളെയാണ് അറിയിക്കുക. പ്രത്യേകിച്ച് പോലീസ് അധികാരികൾ . ഞങ്ങളുടെ കയ്യിൽ ഏതെങ്കിലും ഒരു വ്യക്തിയെ ലഭിച്ചാൽ ആ നിമിഷം ഞങ്ങളും പോലീസിൽ അറിയിച്ചിരിക്കും.മിക്കവാറും മാനസിക സമനില തെറ്റിയ രോഗികളാണ് അധികം ഉണ്ടാകുക. ഞങ്ങൾ കൊണ്ടു വന്നു ചികിത്സിക്കും. ആരോടും ഇന്നു വരെ ഒരു പ്രതിഫലവും വാങ്ങിയിട്ടില്ല - വാങ്ങുകയുമില്ല. രോഗിയുടെ ഓർമ ശരിയായി തുടങ്ങിയാൽ അവരുടെ ബന്ധുക്കളെ കണ്ടു പിടിച്ച് ഏല്പിക്കുവാൻ ശ്രമിക്കും. മിക്കവാറും ആരും ഇവരെ സ്വീകരിക്കുവാൻ തയ്യാറാകില്ല. അവരെ ഏതെങ്കിലും തൊഴിൽ പഠിപ്പിച്ചു സ്വന്തം കാലിൽ നിൽക്കുവാൻ പ്രാപ്തരാക്കും. സാധിക്കാത്തവരെ ഞങ്ങൾ തന്നെ സംരക്ഷിക്കും. ഈ ശുശ്രൂഷയിൽ ഞങ്ങൾ മതമോ ജാതിയോ നോക്കാറില്ല. അവരുടെ മതങ്ങളിൽ തന്നെ അവർ തുടരും. ആരുടേയും നന്ദിയോ അഭിനന്ദനമോ പ്രോത്സാഹനമോ ഞങ്ങൾക്കു വേണ്ട. അതാണ് മദർ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. അതു കൊണ്ട് സൗഖ്യപ്പെട്ട ആരും ഞങ്ങളോട് നന്ദി പ്രകടിപ്പിച്ചില്ലെങ്കിലും ഞങ്ങൾക്ക് ഒരു സങ്കടവുമില്ല. കാരണം ഞങ്ങൾ ചെയ്യുന്നത് ഈശോക്കു വേണ്ടിയാണല്ലോ. എങ്ങിനെയാണ് ഈ ശുശ്രൂഷകൾക്ക് പണം കണ്ടെത്തുന്നത്? രോഗികൾക്ക് വിദഗ്ദ ചികിത്സക്കും ഭക്ഷണത്തിനു മറ്റു ആവശ്യങ്ങൾക്കുമായി ധാരാളം പണച്ചെലവില്ലേ ? നൂറു ശതമാനവും സംഭാവന വകളാണ് പണം ലഭിക്കുന്ന ശ്രോതസ്സ്. ദൈവം എല്ലാം ഭംഗിയായി നടത്തുന്നു. അതാണ് പ്രാർത്ഥനയുടെ ശക്തി. കോവിഡ് കാലഘട്ടത്തിലാണ് ദൈവത്തിന്റെ കൃത്യമായ കരുതൽ കണ്ടത്. ആർക്കും പുറത്തിറങ്ങുവാൻ സാധിക്കാത്ത ഒരു കാലഘട്ടമായിരുന്നല്ലോ. ധാരാളം രോഗികളെ ഞങ്ങൾ പരിപാലിക്കുന്നുണ്ട്. ഞാൻ ഇപ്പോൾ ശുശ്രൂഷ ചെയ്യുന്നത് ചെന്നൈയിലാണ്. കോവിഡ് സമയത്ത് USA യിൽ ഒരു ഫോൺ കോൾ വന്നു. മഠത്തിന്റെ നമ്പർ അവർ വളരേ പ്രയാസപ്പെട്ടുകൊണ്ട് കണ്ടുപിടിച്ചു വിളിച്ചതാണ്. സമ്പന്നനായ ഒരു ആംഗ്ലോ ഇന്ത്യനാണ്. ഞങ്ങൾ ചോദിച്ചു എങ്ങിനെയാണ് ഈ മഠത്തിൽ തന്നെ സംഭാവന കൊടുക്കണമെന്ന് തീരുമാനമെടുത്തത്? ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മറുപടിയാണ് ലഭിച്ചത്. അവർ പറഞ്ഞത്: ‘ഞങ്ങൾ അമേരിക്കയിൽ കാറിൽ യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോൾ , ഞങ്ങളുടെ കാറിന്റെ പിറകിലെ സീറ്റിൽ വി.