ഒമാനിലെ ഞങ്ങളുടെ കമ്പനി ഓഫീസിൽ നല്ല തിരക്കുള്ള ഒരു മീറ്റിംഗിലായിരുന്നു ഞാൻ. സാധാരണ ആ സമയത്ത് ആരു മൊബൈൽ ഫോണ്‍ വിളിച്ചാലും ഞാൻ എടുക്കാറില്ല. എന്നാൽ ഒരു വിളി തുടരെ വരുവാൻ തുടങ്ങി. നോക്കിയപ്പോൾ അൽ ഐൻ നഴ്സസ് മിനിസ്ട്രിയിലെ ഒരു സഹോദരിയാണ്. സാധാരണ വിളിക്കാത്ത വ്യക്തിയാണ്. തിരിച്ചു വിളിച്ചപ്പോൾ അവർ പറഞ്ഞു: ഞാൻ അത്യന്തം രോഗ ബാധിതയായ ഒരു ആൺ കുഞ്ഞിന്റെ കൂടെ അമ്പുലൻസിൽ ദുബായ് എയർപോർട്ടിലേക്ക് പോകുകയാണ്. വിദ്ഗ്ദ്ധ ചികിത്സക്കായി മറ്റേതോ വിദേശ രാജ്യത്തേക്ക് ഈ കുട്ടിയെ കൊണ്ടു പോകാനുള്ള ഒരുക്കങ്ങളെല്ലാം ചെയ്തിട്ടുണ്ട്. വിമാനത്തിനടുത്തു വരെ ഈ ആമ്പുലസ് എത്തും. കാഴ്ച്ചയിൽ ഒരു മാലാഖാ പോലുള്ള കുഞ്ഞ് . അബോധാവസ്ഥയിലാണ്.ക്രിസ്റ്റ്യനല്ല. ഞാൻ എന്താണ് ചെയ്യേണ്ടത് ? എനിക്കാണെങ്കിൽ പ്രാർത്ഥിക്കുവാനും കഴിയുന്നില്ല.ആമ്പുലൻസിൽ കുഞ്ഞിന്റെ കൂടെ ഞാൻ മാത്രമേ ഉള്ളൂ. ഞാൻ ആകെ ഒരു വിഷമ സന്ധിയിലായി. അല്പ സമയം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു: കുഞ്ഞിന്റെ ചെവിയിൽ ഈശോ ഈശോ എന്ന് പറഞ്ഞു കൊണ്ടിരിക്കുക. ഈശോ എന്ന നാമത്തിനേക്കാളും ശക്തമായ ഒരു നാമം വേറെ ഇല്ലല്ലോ. കുഞ്ഞ് മരിച്ചാലും അവന്റെ അവസാന നിമിഷങ്ങൾ ഈശോയെന്ന മാധുര്യമേറുന്ന നാമം അവൻ കേൾക്കട്ടെ. അതോടെ ആ സഹോദരി ശാന്തമായി. പിന്നീട് ആ സഹോദരിയെ ദേവാലയത്തിൽ കണ്ടപ്പോൾ അവർ പറഞ്ഞു: വിമാനത്തിലും കുഞ്ഞ് മരിച്ചിട്ടില്ല എന്നറിഞ്ഞു. പക്ഷേ എനിക്ക് വലിയ സൗഖ്യം കിട്ടി. പ്രത്യേക ഒരു ശക്തികൊണ്ട് ഞാൻ നിറയുന്ന ഒരനുഭവമുണ്ടായി. ആ ശക്തി ദിവസങ്ങളോളം നീണ്ടു നിന്നു. യേശു എന്ന നാമം ഉച്ചരിക്കുമ്പോൾ പോലും ഇത്രയും ശക്തിയുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇന്നും ക്രൈസ്തവൻ തിരിച്ചറിയാതെ കിടക്കുന്ന ഒരു ഊർജ്ജ സ്രോതസ്സാണ് യേശു നാമം . ആ നാമം ഉച്ചരിക്കുമ്പോൾ പോലും ശക്തി നമ്മിൽ നിറയും. അത്ഭുതങ്ങളും മാനസാന്തരങ്ങളും സംഭവിക്കും! ആ നാമത്തിനു അത്ഭുത ശക്തിയുണ്ട്. പിശാചുക്കൾ പോലും ഭയപ്പെട്ട് ഓടുന്ന ആ നാമത്തിനു മുമ്പിൽ നമിക്കാത്തത് നമ്മുടെ അജ്ഞത കൊണ്ടു മാത്രമാണ് എന്ന് നാം തിരിച്ചറിയുക. ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണമാവുകയും ചെയ്യും. (യോഹന്നാന്‍ 16 : 24 ) സത്യമല്ലേ ഈ വചനം. സത്യത്തിൽ യേശുവിന്റെ നാമത്തിൽ നമ്മൾ ഇതു വരെ എന്തെങ്കിലും ചോദിച്ചിട്ടുണ്ടോ? ഭൂരിപക്ഷം പേരും ചോദിച്ചിട്ടില്ല എന്നു തന്നെയാണ് ഉത്തരം. കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കുന്നവര്‍ രക്‌ഷപ്രാപിക്കും. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 21 ) പത്രോസ് പറഞ്ഞു: വെള്ളിയോ സ്വര്‍ണമോ എന്റെ കൈയിലില്ല. എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്‌തുവിന്റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക. പത്രോസ് വലത്തുകൈയ്‌ക്കു പിടിച്ച് അവനെ എഴുന്നേല്‍പിച്ചു. ഉടന്‍തന്നെ അവന്റെ പാദങ്ങളും കണങ്കാലുകളും ബലംപ്രാപിച്ചു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 3 : 6-7 ആഗ്രഹിച്ചിട്ടും പ്രാർത്ഥിക്കുവാൻ സാധിക്കാത്ത എത്രയോ സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാകാം. എന്നാൽ ഏറ്റവും ലളിതവും ശക്തവുമായ പ്രാർത്ഥനയാണ് യേശുനാമം ഉരുവിടുന്നത് എന്ന് നമുക്ക് തിരിച്ചറിയാം. ആർക്കു വേണ്ടിയാണോ നാം പ്രാർത്ഥിക്കുന്നത് ആ വ്യക്തിയുടെ സമ്മതം ചോദിക്കേണ്ടതില്ലല്ലോ. പുതു വർഷത്തിന്റെ പൊട്ടി വിടരലിനു നാം കാത്തിരിക്കുകയാണല്ലോ? പുതു വർഷം എന്നും പുതിയ തീരുമാനങ്ങൾ എടുക്കേണ്ട സമയമാണ്. ഈ വർഷം യേശു നാമം ഉരുവിടുന്ന ഒരു സ്വഭാവം പരിശുദ്ധാത്മ ശാക്തിയിൽ നമുക്ക് രൂപപ്പെടുത്തിയെടുക്കാൻ ശ്രമിക്കാം. അവിടുത്തെ പരിശുദ്‌ധ ദാസ നായ യേശുവിന്റെ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്‌ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണധൈ ര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 30 ) ധാരാളം അത്ഭുതങ്ങൾ പിറക്കുന്ന വർഷമായി മാറട്ടെ വരുന്ന പുതു വർഷം. എല്ലാവർക്കു യേശുവിന്റെ അത്ഭുത നാമത്തിന്റെ ശക്തി വെളിപ്പെടുന്ന ഒരു പുതു വർഷാശംസകൾ നേരുന്നു.
2nd of January 2024
""