വീണ്ടും ഒരു ക്രിസ്തുമസ് കാലം വരവായി. നവംബറിന്റെ ആലസ്യത്തിൽ നിന്ന് ലോകം ഉണ്ണിയേശുവിന്റെ വരവിനായി ഒരുങ്ങി തുടങ്ങി. പ്രകൃതി പോലും കിസ്തുമസ് ആനന്ദത്തിലേക്ക് മാറിത്തുടങ്ങിതായി നമുക്ക് കാണാം. ഒരു ക്രിസ്തുമസ്സ് ഓർമ്മ പങ്കു വെക്കുവാണിവിടെ. ദുബായിലുള്ള ഞങ്ങളുടെ കമ്പനിയിൽ എല്ലാ വർഷവും ക്രിസ്തുമസ് ആഘോഷമുണ്ട്. വലിയൊരു ഫ്രെഞ്ച് കമ്പനിയാണ്. നറുക്കിട്ട് ക്രിസ്തുമസ് കൂട്ടുകാരെ നമുക്ക് ലഭിക്കും. ആ വർഷം എനിക്ക് കിട്ടിയ കൂട്ടുകാരൻ മൈക്കിൾ ക്രിസ്ത്യാനി ആയിരുന്നില്ല ഒരു ഈജിപ്ഷ്യൻ ആയിരുന്നു. കമ്പനിയിലെ ആഘോഷങ്ങൾ തുടങ്ങുന്നതിനു മുമ്പ് അദ്ദേഹം എന്നെ കണ്ടപ്പോൾ ചോദിച്ചു - ഇക്കൊല്ലം താങ്കൾ എനിക്ക് എന്താണ് ക്രിസ്തുമസ് സമ്മാനമായി തരുന്നത് ? ഞാൻ പറഞ്ഞു “ ക്രിസ്തുമസിന് ഞാൻ ഒരു ഇംഗ്ലീഷ് ബൈബിൾ തന്നാൽ സന്തോഷമാകുമോ? അദ്ദേഹം പറഞ്ഞു തീർച്ചയായും - ഞാൻ ഇതുവരെ ബൈബിൾ വായിച്ചിട്ടില്ല. എന്റെ അമ്മ ബൈബിൾ വായിച്ചിരുന്നു. അമ്മയുടെ കൂട്ടുകാരെല്ലാം ക്രിസ്ത്യാനികളായിരുന്നു. അതുകൊണ്ടാണ് എനിക്ക് മൈക്കിൾ എന്ന പേരിട്ടത്. ക്രിസ്തുമസ് ആഘോഷങ്ങൾക്കായുള്ള സ്റ്റേജിൽ കാലത്തു തന്നെ എല്ലാവരും അവരവരുടെ സമ്മാനങ്ങൾ വെയ്ക്കണം. അവിടെ വെച്ചാണ് സമ്മാനങ്ങൾ പരസ്പരം കൈമാറുക. എന്റെ ഊഴമായപ്പോൾ എന്റെ കൂട്ടുകാരൻ സമ്മാനം വാങ്ങിക്കുവാൻ സ്റ്റേജിൽ വന്നു. നിർഭാഗ്യവശാൽ എന്റെ സമ്മാനം ആരോ എടുത്തുമാറ്റി പകരം ഒരു സമ്മാനപ്പൊതി വെച്ചിരിക്കുന്നു. ഞങ്ങൾ രണ്ടു പേർക്കും വലിയ വിഷമമായി. കയ്യിൽ കിട്ടിയ സമ്മാനം ഞാൻ അദ്ദേഹത്തിനു മനസ്സില്ലാ മനസ്സോടെ കൊടുത്തു. പിന്നീടാണ് ഞാൻ അറിഞ്ഞത് എന്റെ കൂടെ ജോലി ചെയ്യുന്ന ക്രിസത്യാനികളായ കൂട്ടുകാരാണ് ഈ പണി ചെയ്തതെന്ന്! അവർ എന്നെ രക്ഷപ്പെടുത്തിയതാണെന്ന്. ഗൾഫ് നാടല്ലേ ! ഉണ്ടായ കാര്യം അറിഞ്ഞപ്പോൾ അദ്ദേഹം തന്നെ അവരിൽ നിന്ന് ഞാൻ പൊതിഞ്ഞു വെച്ചിരുന്ന ബൈബിൾ വാശി പിടിച്ച് തിരിച്ചു വാങ്ങി - എന്റെ ക്യാബിനിലേക്ക് വന്ന് എന്നെ കാണിച്ചു. സന്തോഷം പങ്കുവെയ്ക്കുകയും ചെയ്തു. ക്രിസ്തുവിനെ കൊടുക്കുവാൻ കഴിയാത്ത ക്രിസ്തുമസ് ശരിക്കും ക്രിസ്തുമസ്സാണോ? എന്തു കൊണ്ടാണ് ക്രിസ്തുവിനെ കൊടുക്കുവാൻ ക്രിസ്ത്യാനി ധൈര്യം കാണിക്കാത്തത്? നമ്മൾ സന്ദർഭമനുസരിച്ച് മാറുന്നവരായോ ? ക്രിസ്തുവിനു പകരം വെയ്ക്കുവാൻ മറ്റെന്ത് സമ്മാനമാണ് ഉള്ളത് ? ക്രിസ്തുവിനു പകരം കൊടുക്കുവാൻ മറ്റൊന്നില്ല എന്ന തിരിച്ചറിവു നമുക്ക് ലഭിക്കണം. എവിടെ നോക്കിയായും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അശുപത്രികൾ തുടങ്ങിയവയെല്ലാം ഉന്നത നിലവാരം പുലർത്തുന്നവ ധാരാളം നമുക്കുണ്ട്. സ്ഥാപനങ്ങൾ തുടങ്ങുന്നതിന്റെ ലക്ഷ്യവും ഈശോയെ കൊടുക്കലാണ്. നമ്മുടെ സ്ഥാപനങ്ങളും കച്ചവടക്കണ്ണിലേക്ക് വഴിമാറിയിട്ടുണ്ടോ എന്ന് ഒന്ന് ആത്മ പരിശോധന ചെയ്യണം. ഈശോയെ നമുക്ക് എത്ര കൊടുക്കുവാൻ കഴിയുന്നുണ്ട് എന്ന് ഒന്ന് ചിന്തിക്കുന്നത് ഈ ക്രിസ്തുമസ്സിനെങ്കിലും നല്ലതാണ്. ക്രിസ്തുമസിന്റെ ആനന്ദം ഇന്ന് വെറും ഒരു സന്തോഷ ദിനം മാത്രമായി മങ്ങിപ്പോകുന്നുണ്ടോ ? ക്രിസ്തുമസ് ഇന്ന് ലോപിച്ച് ക്രിസ്മസ്സായി മാറി കൊണ്ടിരിക്കുന്നു. ഏതാനും നാളുകൾ മുമ്പു വരെ ക്രിസ്തുമസ് കാർഡുകളിൽ കൂടിയായിരുന്നു ക്രിസ്തുമസ് ആശംസകൾ കൈമാറിയിരുന്നത്. നാട്ടിൽ പുറത്തുള്ള ചെറിയ സ്റ്റേഷനറി കടകളിൽ പോലും ആശംസാ കാർഡുകൾ വാങ്ങുവാൻ തിരക്കുണ്ടായിരുന്നു. ഈ സമയത്താണ് പോസ്റ്റോഫീസുകളിലും പോസ്റ്റുമാനും ഏറ്റവും തിരക്കുള്ള കാലഘട്ടം. ഇന്ന് പട്ടണങ്ങളിൽ പോലും കാർഡുകൾ വാങ്ങുവാൻ തിരക്കില്ല. ഇന്നത് ഗൂഗിൾ കാർഡുകളും, ഓൺലൈൻ കാർഡുകളും വിപണി കയ്യടിക്കിയിരിക്കുകയാണല്ലോ. ലോകം എന്നും മാറ്റങ്ങൾക്കു വിധേയമാണ് എന്നു നമുക്കറിയാം. മാറ്റങ്ങൾ സത്യം മായിച്ചു കളഞ്ഞു കൊണ്ടാകാൻ പടില്ല എന്നു മാത്രം. ഈ ഓൺലൈൻ കാർഡുകൾ പരിശോധിച്ചാൽ ഒരു വലിയ സത്യം നമുക്ക് മനസ്സിലാകും : ഒന്നിലും ഉണ്ണിയേശുവിന്റെ ചിത്രമില്ല. പകരം കുടവയറും വെള്ളത്താടിയുമുള്ള സാന്താക്ലോസ് അരങ്ങു തകർക്കുകയാണ്.എങ്ങും പൈൻ മരങ്ങളും സാന്തോക്ലോസും ജിങ്കിൾ ബെൽ സംഗീതവുമായി മാറി.ആശംസാ കാർഡുകളിൽ നിന്നും പത്ര പരസ്യങ്ങളിലും ടി വി പരസ്യങ്ങളിലും സാക്ഷാൽ ഉണ്ണിയേശു പുറന്തള്ളപ്പെട്ടു.പിള്ളക്കച്ചയെന്നു പറഞ്ഞാൽ ഇന്ന് കുഞ്ഞുങ്ങൾക്ക് മനസ്സിലാകില്ല - കാരണം അവർ കാണുന്ന കുഞ്ഞുങ്ങളെല്ലാം സ്നഗ്ഗി (Diapers) ധരിച്ച കുഞ്ഞുങ്ങളാണ്. പശുവിനെ കാർട്ടൂണിൽ മാത്രം കണ്ടു പരിചയമുള്ള അവർക്കറിയാവുന്ന പുൽക്കൂട് റെഡിമെയ്ഡ് ക്രിബ് മാത്രമാണ്. യഥാർത്ഥ ക്രിസ്തുമസിന്റെ സന്തോഷം ഉണ്ണിയേശുവാണ്. അതാണ് ബൈബിൾ നമ്മോടു പറയുന്നത് - ഇതായിരിക്കും നിങ്ങൾക്കുള്ള അടയാളം : പിള്ളക്കച്ചകൾ കൊണ്ടു പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും . (ലൂക്കാ 2:12 ) . ആട്ടിടയർ ആ ഉണ്ണിയേശുവിനെ കണ്ടു. അവർ ആ കാഴ്ച്ചയെക്കുറിച്ച് മറ്റുള്ളവരെ അറിയിച്ചു.അവർക്ക് യഥാർത്ഥ ക്രിസ്തുമസ് സന്തോഷം ലഭിച്ചു. പൗരസ്ത്യ ദേശത്തെ ജ്ഞാനികൾ ദൂരങ്ങൾ താണ്ടി പുൽക്കുടിലിലെത്തി. യഥാർത്ഥ രക്ഷകനിലേക്ക് എത്തിച്ചേർന്നു. നക്ഷത്രം അവരെ കൃത്യ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിച്ചു. ഉണ്ണിയേശുവിനെ കണ്ട് ആരാധിച്ചു - കാഴ്ച്ചകൾ സമർപ്പിച്ചു. അവർക്കും കൃത്യമായ ക്രിസ്തുമസിന്റെ ആനന്ദം ലഭിച്ചു. യഥാർത്ഥ രക്ഷകനെ കണ്ടുമുട്ടിയപ്പോൾ വന്ന ദിശ മാറി അവർ മറ്റൊരു വഴിയിലൂടെ തിരിച്ചു പോയി. ഇതാണ് യഥാർത്ഥ ക്രിസ്തുമസ് . ഈ വഴിമാറ്റമാണ് ക്രിസ്തുമസ് തരുന്ന സന്ദേശവും . യഥാർത്ഥ ഉണ്ണിയേശുവിൽ നിന്ന് ലോകം കച്ചവട ക്രിസ്തുമസ്സിലേക്ക് മാറിക്കഴിഞ്ഞെന്ന് തിരിച്ചറിയുന്നതാണ് ക്രിസ്തുമസ്. ഇന്ന് കേക്കും