മദർ തെരേസ ഇരിക്കുന്നത് ഞങ്ങൾ കണ്ടു. ഞങ്ങളോട് കൃത്യമായി സംസാരിക്കുകയും നിർദ്ദേശങ്ങൾ തരികയും ചെയ്തു. കോവിഡ് സമയത്ത് ദൈവം അവരിലൂടെയാണ് താങ്ങിയത്. ഇന്നും അവർ സഹായിച്ചുകൊണ്ടിരിക്കുന്നു. . ഇതു പോലെ എത്രയോ കരങ്ങൾ വഴിയാണ് ദൈവം ഇന്നും ഇടപെടുന്നത്. ഇന്നും മദർ തെരേസ വഴി ധാരാളം അത്ഭുതങ്ങൾ ദൈവം ചെയ്യുന്നുണ്ട്. മദർ ഞങ്ങളുടെ കൂടെ ജീവിച്ചിരിക്കുന്ന ഒരവസ്ഥയാണ് ഇപ്പോഴും ഞങ്ങൾക്ക്. കൃത്യമായി രേഖകൾ ഉള്ള വ്യക്തികളിൽ നിന്നു മാത്രമാണ് ഞങ്ങൾ സംഭാവനകൾ കൈപ്പറ്റുക. ഇന്ത്യയിലാണെങ്കിൽ ആധാർ കാർഡ് ഉള്ള വ്യക്തികളിൽ നിന്ന് മാത്രമേ സംഭാവനകൾ സ്വീകരിക്കൂ. ആരു സംഭാവന തന്നാലും ഞങ്ങളുടെ മഠത്തിന്റെ നിയമാവലി അനുസരിച്ചു മാത്രമേ ഞങ്ങൾ പ്രവർത്തിക്കൂ . എന്തെല്ലാം ശുശ്രൂഷകളാണ് സമൂഹത്തിനു വേണ്ടി സാധാരണ ചെയ്യുന്നത്? അതുര ശുശ്രൂഷ ജെയിൽ സന്ദർശനം ഭവന സന്ദർശനം തുടങ്ങിയവ. ഞങ്ങൾ പല രാജ്യങ്ങളിലായി അയ്യായിരത്തോളം അംഗങ്ങൾ ഉണ്ട്. ഇന്ത്യയിൽ തന്നെ 13 റീജിയൺ ആയി തിരിച്ചിട്ടുണ്ട്. പുതിയ തലമുറക്ക് എന്ത് സന്ദേശമാണ് സിസ്റ്റർക്ക് നൽകാനുള്ളത് ? ദൈവവിളി കുറഞ്ഞൊരു കാലഘട്ടത്തിലൂടെയാണ് ഇന്ന് നാം കടന്നു പോകുന്നത്. നന്നായി പ്രാർത്ഥിക്കുക. ദൈവം നിങ്ങളോട് വ്യക്തിപരമായി സംസാരിക്കുന്ന അവസ്ഥയിലേക്കുയരുക. ഈശോയെ ഒരു കൂട്ടുകാരനാക്കുക. ബാക്കിയെല്ലാം അവൻ നിയന്ത്രിച്ചു കൊള്ളും. സിസ്റ്റർ തിരിച്ച് പോയി ഇനി പത്തു വർഷത്തിനു ശേഷമല്ലേ സാധാരണ ഗതിയിൽ വീട്ടുകാരേയും നാടും കാണുക. മനസ്സിൽ പ്രയാസം തോന്നാറുണ്ടോ? മാനുഷികമായി പ്രയാസമുണ്ട്. പക്ഷേ അതിലും വലിയ കാര്യങ്ങളല്ലേ ദൈവം ഏല്പിച്ചിരിക്കുന്നത്. എന്റെ അപ്പച്ചനും അമ്മയും സഹോദരിയും എനിക്ക് ആത്മീയ പോഷണം നൽകിയ എന്റെ ഇടവകയും എനിക്കു വേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കുന്നുണ്ട് എന്ന് ഉറപ്പുണ്ട്. ഞങ്ങൾ രണ്ടു പെൺ മക്കളാണ് ഇപ്പോഴുള്ളത്. ആകെയുണ്ടായിരുന്ന അനുജനെ ഒരു അപകടത്തിലൂടെ കർത്താവ് തിരികെ വിളിച്ചു. അവൻ സ്വർഗ്ഗത്തിലിരുന്ന് എനിക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് എന്ന് എനിക്കുറപ്പുണ്ട്. അനുജത്തിയുടെ ഭർത്താവിനേയും ഏതാനും നാൾ മുമ്പ് ഈശോ തിരികെ വിളിച്ചു. എന്റെ അനുജത്തിയുടെ കൈകളിൽ വൃദ്ധ മാതാപിതാക്കളെ വിട്ടു കൊടുത്ത് ഞാൻ ഈശോ ഏല്പിച്ച ദൗത്യത്തിനായി പോകുന്നു. എല്ലാം ദൈവത്തിന്റെ കരങ്ങളിൽ ഭദ്രമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.
27th of January 2024
""