വി.ബർനാർഡ് (St.Bernard)

Image

വലിയ മരിയ ഭക്തനായ വിശുദ്ധ ബർണാഡിൻ്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവ കഥ വളരെ പ്രസിദ്ധമാണ്.ഒരു നാടോടി സർക്കസ് കുടുംബം ഒരു ആശ്രമത്തിൻ്റെ അധിപൻ ആയിരുന്ന ബർനാർഡിൻ്റെ അടുത്തുവന്ന് അവിടെ ഒഴിഞ്ഞ സ്ഥലത്ത് കുറച്ചു ദിവസം താമസിക്കട്ടെ എന്ന് ചോദിച്ചു.കാഴ്ചയിൽ വലിയ പ്രശ്നങ്ങളൊന്നും തോന്നാത്തതിനാൽ ബർണാഡ് അനുവാദം നൽകി.എന്നാൽ വൈകുന്നേരം ആയപ്പോൾ ആശ്രമത്തിലെ മറ്റ് സഹോദരങ്ങൾ വന്ന് ബർനാർഡിനോട് ഒരു കാര്യമുണർത്തിച്ചു.ഇപ്പോൾ വന്നു താമസിക്കുന്ന സർക്കസ് കൂട്ടം തീരെ ഭക്തിയില്ലാതെയാണ് മാതാവിൻ്റെ മുമ്പിൽ പെരുമാറുന്നത്.ഞാൻ അന്വേഷിച്ചു വേണ്ടതുപോലെ ചെയ്യാമെന്ന് അവർക്കു ഉറപ്പു നൽകി ബർനാർഡ് അവരെ പറഞ്ഞയച്ചു.അടുത്ത ദിവസം സന്ധ്യ സമയത്ത് ബർണാഡ് ഒളിച്ചു നിന്ന് ഇവർ ചെയ്യുന്നത് എന്തെന്ന് വീക്ഷിച്ചു.അപ്പോൾ കണ്ട കാഴ്ച: ആ സർക്കസ്സുകാരൻ മാതാവിൻ്റെ രൂപത്തിനു മുമ്പിൽ തലകുത്തി നിൽക്കുന്നതാണ് കണ്ടത്. അദ്ദേഹത്തോടൊപ്പം ഒരു കുഞ്ഞും തലകുത്തി നില്ക്കുന്നു ! . ബർനാർഡ് സൂക്ഷിച്ചു നോക്കിയപ്പോൾ രൂപത്തിൽ മാതാവിൻ്റെ കയ്യിലിരുന്നിരുന്ന ഉണ്ണിയെ കാണാനില്ല.അല്പം കഴിഞ്ഞപ്പോൾ മാതാവും അവിടെനിന്ന് ഇറങ്ങിവന്ന് കുഞ്ഞിൻ്റെ കളി കണ്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി.അപ്പോഴാണ് മനസ്സിലായത് തലകുത്തി മറിഞ്ഞു കളിക്കുന്ന ആ കുട്ടി ഉണ്ണിശോയാണ് . .ഉണ്ണീശോയുടെ കളി കണ്ടിട്ടാണ് അമ്മയായ മാതാവ് ഇറങ്ങിവന്ന് ചിരിക്കുന്നത്. ബർനാഡിന് തൻ്റെ കണ്ണുകളെ വിശ്വസിക്കാനായി കഴിഞ്ഞില്ല.കളി കഴിഞ്ഞപ്പോൾ മാതാവ് ഉണ്ണിയും പഴയ അവസ്ഥയിലായി. ബർണാഡ് ആ സർക്കസുകാരനെ വിളിച്ച് എന്താണ് ചെയ്തതെന്ന് ചോദിച്ചു.അദ്ദേഹം പറഞ്ഞു "എനിക്ക് പ്രാർത്ഥിക്കാനൊന്നും അറിയില്ല.എനിക്കറിയുന്ന കാര്യം സർക്കസ് കളിക്കുകയാണ്.അത് ഞാൻ ഭക്തിയോടെ മാതാവിൻ്റെയും ഉണ്ണിയുടെയും മുമ്പിൽ അവതരിപ്പിക്കുകയായിരുന്നു " .അപ്പോഴാണ് ബർനാർഡിനു മനസ്സിലായത് എളിമയോടെ ദൈവ സന്നിധിയിൽ എന്ത് ചെയ്താലും അത് പ്രാർത്ഥനയാകും എന്ന് . ആ സംഭവത്തോടു കൂടി അദ്ദേഹത്തിൻ്റെ മനോഭാവത്തിൽ വ്യത്യാസം വന്നു. അദ്ദേഹമൊരു മാതൃ ഭക്തനായി മാറി.

