പ്രതിഫലം ഇഛിക്കാത്തവർ (Give without Expect Anything)

Image

ഞാൻ വീടിന്റെ മുന്നിൽ നില്ക്കുമ്പോഴാണ് ഒരു വാഹനം ഇടിക്കുന്ന ശബ്ദവും ഒരു പട്ടിയുടെ കരച്ചിലും കേട്ടത്. ഇറങ്ങി ചെന്നപ്പോഴത്തെ കാഴ്ച്ച മനസിനെ സങ്കടപ്പെടുത്തുന്നതായിരുന്നു. നല്ല ഒരു കരുത്തനായ പട്ടി ഏതോ വാഹനമിടിച്ച് നടു റോഡിൽ ചോരയിൽ കിടന്നു പിടയുന്നുണ്ട്. വാഹനം നിറുത്താതെ പോയി. വളരേ വാഹന തിരക്കുള്ള റോഡാണ്. രക്തത്തിൽ പിടയുന്ന പട്ടിയെ ഉടൻ റോഡിൽ നിന്ന് വലിച്ചു മാറ്റിയില്ലെങ്കിൽ മറ്റേതെങ്കിലും വാഹനം കയറുകയോ, ഇരു ചക്ര വാഹനങ്ങൾ വീഴുകയോ ചെയ്യും.ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ചു നില്ക്കുമ്പോൾ ഒരു ക്ഷീണിച്ച പെൺപട്ടി ഈ വാഹനമിടിച്ചിട്ടുള്ള പട്ടിയുടെ കരച്ചിൽ കേട്ടു ഓടി വന്നു. എവിടെയോ പ്രസവിച്ചു കിടക്കുന്ന തള്ളപട്ടിയാണെന്ന് തോന്നുന്നു. ഒന്നു നില്ക്കുവാൻ പോലും കെല്പില്ലാത്ത രൂപം. ആ തള്ളപ്പട്ടിപട്ടി ഒന്നും നോക്കാതെ ഒരു പ്രത്യേക സ്വരമെടുത്ത് പിടയുന്ന ആ കരുത്തനായ പട്ടിയുടെ കഴുത്തിനു കടിച്ചു പിടിച്ച് പൊക്കിയെടുത്ത് പല തവണ കുടഞ്ഞു. എവിടെ നിന്നാണ് ആ തള്ളപട്ടിക്ക് ഇത്ര കരുത്തു കിട്ടിയതെന്നറിയില്ല. ആരാണ് ഈ പട്ടിക്ക് ഫസ്റ്റ് ഐഡ് ടെയിനിങ് പഠിപ്പിച്ചു കൊടുത്തതെന്നറിയില്ല. ഈ കാഴ്ച്ച കണ്ട് അതു വഴി വന്ന വാഹനങ്ങൾ റോഡിൽ നിന്നു. ഈ കുഴുത്തു പിടിച്ചുള്ള കുടച്ചിൽ ചികിത്സ കഴിഞ്ഞപ്പോൾ ചോരയിൽ പിടഞ്ഞിരുന്ന കരുത്തുള്ള പട്ടി എഴുന്നേറ്റ് ഓടിപ്പോയി. തള്ളപ്പട്ടി ഒന്നും സംഭവിക്കാത്തതു പോലെ എതിർ വശത്തേക്കും ഓടിപ്പോയി.ആ തള്ള പട്ടി അത്യാഹിത ചികിത്സ, പിടയുന്ന പട്ടിക്ക് കൊടുമ്പോൾ ആ രംഗം മൊബൈൽ ഫോണിൽ പകർത്തുവാനുള്ള തിരക്കിലായിരുന്നു അവിടെ കൂടിയവർ. ജീവൻ കിട്ടി ഓടിപ്പോയ പട്ടിയിൽ നിന്ന് ഒരു നന്ദിയുടെ നോട്ടം പോലും പ്രതീക്ഷിക്കാതെ ഓടിപ്പോകുവാൻ ആ തള്ളപ്പട്ടിക്ക് കഴിഞ്ഞു. നമുക്കാണെങ്കിൽ അതിനു സാധിക്കുമോ ?

എന്നെ ഒത്തിരി ചിന്തിപ്പിച്ച ഒരു രംഗമായിരുന്നു ഇത്. ഇത്രയും നാൾ പ്രാർത്ഥിച്ചിട്ടും വചനം വായിച്ചിട്ടും എന്നേക്കാൾ എത്ര ഉയരത്തിൽ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും ഈ പട്ടിക്കു കഴിഞ്ഞു.

ഇന്ന് ആവശ്യമുള്ള കാര്യങ്ങൾക്ക് പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്ന് നാം തിരിച്ചറിയണം. എന്നാൽ അനാവശ്യ കാര്യങ്ങൾക്ക് അന്തി ചർച്ചകളിലൂടെ ധാരാളം പ്രതികരിക്കുന്ന ഒരു സമൂഹവുമാണ്. നല്ല കാര്യങ്ങൾ ഒത്തിരി ചെയ്യുവാൻ നമ്മുടെ മുമ്പിലുണ്ട്. പക്ഷേ പലപ്പോഴും സമൂഹത്തിന്റെ അംഗീകാരത്തിനുള്ള ദാഹം എന്നിൽ ഉയർന്നു വരുന്നു.

