വി.യോവാക്കിമും വി.അന്നായും

Image

പേരക്കുഞ്ഞുങ്ങൾക്കെല്ലാം അമ്മയേക്കാളും അപ്പനേക്കാളും അടുപ്പം അമ്മാമമാരോടും അപ്പാന്മാരോടുമായിരിക്കും. കുഞ്ഞുങ്ങളുടെ കൂടെ കളിക്കുവാനും , ഭക്ഷണം കൊടുക്കുവാനും , കഥ പറഞ്ഞു കൊടുക്കുവാനും അമ്മാമയായിരിക്കും ശ്രദ്ധിക്കുക. കുറുമ്പുകാണിച്ചാൽ അമ്മമാരുടെ കയ്യിൽ നിന്ന് അടി കിട്ടാനുള്ള സാഹചര്യത്തിൽ മദ്ധ്യസ്ഥം വഹിക്കുക അമ്മാമയും അപ്പാപ്പനുമായിരിക്കും. ഇന്ന് നമ്മൾ കേൾക്കുവാൻ പോകുന്നത് ഈശോയുടെ അപ്പാപ്പനേയും അമ്മാമയെക്കുറിച്ചുമാണ്. ആ ഭാഗ്യം ലഭിച്ചവരാണ് വി. യോവാക്കിമും വി. അന്നായും.

ഏതാണ്ട് 170-ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച് അക്കാലത്തു ഏറെ ബഹുമാനിതനുമായ വ്യക്തിയായിരുന്നു ജൊവാക്കിം. അദ്ദേഹത്തിന്റെ പത്നിയായിരുന്നു ഹന്നാ. ഈ ദമ്പതികള്‍ക്ക്‌ വര്‍ഷങ്ങളായി കുട്ടികളൊന്നും ഇല്ലാതിരുന്നു. മക്കള്‍ ജനിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഒരു ശിക്ഷ എന്ന നിലയിലായിരുന്നു അവര്‍ ഇതിനെ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി മറിയം ജനിക്കുകയും, അവളുടെ ചെറുപ്പത്തില്‍ തന്നെ അവര്‍ അവളെ ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തു. ആ കുഞ്ഞാണ് ഈശോയുടെ അമ്മയായ മേരി. വിശുദ്ധരായ ജോവാക്കിമിന്റെയും, ഹന്നായുടേയും തിരുനാളുകള്‍ പണ്ട് മുതലേ നിലവിലുണ്ട്. മധ്യകാലഘട്ടത്തില്‍ വിശുദ്ധ ഹന്നായുടെ നാമധേയത്തില്‍ നിരവധി ദേവാലയങ്ങളും, ആശ്രമങ്ങളും സമര്‍പ്പിക്കപ്പെട്ടിരുന്നു. പണ്ട് മുതലേ ഈ ദമ്പതികളെ ക്രിസ്തീയ വിവാഹ ബന്ധത്തിന്റെ ഉത്തമ മാതൃകകളായിട്ട് പരിഗണിച്ചു വരുന്നു. ജെറുസലെമിലെ സുവര്‍ണ്ണ കവാടത്തില്‍ വെച്ചുള്ള അവരുടെ കണ്ടുമുട്ടല്‍ കലാകാരന്‍മാരുടെ ഇഷ്ടപ്പെട്ട വിഷയമായിരുന്നു.

യേശുവിന്റെ അമ്മാമയെന്ന നിലയില്‍ ഹന്നാ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുകയും, പലപ്പോഴും ചിത്രകലകളില്‍ യേശുവിന്റെയും മറിയത്തിന്റെയും ഒപ്പം ചിത്രീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഫ്രാന്‍സിലെ ബ്രിട്ടാണിയിലുള്ള സെന്റ്‌ ആന്നേ ഡി ഓരേ’യും, കാനഡായിലെ ക്യൂബെക്കിന് സമീപത്തുള്ള സെന്റ്‌ ആന്നേ ഡി ബീപ്രേയും ഈ വിശുദ്ധയുടെ പ്രസിദ്ധമായ ദേവാലയങ്ങളാണ്. പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളുടെ ജീവിതത്തെക്കുറിച്ച് നമുക്ക്‌ വളരെക്കുറച്ചു അറിവ്‌ മാത്രമേയുള്ളു. എന്നിരുന്നാലും പരിശുദ്ധ മറിയത്തേ പരിഗണിച്ചു നോക്കുമ്പോള്‍, മറിയത്തേ നമുക്ക്‌ സമ്മാനിച്ചുകൊണ്ട് രക്ഷാകര ദൗത്യത്തില്‍ ഒരു പ്രധാനപ്പെട്ട പങ്ക് വഹിച്ച ഇവര്‍ തീര്‍ച്ചയായും ഉന്നതമായ വ്യക്തിത്വങ്ങളാണെന്ന് ഉറപ്പിക്കാം. വിശുദ്ധ ഹന്നായുടെ നാമധേയത്തില്‍ ജെറുസലേമില്‍ ഒരു ദേവാലയം ഉണ്ട്. ഇത് വിശുദ്ധരായ ജോവാക്കിമിന്റെയും, ഹന്നായുടേയും ഭവനമിരുന്ന സ്ഥലത്ത് തന്നെയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദമ്പതിമാരുടെ ഭവനത്തില്‍ വെച്ചാണ് കന്യകാ മറിയം ദൈവമാതാവാകുവാനുള്ള ദൈവീക പരിശീലനം നേടിയത്‌. പരിശുദ്ധ മാതാവിനോടുള്ള ക്രൈസ്തവരുടെ സ്നേഹത്തിന്റെ ഒരു വിപുലീകരണമാണ് ഈ ദമ്പതിമാരോടുള്ള ഭക്തി.

നിസ്സാര കാരണങ്ങൾ മൂലം വിവാഹ ബന്ധങ്ങൾ തകർന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അനുകരിക്കേണ്ട വ്യക്തിത്വങ്ങളാണ് വി. അന്നായും യൊവാക്കിമും . ദീർഘനാൾ പ്രാർത്ഥിച്ചു കാത്തിരുന്നപ്പോൾ അവർക്ക് ദൈവമാതാവിന്റെ മാതാപിതാക്കളാകാനുള്ള ഭാഗ്യം ലഭിച്ചു.

വി. അന്നായെ അസാദ്ധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥയായാണ് സഭ വണങ്ങുന്നത് - സ്വന്തം അമ്മ പറഞ്ഞാൽ പരി. അമ്മക്കും പേരക്കുഞ്ഞായ ഈശോക്കും കേൾക്കാതിരിക്കുവാൻ കഴിയില്ലല്ലോ?

ജൂലൈ 26 നാണ് സഭ ഈ വിശുദ്ധരുടെ തിരുനാൾ ആഘോഷിക്കുന്നത്.

വി. യോവാക്കീമേ,വി. അന്നായേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

Shaly Rajesh

23rd of July 2023

""

Write a Review