നവമ്പർ മാസ ചിന്തകളിൽ കൂടെ നാമിന്നു കടന്നു പോകുകയാണ്. സ്വർഗ്ഗവും നരകവും ഉള്ളതു പോലെ ഒരു ശുദ്ധീകരണ സ്ഥലവും(Purgatory) ഉണ്ട് എന്ന് സഭ നമ്മെ വ്യക്തമായി പഠിപ്പിക്കുന്നു. നവംബർ മാസം ശുദ്ധീകരണാത്മക്കൾക്കു വേണ്ടി കൂടുതൽ പ്രാർത്ഥിക്കുന്ന മാസമാണ് വര്‍ഷങ്ങള്‍ക്കു മുമ്പ്, നമുക്ക് മനോഹരമായ ഒരു പ്രകൃതി ദൃശ്യം കാണണമെങ്കില്‍ നാം മനോഹരമായ ഏതെങ്കിലും സ്ഥലങ്ങളിലേക്കു യാത്ര ചെയ്യണമായിരുന്നു. എന്നാല്‍ ഇന്ന് ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ ഞൊടിയിടയ്ക്കുള്ളില്‍ നമ്മുടെ കണ്‍മുന്നിലൂടെ മിന്നി മറയുന്നു. പണ്ടൊക്കെ, വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ടവരെ കാണണമെങ്കില്‍ ഒന്നുകില്‍ അവര്‍ അവധിക്ക് നാട്ടില്‍ വരണമായിരുന്നു. അതും അല്ലെങ്കില്‍ അവരുടെ ഫോട്ടോകള്‍ തപാല്‍ മാര്‍ഗ്ഗം നമ്മുടെ കൈകളില്‍ എത്തണമായിരുന്നു. എന്നാല്‍ ഇന്ന്, ഒന്നു "ക്ലിക്ക്" ചെയ്‌താല്‍ കണ്‍മുന്നിലെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അവര്‍ എത്തിക്കഴിയും. ഇങ്ങനെ നാം ആഗ്രഹിക്കുന്നതെന്തും നമ്മുടെ കണ്‍മുന്നില്‍ ഉടനടി എത്താന്‍ തുടങ്ങിയപ്പോള്‍ ആധുനിക യുഗത്തിലെ മനുഷ്യന്‍റെ വിശ്വാസത്തിനും ചില മാറ്റങ്ങള്‍ വന്നു തുടങ്ങി. പണ്ടൊക്കെ വിദേശത്തായിരുന്ന നമ്മുടെ ബന്ധുക്കളുടെ കത്തുകള്‍ രണ്ടുമാസം കൂടുമ്പോള്‍ ഒരിക്കലായിരിക്കും നമുക്ക് കിട്ടുന്നത്. ഈ കാലയളവില്‍ അവര്‍ സുഖമായി, സുരക്ഷിതരായി ഇരിക്കുന്നുണ്ടാവും എന്ന വിശ്വാസമായിരുന്നു നമുക്കുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഒരു ദിവസം ഫോണ്‍വിളി മുടങ്ങിയാല്‍, അല്ലെങ്കില്‍ skyp-ല്‍ അവർ എത്താന്‍ വൈകിയാല്‍ നമുക്ക് ടെന്‍ഷന്‍ കൂടുന്നു. നമ്മുടെ വിശ്വാസം നഷ്ടപ്പെടുന്നു. ഇങ്ങനെ എല്ലാം കണ്ടും കേട്ടും അനുഭവിച്ചും നാം വിശ്വസിക്കാന്‍ തുടങ്ങിയപ്പോള്‍ ആത്മീയ കാര്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തിനും മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. ഇന്ന് നമുക്ക് പലതും കണ്ടെങ്കില്‍ മാത്രമേ വിശ്വസിക്കാന്‍ സാധിക്കൂ. നമ്മുടെ പൂര്‍വ്വികര്‍ പണ്ടൊക്കെ, ശുദ്ധീകരണ സ്ഥലത്തെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വളരെ തീക്ഷ്ണത കാണിച്ചിരുന്നു. അതിനുള്ള ഒരു തെളിവാണ് പണ്ടു കാലങ്ങളിലെ നമ്മുടെ കുടുംബ പ്രാര്‍ത്ഥനയിലെ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാനാവാത്തതുമായ ഒന്നായിരുന്നു "മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന". പണ്ടൊക്കെ മിക്ക കുടുംബങ്ങളിലും ദാരിദ്ര്യമായിരുന്നു. ഒരുപാടു മക്കളും, സങ്കടങ്ങളും രോഗങ്ങളും നിറഞ്ഞു