1090 ൽ ഫ്രാന്‍സിലെ ബര്‍ഗണ്ടിയില്‍ വളരെ സമ്പന്നമായ ഒരു കുടുംബത്തിലാണ് ബര്‍ണാഡ് ജനിച്ചത്. ഭക്തയായ അമ്മയുടെ ശിക്ഷണത്തില്‍ വളര്‍ന്ന ബര്‍ണാഡ് ഇരുപത്തിരണ്ടാമത്തെ വയസ്സില്‍, തൻ്റെ രാജകീയ സൗകര്യങ്ങളെല്ലാം ത്യജിച്ച് സന്ന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ചു. മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവ് ചെറുപ്പത്തിലേ ബര്‍ണാഡില്‍ വ്യക്തമായിരുന്നു. കാരണം, 1113-ല്‍ സിറ്റോക്‌സിലെ ചിസ്റ്റേഴ്‌സ്യന്‍ ആശ്രമത്തില്‍ ചേരാന്‍ വി. സ്റ്റീഫന്‍ ഹാര്‍ഡിങ്ങിൻ്റെ അൻ്റെനുവാദം തേടി പോയപ്പോള്‍, സമാന ചിന്താഗതിയുള്ള മുപ്പത് സുഹൃത്തുക്കളെയും വിഭാര്യനായ പിതാവിനെയും അമ്മാവനെയും നാലു സഹോദരന്മാരെയും കൂടെ കൂട്ടിയിരുന്നു. ആശ്രമത്തില്‍ ബര്‍ണാഡിൻ്റെ ആദ്ധ്യാത്മിക വളര്‍ച്ച പെട്ടെന്നായിരുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ പന്ത്രണ്ടു സന്യാസിമാരുള്‍പ്പെടുന്ന ഒരു ഗ്രൂപ്പിൻ്റെ നേതൃസ്ഥാനത്ത് അദ്ദേഹം അവരോധിക്കപ്പെട്ടു. 'പ്രകാശത്തിന്റെ താഴ്‌വര' എന്ന ഒരു പുതിയ ഫൗണ്ടേഷന് ക്ലെയര്‍വോക്‌സില്‍ അടിസ്ഥാനമിടുകയായിരുന്നു ആ ഗ്രൂപ്പിൻ്റെ ദൗത്യം. അന്നാട്ടില്‍ അതൊരു പുതിയ യുഗത്തിൻ്റെ ആരംഭമായിരുന്നു. ബര്‍ണാഡിൻ്റെ ജ്വലിക്കുന്ന വ്യക്തിപ്രഭാവത്തിൻ്റെ, ദൈവസ്‌നേഹവും വിനയവും വിശുദ്ധിയും ഒന്നുചേര്‍ന്ന അമാനുഷികമായ ഒരു വ്യക്തിത്വത്തിൻ്റെ സാന്നിദ്ധ്യം നാട്ടുകാര്‍ അനുഭവിച്ചു. അദ്ദേഹത്തിൻ്റെ ധീരതയും തീക്ഷ്ണതയും വിവിധ ജീവിതമേഖലകളിലുള്ള ധാരാളം ആളുകളെ ആകര്‍ഷിച്ചു. അക്കൂട്ടത്തില്‍, ഒരു രാജാവിൻ്റെ മകനും സന്ന്യാസജീവിതം തിരഞ്ഞെടുക്കാന്‍ സന്നദ്ധനായി. ക്ലെയര്‍വോക്‌സില്‍ ആബട്ടായി ജീവിച്ച 37 വര്‍ഷം കൊണ്ട് 136 പുതിയ ആശ്രമങ്ങൾ സ്ഥാപിച്ചു. ജര്‍മ്മനി, സ്വീഡന്‍, അയര്‍ലണ്ട്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ഇറ്റലി, സ്വിറ്റ്‌സര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബര്‍ണാഡിൻ്റെ സന്ന്യാസിമാര്‍ തങ്ങളുടെ സാന്നിദ്ധ്യം ലോകത്തെ അറിയിച്ചു. വി. ബനഡിക്ടിൻ്റെ കര്‍ശനമായ സന്ന്യാസ നിയമങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയ ബര്‍ണാഡ് ബനഡിക്‌ടൈന്‍ സഭയുടെ രണ്ടാമത്തെ സ്ഥാപകനെന്നുപോലും അറിയപ്പെട്ടു. ഏതായാലും ബര്‍ണാഡിൻ്റെ വ്യക്തിപ്രഭാവം എല്ലാ സന്ന്യാസസഭകള്‍ക്കും പുതുജീവൻ പ്രദാനം ചെയ്തു. ഏകാന്തമായ പ്രാര്‍ത്ഥനാജീവിതം ഇഷ്ടപ്പെട്ടിരുന്ന ബര്‍ണാഡ് , തൻ്റെ പാണ്ഡിത്യവും പ്രസംഗപാടവവും കൊണ്ട് ആ കാലഘട്ടത്തിലെ പ്രസിദ്ധമായ ഒരു വ്യക്തിത്വമായി തീർന്നു. തൻ്റെ ശിഷ്യനാ യിരുന്ന പോപ്പ് എവുജിന്‍ മൂന്നാമൻ്റെ അഭ്യര്‍ത്ഥനപ്രകാരം രചിച്ച "Book of Considerations" എന്ന പ്രാമാണിക ഗ്രന്ഥത്തില്‍ ഭൗതിക കാര്യങ്ങളെക്കാള്‍ വ്യക്തിജീവിതത്തിൻ്റെ വിശുദ്ധിയ്ക്കാണ് അദ്ദേഹം ഊന്നല്‍ നല്‍കിയിരിക്കുന്നത്.".

