ഇത്തവണ ഞങ്ങളുടെ വീട്ടിൽ ധാരാളം കോവയ്ക്ക ഉണ്ടായി. പുതിയ ഇനത്തിൽ പെട്ട ചെടിയായതിനാൽ നല്ല വലിയ കായ്കളാണ് ആ ചെടിയിൽ ഉണ്ടാവുക. ആഴ്ച്ചയിലൊ രിക്കൽ ഒരു ചെറിയ കുട്ട നിറയെ ലഭിക്കും. നിറയെ ഇലകളുള്ളതിനാൽ കായ്കൾ തിരിച്ചറിയുവാൻ പ്രയാസമായിരിക്കും. മൂത്തു കഴിഞ്ഞാൽ കറി വെയ്ക്കുവാൻ നല്ലതല്ല.എന്നാൽ ഇത്തവണ വളരേ സൂക്ഷ്മതയോടു കൂടിയാണ് ഞാൻ കായ്കൾ പറിച്ചത്. ഇനി ഒരു കായ് പോലും ചെടിയിൽ ഇല്ല എന്ന് ഉറപ്പു വരുത്തി.ഞാൻ ഭാര്യയോടു ഇക്കാര്യം പറയുകയും ചെയ്തു. അടുത്ത ദിവസം ഭാര്യ എന്നോടു പറഞ്ഞു ചെടിയുടെ താഴെ തന്നെ ഒന്നു രണ്ട് കായ്കൾ നില്ക്കുന്നത് കണ്ടു എന്ന് . എനിക്കും അതിശയമായി ഇത്രയും സൂക്ഷ്മമായി പറിച്ചിട്ടും ഇനിയും കായ്കളോ ? വീണ്ടും കായ്കൾ ഉണ്ടോ എന്ന് നോക്കിയപ്പോൾ അവിടവിടെ ഏതാനും കായ്കൾ കൂടി കണ്ടു. അവ പറിച്ചപ്പോൾ ഞങ്ങൾക്കും അയൽപക്കത്തെ വീട്ടിലേക്കും കൊടുക്കുവാനുള്ള അത്രയും ഉണ്ടായിരുന്നു ! അന്ന് രാത്രി ഞാൻ പ്രാർത്ഥിക്കുവാൻ ഇരുന്നപ്പോൾ ഈശോ ഏതാനും ചിന്തകൾ നൽകി അനുഗ്രഹിച്ചു. അത് എന്റെ കുമ്പസാരത്തെക്കുറിച്ച് തന്നെ ആയിരുന്നു. ഞാൻ മുടക്കമില്ലാതെ കുമ്പസാരിക്കുന്ന വ്യക്തിയാണ്. ഈശോ എന്നോടു പറഞ്ഞു "നിന്റെ കുമ്പസാരവും ഏതാണ്ട് ഇതു പോലെയാണ്. നീ നൂറു ശതമാനം ഉറപ്പു വരുത്തിയിട്ടാണല്ലോ കോവൽ ചെടിയിൽ നിന്ന് പോന്നത്. പക്ഷേ ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ രണ്ടു വീട്ടുകാർക്ക് കറി വെയ്ക്കാനുള്ള കോവക്ക കിട്ടിയില്ലേ ? ഇതു പോലെ ശരിയായ ആത്മശോധന ചെയ്താൽ നീ ഇനിയും കുമ്പസാരത്തിൽ ഏറ്റുപറയാത്ത ധാരാളം പാപങ്ങൾ നിനക്കു വെളിപ്പെടുത്തി കിട്ടും !". ഞാൻ അത്ഭുതത്തോടെ ഈശോക്ക് നന്ദി പറഞ്ഞു. ബൈബിൾ തുറന്നു . ലഭിച്ച ഭാഗം എനിക്കൊന്നും ആദ്യം മനസ്സിലായില്ല. ഉൽപത്തി 3:8 - 12. ആദവും ഹവ്വയും പരസ്പരം പഴി ചാരുന്ന സന്ദർഭം.ഏതാനും സമയം ധ്യാനിച്ചപ്പോൾ ഈശോ അത് വെളിപ്പെടുത്തി തന്നു. ഞാൻ ധ്യാനകേന്ദ്രത്തിലിരുന്ന് ഒരു ധ്യാന പ്രസംഗം കേൾക്കുകയായിരുന്നു. അതിനിടയയിൽ ഞാനൊന്നു മയങ്ങിപ്പോയി. അല്പ സമയം കഴിഞ്ഞപ്പോൾ ഉണർന്നു. എനിക്ക് വലിയ മന:പ്രയാസം തോന്നി -ഇത്രയും നല്ലൊരു പ്രസംഗത്തിനിടയിൽ ഉറങ്ങിപ്പോയതിന്. എന്നാൽ അല്പ സമയത്തിനുശേഷം ഞാൻ ഉറങ്ങുന്നതു അടുത്തുള്ളവർ കണ്ടോ എന്നറിയുവാൻ ചുറ്റും നോക്കിയപ്പോൾ അവരെല്ലാവരും കൂർക്കം വലി ച്ച് ഉറങ്ങുന്നതാണ് കണ്ടത്. അതുവരെ ഉറങ്ങിയതിന്റെ മന:പ്രയാസം എന്നെ വിട്ടു പോയി ! ഞാൻ മനസ്സിൽ പറഞ്ഞു' ഞാനാണ് ഭേദം . ഞാൻ ഇപ്പോഴെങ്കിലും ഉണർന്നല്ലോ ? ' ഞാൻ നേരത്തെ ഉണർന്നതു കൊണ്ട് ഞാൻ മറ്റുള്ളവരേക്കാൾ ഭേദം എന്ന ചിന്തയാണ് എന്റെ പാപബോധം ഇല്ലാതാക്കിയത്. നമ്മുടെയൊക്കെ ജീവിതമാകുന്ന തുലാസ് , നാമൊരു പാപം ചെയ്യുമ്പോൾ ഭാരമുള്ള ഭാഗത്തേക്ക് ചെരിയുന്നു. ഇതാണ് പാപബോധം. എന്നാൽ ഉടനെത്തന്നെ മറ്റൊരു വ്യക്തി ചെയ്യുന്ന പാപത്തെ നാം മറ്റേ തട്ടിൽ വെയ്ക്കും. അപ്പോൾ നമ്മുടെ തുലാസിന്റെ ഭാഗം ഉയരും. എല്ലാവരും ചെയ്യുന്നതു തന്നെയല്ലേ ഞാനും ചെയ്തിട്ടുള്ളൂ എന്ന ചിന്ത കൊണ്ട് നമ്മളുടെ പാപത്തെ നമ്മൾ നിസ്സാരമാക്കും. അപ്പോൾ നമ്മളിലെ പാപബോധം നഷ്ടപ്പെടും. പിന്നെ കുമ്പസാരിക്കുവാൻ കാര്യമായ പാപമൊന്നും കാണില്ല. അത് പതിവു ക കുമ്പസാരത്തിൽ അവസാനിക്കും.പാപബോധമുണ്ടായാലല്ലേ അത് പശ്ചാത്താപത്തിലേക്ക് നയിക്കൂ. പശ്ചാത്താപമില്ലാത്ത കുമ്പസാരം കളളക്കുമ്പസാരമല്ലേ ? മറ്റുള്ളവരുടെ പാപം തുലാസിന്റെ മറ്റേ തട്ടിൽ കയറ്റി വെച്ച് തുലാസ് നേരെയാക്കിയതുകൊണ്ട് നമ്മുടെ പാപം ഇല്ലാതാകുന്നുണ്ടോ? ഇല്ല എന്ന് നമുക്കറിയാം. ആദം ചെയ്തതും ഹവ്വാ ചെയ്തതും തെറ്റാണ്. എന്നാൽ പാപബോധമില്ലാത്ത മറുപടിയാണ് രണ്ടു പേരും ദൈവത്തിനു കൊടുത്തത്. ആദം ഹവ്വായേയും ഹവ്വാ സർപ്പത്തേയും കുറ്റപ്പെടുത്തി നീതിമാന്മാരാകാൻ ശ്രമിച്ചു. അതിനു ശിക്ഷയും കൊടുക്കുന്നു. കർത്താവ് അവരെ ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കി; മണ്ണിൽ നിന്നെടുത്ത മനുഷ്യനെ മണ്ണിനോട് മല്ലിടാൻ വിട്ടു. (ഉൽപ 3: 23 ) . പരസ്പരം കുറ്റപ്പെടുത്തുന്നതിനു പകരം രണ്ടു പേരും കുറ്റം ഏറ്റിരുന്നെങ്കിൽ കഥ മാറുമായിരുന്നു. നമ്മുടെ തലയിൽ ധാരാളം മറ്റുള്ളവരുടെ കുറ്റങ്ങൾ അവസരത്തിനനുസരിച്ച് എടുത്ത് ഉപയോഗിക്കുവാൻ പാകത്തിൽ നിറച്ചു വെച്ചിട്ടുണ്ട്. അവ തിരിച്ചറിയാതെ , എടുത്തു മാറ്റാതെ നമ്മുടെ പാപങ്ങൾ നമുക്ക് തിരിച്ചറിയാനാകില്ല. നമ്മൾ എപ്പോഴും നീതിമാന്മാരായി നമുക്ക് തന്നെ തോന്നിക്കും - ദൈവത്തിനല്ല. ആ തോന്നൽ നമ്മെ നിത്യ നരഗാഗ്നിയിലേക്ക് നമ്മെ തള്ളി വിടും. നമുക്ക് പ്രാർത്ഥിക്കാം : ഞങ്ങളുടെ മനസ്സിൽ സൂക്ഷിച്ചിട്ടുള്ള മറ്റുള്ളവരുടെ കുറവുകൾ തിരിച്ചറിയുവാനും, ഞങ്ങളുടെ പാപങ്ങൾ തിരിച്ചറിഞ്ഞ് യഥാർത്ഥ പശ്ചാത്താപത്തോടെ കുമ്പസാരം നടത്തുവാനുള്ള കൃപ അങ്ങ് ഞങ്ങൾക്കു തരേണമേ .ആമേൻ
12th of October 2023
""