നിന്നിരുന്ന കുടുംബാന്തരീക്ഷത്തില്‍ നിന്നും ഉയരുന്ന മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന നമ്മുടെ പൂർവ്വികർക്ക് ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് ഉറച്ച ബോധ്യങ്ങൾ ഉണ്ടായിരുന്നു എന്നതിന് തെളിവാണ്. ഇന്നു നമ്മുടെ കുടുംബങ്ങളില്‍ നിന്നും ദാരിദ്ര്യത്തോടൊപ്പം 'മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയുള്ള ഈ പ്രാര്‍ത്ഥനയും' മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്നു ശുദ്ധീകരണ സ്ഥലത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പല ബുദ്ധിജീവികളുടെയും നാവില്‍ നിന്നു വരുന്നതും Social media കളില്‍ നിറഞ്ഞു നില്‍ക്കുന്നതുമായ comment ആണ് "ജീവിച്ചിരിക്കുമ്പോള്‍ നന്മ ചെയ്യാതെ മരിച്ചു കഴിഞ്ഞിട്ട് കുറച്ചു പ്രാര്‍ത്ഥിച്ചിട്ടൊന്നും കാര്യമൊന്നുമില്ല." മറ്റൊരു കൂട്ടര്‍ പറയുന്ന comment ഇപ്രകാരമാണ് "ശുദ്ധീകരണ സ്ഥലം ഉണ്ടെന്ന്‍ പറയുന്നതിന് വല്ല തെളിവുമുണ്ടോ? ആരെങ്കിലും അവിടെ നിന്ന് വന്നു പറഞ്ഞിട്ടുണ്ടോ ശുദ്ധീകരണ സ്ഥലത്ത് അവര്‍ വേദന അനുഭവിക്കുകയാണ്എന്ന് ?" ഇതുപോലൊരു ആവശ്യം ബൈബിളില്‍, പുതിയ നിയമത്തില്‍ ഒരു വ്യക്തി ഉന്നയിക്കുന്നുണ്ട്. ധനവാന്‍റെയും ലാസറിന്‍റെയും ഉപമയില്‍. ധനവാന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍, അബ്രാഹത്തിന്‍റെ മടിയില്‍ ലാസറിനെ കണ്ടപ്പോള്‍ ധനവാന്‍ അബ്രാഹത്തോട് ഇപ്രകാരമാണ് ആവശ്യപ്പെട്ടത്. "പിതാവേ, അങ്ങനെയെങ്കില്‍ ലാസറിനെ എന്‍റെ പിതൃ ഭവനത്തിലേക്ക് അയയ്ക്കണമേ എന്നു ഞാന്‍ അപേക്ഷിക്കുന്നു. എനിക്ക് അഞ്ചു സഹോദരന്‍മാരുണ്ട്. അവരും പീഡകളുടെ ഈ സ്ഥലത്ത് വരാതിരിക്കേണ്ടതിന് അവന്‍ അവര്‍ക്ക് സാക്ഷ്യം നല്‍കട്ടെ. അബ്രാഹം പറഞ്ഞു: അവര്‍ക്ക് മോശയും പ്രവാചകന്‍മാരും ഉണ്ടല്ലോ. അവരുടെ വാക്ക് കേള്‍ക്കട്ടെ. ധനവാന്‍ പറഞ്ഞു. പിതാവായ അബ്രാഹമേ, അങ്ങനെയല്ല മരിച്ചവരില്‍ ഒരുവന്‍ ചെന്നു പറഞ്ഞാല്‍ അവര്‍ അനുതപിക്കും. അബ്രഹാം അവനോടു പറഞ്ഞു: മോശയും പ്രവാചകന്‍മാരും പറയുന്നത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍ നിന്നും ഒരുവന്‍ ഉയിര്‍ത്താലും അവര്‍ക്ക് ബോധ്യമാവുകയില്ല" (ലൂക്കാ 16:27-31). ഈ വചനഭാഗം ഒരുപാടു സത്യങ്ങള്‍ ലോകത്തോട് സംസാരിക്കുന്നു. ഒന്ന്‍: മരണാനന്തര ജീവിതം എന്നത് ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം അവ്യക്തമാണ്. കാരണം അത് പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ ഒരു മനുഷ്യന്‍റെ മരണശേഷം മാത്രമേ സാധിക്കൂ. രണ്ട്: പീഡകളുടെ സ്ഥലമായ നരകത്തിലേക്ക് ഒരു ആത്മാവ് നിപതിക്കാതിരിക്കണമെങ്കില്‍ ജീവിച്ചിരിക്കുന്നവര്‍ മോശയുടെയും