1144-ല്‍ എദേസ്സായുടെ പതനം ജറൂസലത്തിനും അന്ത്യോക്യായ്ക്കും ഭീഷണിയായി. ഈ സമയത്ത് രണ്ടാം കുരിശുയുദ്ധത്തിനു നേതൃത്വം നല്‍കാന്‍ ബര്‍ണാഡിനെയാണ് മാര്‍പാപ്പ ക്ഷണിച്ചത്. ശക്തമായ വാക്കുകള്‍കൊണ്ട് ഫ്രാന്‍സിനെയും ജര്‍മ്മനിയെയും അദ്ദേഹം കീഴടക്കി. ജര്‍മ്മന്‍ ചക്രവര്‍ത്തി കൊണ്‍റാഡ് മൂന്നാമനും അദ്ദേഹത്തിൻ്റെ ബന്ധു ബാര്‍ബറോസയുംവിശുദ്ധൻ്റെ പ്രഭാക്ഷണം കേട്ട് കണ്ണീര്‍ വാര്‍ത്തെന്നാണു ചരിത്രം. ഭൂഖണ്ഡം മുഴുവന്‍ ഉണര്‍ന്നു. സാധാരണ ജീവിതംപോലും നിശ്ചലമായി. അഥവാ, കുടുംബ ങ്ങളിലെ പുരുഷന്മാരെല്ലാം കുരിശെടുക്കുകയും സ്ത്രീകളെ ജീവിതഭാരം ഏല്പിക്കുകയും ചെയ്തു. അഗാധമായ പ്രാര്‍ത്ഥനയില്‍ മുഴുകി മണിക്കൂറുകള്‍ ചെലവഴിച്ചിരുന്ന ബര്‍ണാഡ്, രക്ഷാകരപദ്ധതിയില്‍ മാതാവിന്റെ പ്രാധാന്യം എടുത്തുകാട്ടുവാന്‍ ശ്രമിച്ചിരുന്നു. അസാധാരണ മാതൃഭക്തനായിരുന്ന അദ്ദേഹത്തിൻ്റെ സൃഷ്ടിയാണ് 'എത്രയും ദയയുള്ള മാതാവേ' എന്ന പ്രാര്‍ത്ഥന. ബര്‍ണാഡിൻ്റെ ദൈവശാസ്ത്രപഠനങ്ങളുടെയെല്ലാം രത്‌നച്ചുരുക്കം ഇതാണ്: ദൈവം സ്‌നേഹമാണ്; ആ സ്‌നേഹം നിമിത്തമാണ് മനുഷ്യനെ സൃഷ്ടിച്ചത്; അവനെ രക്ഷിച്ചതും ആ സ്‌നേഹം കൊണ്ടാണ്: അതിൻ്റെ ഏറ്റവും വലിയ തെളിവാണ് വചനം മാംസം ധരിച്ചതും അവിടത്തെ രക്ഷാകരപ്രവൃത്തിയും..

1153 ആഗസ്റ്റ് 20-ന് 62-ാമത്തെ വയസ്സില്‍ ബര്‍ണാഡിൻ്റെ ഈ ലോകജീവിതം അവസാനിച്ചു. പോപ്പ് അലക്‌സാണ്ടര്‍ III, 1174 ജനുവരി 18-ന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1830-ല്‍ പോപ്പ് പയസ് VIII ബര്‍ണാഡിനെ സഭയുടെ ഔദ്യോഗിക പാരംഗതനായി അംഗീകരിച്ചു. അദ്ദേഹത്തിന്റെ എണ്ണൂറാം ചരമദിനത്തില്‍ പോപ്പ് പയസ് XII പ്രസിദ്ധം ചെയ്ത "Mellifluous Doctor" എന്ന ചാക്രിക ലേഖനത്തില്‍ 'മധുരമായ വാക്കുകളുടെ അധിപന്‍' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പരിശുദ്ധ രാജ്ഞി എന്ന വിശ്വപ്രസിദ്ധമായ പ്രാർത്ഥനയിലെ അവസാനത്തെ വരി വി ബർനാർഡ് രചിച്ചതാണെന്നാണ് വിശ്വസിക്കുന്നത്. തിരുസഭയിലെ ഒരു വലിയ മരിയ ഭക്തൻ , വാഗ്മി, പണ്ഡിതൻ , മാർപാപ്പയുടെ ഉപദേഷ്ടാവ് , വേദപാരംഗതൻ എന്ന നിലയിലൊക്കെ വി. ബർനാർഡ് അറിയപ്പെടുന്നു..

തിരുനാൾ ആഗസ്റ്റ് ഇരുപതിനാണ് സഭ ആഘോഷിക്കുന്നത്..

വലിയ മരിയ ഭക്തനായ വി. ബർനാർഡേ പരി. അമ്മയോടുള്ള ഭക്തി ഞങ്ങളിൽ നിറക്കേണമേ. ആമേൻ

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

Write a Review