വി.മദർ തെരേസായുടെ മഠത്തിൽ ഉള്ള ഒരു സിസ്റ്ററുമായി അഭിമുഖം നടത്തുവാൻ ഒരവസരം ദൈവം ഒരുക്കിത്തന്നു. ആ സിസ്റ്റർ പറഞ്ഞത് : ഞങ്ങൾ ആരോരും തിരിഞ്ഞു നോക്കാനില്ലാത്ത മനുഷ്യരെയാണ് സംരക്ഷിക്കുന്നത് - ഒരു പ്രതിഫലവും സ്വീകരിക്കാതെ . അധികം പേരും മാനസിക രോഗികളാണ് ഞങ്ങളുടെ കൂടെയുള്ളത്. അവർ എവിടെ നിന്നാണ് എന്നതു പോലും പറയുവാനറിയാത്തവരാണ് ഭൂരിപക്ഷവും. അവർ കുറേ നാളത്തെ ചികിത്സക്കു ശേഷം ഓർമ്മശക്തി വീണ്ടെടുത്താൽ എവിടെ നിന്നാണ് വന്നതെന്ന് ചിലപ്പോൾ പറയും. പലപ്പോഴും ഞങ്ങൾ അവരുടെ ഭവനങ്ങളുമായി ബന്ധപ്പെട്ടാലും ബന്ധുക്കൾ അവരെ സ്വീകരിക്കുവാൻ വരാറില്ല. ഞങ്ങൾ തന്നെ അവരെ വീണ്ടും സംരക്ഷിക്കും. ഒരിക്കലും ഒരു നന്ദി വാക്കുപോലും പറയാതെ ചികിത്സക്കു ശേഷം പോകുന്നവരുണ്ട്. പക്ഷേ മദർ തെരേസ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത് - മനുഷ്യരിൽ നിന്ന് നന്ദിയോ പ്രശംസയോ ആഗ്രഹിക്കരുത്. നമ്മുടെ മുമ്പിൽ രോഗിയായി വന്നത് ഈശോയാണ് മനുഷ്യനല്ല. അതുകൊണ്ട് ഞങ്ങൾക്ക് യാതൊരു മന:പ്രയാസവുമല്ല. സന്തോഷമേയുള്ളൂ - കാരണം ഈശോയെ ശുശ്രൂഷിക്കുവാൻ ലഭിച്ച ഭാഗ്യാവസരമായി ഞങ്ങൾ അതിനെ കാണുന്നു.

നാമെല്ലാം ഉയരേണ്ട ഒരു അവസ്ഥയാണിത്. അത്ര എളുപ്പമല്ല. പക്ഷേ ദൈവവചനം നമ്മെ ഓർമ്മിപ്പിക്കുന്നു :

എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്‌ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്‌ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെയടുത്തു വന്നു. അപ്പോള്‍ നീതിമാന്‍മാര്‍ ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട്‌ ഞങ്ങള്‍ ആഹാരം നല്‍കിയതും ദാഹിക്കുന്നവനായി കണ്ട്‌ കുടിക്കാന്‍ നല്‍കിയതും എപ്പോള്‍? നിന്നെ പരദേശിയായി കണ്ട്‌ സ്വീകരിച്ചതും നഗ്‌നനായിക്കണ്ട്‌ ഉടുപ്പിച്ചതും എപ്പോള്‍? നിന്നെ ഞങ്ങള്‍ രോഗാവസ്‌ഥയിലോ കാരാഗൃഹത്തിലോകണ്ടു സന്‌ദര്‍ശിച്ചത്‌ എപ്പോള്‍? രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌. മത്തായി 25 : 35-40

പ്രളയ കാലത്ത് നമ്മൾ കണ്ടിരുന്നു - മത്സ്യത്തൊഴിലാളികൾ സ്വ ജീവൻ പണയം വെച്ച് ഒരു പ്രതിഫലവുമില്ലാതെ കേരളത്തെ രക്ഷിച്ചത്. ആരുടേയും നന്ദി സ്വീകരിക്കുവാൻ അവർ നിന്നില്ല. കോവിഡു കാലത്ത് നിരവധി വ്യക്തികൾ ജീവൻ പണയം വെച്ച് രോഗികളേയും നാടിനേയും ശുശ്രൂഷിച്ചത് നമ്മുടെ ഓർമ്മയിലുണ്ട്.

നമുക്ക് ഈ അവസ്ഥയിലേക്കുയരാൻ പ്രാർത്ഥിക്കാം. മനുഷ്യരുടെ അംഗീകാരം ദൈവത്തോടടുക്കുന്നതിന് തടസ്സമാകാതിരിക്കട്ടെ. മനുഷ്യരെല്ലാം അംഗീകരിച്ചാലും ദൈവം നമ്മുടെ ശുശ്രൂഷകളെ അംഗീകരിക്കുന്നില്ലെങ്കിൽ ഒരു പ്രയോജനവും ഇല്ലല്ലോ. മനുഷ്യരുടെ അംഗീകാരം നമുക്ക് ലഭിക്കുന്ന ഒരു ആത്മ സംതൃപ്തി മാത്രമാണ്. ദൈവത്തിന്റെ അംഗീകാരമാണ് നമുക്ക് ലഭിക്കേണ്ടത്.

നമുക്ക് പ്രാർത്ഥിക്കാം : ഈശോയേ , മറ്റുള്ളവരുടെ അംഗീകാരത്തിനു വേണ്ടിയുള്ള ദാഹം ഞങ്ങളിൽ നിന്ന് എടുത്തു മാറ്റി അങ്ങയുടെ അംഗീകാരത്തിനായി ദാഹിക്കുവാനുള്ള കൃപ നൽകേണമേ ആമേൻ

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

1st of February 2024

""

image

5th of April 2024

""

image

23rd of May 2024

""

image

19th of August 2024

""

image

6th of September 2024

""

Write a Review