പ്രവാചകന്‍മാരുടെയും വാക്കുകള്‍ കേട്ട് അതനുസരിച്ച് ജീവിക്കണം. ഇവിടെ ഈശോ മരണാനന്തര ജീവിതത്തെക്കുറിച്ച് വിശുദ്ധ ലിഖിതങ്ങള്‍ വായിക്കട്ടെ എന്നല്ല പറയുന്നത്. പിന്നെയോ മോശയുടെയും പ്രവാചകന്‍മാരുടെയും വാക്ക് കേള്‍ക്കുവാനാണ്. ഇതിനര്‍ത്ഥം വിശുദ്ധ ലിഖിതങ്ങളില്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് പറഞ്ഞിട്ടില്ലാത്തതു കൊണ്ടല്ല പിന്നെയോ ദൈവത്തിന്‍റെ വചനങ്ങളും വെളിപ്പെടുത്തലുകളും കാലഘട്ടത്തിന്‍റെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ മനുഷ്യന്‍റെ ഭാഷയില്‍ ലോകത്തോട് സംസാരിച്ചവരാണ് പ്രവാചകന്‍മാര്‍. ദൈവത്തിന്‍റെ കല്‍പനകള്‍ മനുഷ്യന്‍റെ ഭാഷയില്‍ അവരെ അറിയിച്ചവനാണ് മോശ. ഇന്ന് നമ്മുടെ ജീവിതത്തില്‍ സഭയുടെ പ്രബോധനങ്ങളാണ് ഈ ദൗത്യം നിര്‍വഹിക്കുന്നത്. ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള സൂചനകള്‍ ബൈബിളില്‍ നമുക്കു കാണുവാന്‍ സാധിക്കും. എന്നാല്‍ ഇതിനെ വ്യക്തമായി വ്യാഖ്യാനിക്കാനുള്ള അധികാരം സഭയ്ക്കാണ് ഉള്ളത്. കാരണം "വിശ്വാസം അവതരിപ്പിക്കാനും പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ അതു വ്യാഖ്യാനിക്കാനും അബദ്ധമാക്കലില്‍ നിന്ന്‍ അതിനെ രക്ഷിക്കാനും കത്തോലിക്കാ സഭയ്ക്കുള്ള ശാസനാധികാരത്തിന്‍റെ പേരാണ് പ്രബോധനാധികാരം." ഈ പ്രബോധനാധികാരം ഉപയോഗിച്ച് എന്താണ് ശുദ്ധീകരണ സ്ഥലം എന്ന്‍ സഭ വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ബൈബിളും ശുദ്ധീകരണസ്ഥലവും പലപ്പോഴും ഒരു സ്ഥലമായി സങ്കല്‍പ്പിക്കപ്പെടുന്ന ശുദ്ധീകരണസ്ഥലം ഒരു സ്ഥലമല്ല, അത് ഒരു അവസ്ഥയാണ് എന്ന്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍ പരിപൂര്‍ണ്ണ വിശുദ്ധിയിലല്ല മരിക്കുന്നതെങ്കില്‍ അവന്‍റെ ആത്മാവിന് പരിപൂര്‍ണ്ണ ശുദ്ധി വരുത്തുന്നതിനു വേണ്ടി ആ ആത്മാവ് കടന്നുപോകേണ്ട ഒരു അവസ്ഥയാണ് ശുദ്ധീകരണസ്ഥലം. ശുദ്ധീകരണാത്മക്കൾക്കു വേണ്ടി പ്രാർത്ഥിച്ചാൽ എന്താണ് നേട്ടം? സ്വർഗത്തിലിരിക്കുന്ന വിശുദ്ധർ ദൈവസന്നിധിയിലായതിനാൽ നാം അവർക്കു നമ്മുടെ പ്രാർത്ഥന ആവശ്യമില്ലല്ലോ? നരകത്തിലായിരിക്കുന്നവർക്കാണെങ്കിൽ നമ്മുടെ പ്രാർത്ഥന കൊണ്ട് പ്രയോജനവുമല്ല. എന്നാൽ ശുദ്ധീകരണ സ്ഥലത്തായിരിക്കുന്നവർക്കാകട്ടെ നമ്മുടെ പ്രാർത്ഥന മാത്രമാണ് അവരുടെ സ്വർഗപ്രാപ്തിക്ക് ഏക ആശ്രയം. നമ്മുടെ പ്രാർത്ഥന വഴി അവർ സ്വർഗ്ഗത്തിലെത്തിയാൽ അവർ നമ്മോടു കടപ്പെട്ടിരിക്കും. സ്വർഗ്ഗത്തിൽ അവർ നമ്മുടെ മദ്ധ്യസ്ഥരായിരിക്കും. അധികം മധ്യസ്ഥരേ നമുക്ക് സ്വർഗ്ഗത്തിൽ വേണോ എങ്കിൽ കൂടുതൽ ശുദ്ധീകരണാത്മക്കൾക്കു വേണ്ടി പ്രാർത്ഥിക്കാമെന്ന് ഇന്ന് തീരുമാനമെടുക്കാം.
18th of November 2023
""