വൈനുമെല്ലാം ക്രിസ്തുമസിന്റെ ഒഴിച്ചു കൂടാനാവത്ത ഭാഗമായി മാറി. ഏതാണ്ടെല്ലാം ക്രിസ്തുമസ്സ് ആഘോഷങ്ങൾ വീട്ടിൽ നിന്ന് ഹോട്ടൽ പാർട്ടികളിലേക്ക് മാറി. കെട്ടിടത്തിന്റെയത്ര വലുപ്പമുള്ള ക്രിസ്മസ് ട്രീ എവിടേയും അലങ്കാരമായി മാറി. ക്രിസ്മസ് പാർട്ടികളിലും ദേവാലത്തിലെ ക്രിസ്തുമസ് കാരളിലെല്ലാം കുടവയറും ചാടിയ സന്തോക്ലോസ് മാത്രം. പല രാജ്യങ്ങളുടെ സമ്പത്ഘടന പോലും ക്രിസ്മസ് കാലത്തെ കച്ചവടം ലക്ഷ്യം വെച്ചാണ് മുന്നോട്ടു പോകുന്നത്. കുറ്റപ്പെടുത്തുവാനല്ല ഇതെല്ലാം കുറിക്കുന്നത്. ഒരു തിരിച്ചു നടത്തം നമുക്കാവശ്യമാണ്. യഥാർത്ഥ ക്രിസ്തുമസ്സിനു മാത്രമേ യഥാർത്ഥ സന്തോഷം ലോകത്തിനു നൽകാനാകുകയുള്ളൂ. ക്രിസ്തുമസ് കാലം കഴിഞ്ഞാലും നമ്മിൽ യഥാർത്ഥ സന്തോഷം നിലനില്ക്കണമെങ്കിൽ ഈ തിരിച്ചറിവു നമുക്ക് ലഭിക്കണം. നോമ്പ് എടുക്കേണ്ടത് മത്സ്യത്തിനും മാംസത്തിനും മാത്രമല്ല - നിയന്ത്രണമില്ലാത്ത ചിന്തകൾക്കും കൂടിയാണ് എന്ന് തിരിച്ചറിയണം.മനസ്സുകൊണ്ടും ഹൃദയം കൊണ്ടും ക്രിസ്തുമസ്സിന് നാമോരുത്തരും ഒരുങ്ങണം. യഥാർത്ഥ സന്തോഷവും വിടുതലും നമുക്ക് തരുവാൻ വേണ്ടിയാണ് ഉണ്ണീശോ ഭൂമിയിലെ ഇല്ലായ്മയിലേക്ക് പിറക്കാൻ തിരുമനസ്സായത്. ഇല്ലായ്മകളിൽ സ്വർഗ്ഗീയ സ്വതന്ത്ര്യം തരുവാൻ കാലിത്തൊഴുത്തിനു പോലും കഴിയുമെന്നാണ് ഈശോ നമ്മെ പഠിപ്പിച്ചത്. സുഖ സൗകര്യങ്ങളോ ആഘോഷങ്ങളോ അല്ല നമ്മുടെ മനോഭാവങ്ങളാണ് തിരുത്തപ്പെടേണ്ടത്. ക്രിസ്തുവിനെ - മിസ്സ് (miss) ചെയ്യാത്ത ഒരു ക്രിസ്തുമസ്സാകട്ടെ ഇത്തവണ. എല്ലാവർക്കും ക്രിസ്തുമസ്സിന്റെ മഹത്തായ ആ സന്ദേശം ആശംസിക്കുന്നു. മാലാഖമാക്കൊപ്പം നമുക്കും പാടാം ‘അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം. ഭൂമിയിൽ ദൈവ കൃപ നിറഞ്ഞവർക്കു സമാധാനം’.
SHYNI JAISON
9th of December 2023
"Nice.... have to think about it.."