പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ രാമകൃഷ്ണനെ പരിചയപ്പെടുന്നത്. കുന്നംകുളം മോഡൽ ബോയ്സ് സ്കൂളിലെ ഒരു ഡിവിഷനിൽ അന്ധരായ ഏതാനും കുട്ടികളും പഠിക്കുന്നുണ്ടായിരുന്നു. ആ നാളുകളിൽ ഈ പ്രദേശത്ത് അവിടെ മാത്രമേ അന്ധരും, ബധിരരുമായ കുട്ടികൾക്ക് സ്കൂളിൽ താമസിച്ചു പഠിക്കാനുള്ള സൗകരമുണ്ടായിരുന്നുള്ളൂ. രാമകൃഷ്ണൻ പഠിക്കുവാൻ മിടുക്കനായിരുന്നു. നന്നായി പാടാനുള്ള കഴിവും ഉണ്ടായിരുന്നു. ഞങ്ങളേക്കാൾ പ്രായമുണ്ടായിരുന്നതു കൊണ്ട് നല്ല പക്വതയും ഉണ്ടായിരുന്നു. അന്ധനാണെങ്കിലും എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. ആരോടും ഒരു വാക്കുപോലും മുറിപ്പെടുത്തി സംസാരിക്കാറില്ല.അന്ധനാണെന്ന് അറിയാതിരിക്കുവാൻ ഒരു കറുത്ത കണ്ണട ധരിച്ചിരുന്നു. ക്ലാസിൽ വളരേ ശ്രദ്ധയോടെയിരിക്കും. എന്നാൽ നോട്ടുകൾ എഴുതിയെടുക്കുവാൻ സാധിക്കില്ലല്ലോ. അതിനാൽ ഒഴിവു കിട്ടുമ്പോഴെല്ലാം ഞാൻ രാമകൃഷ്ണന്റെ അടുത്തിരുന്ന് എന്റെ നോട്ടുകൾ വായിച്ചു കേൾപ്പിക്കും. രാമകൃഷ്ണൻ അതെല്ലാം ബ്രെയ്ലി ലിപിയിൽ എഴുതിയെടുക്കും. ഞങ്ങളുടെ ക്ലാസ് ടീച്ചറും, മറ്റു അന്ധരായ കുട്ടികളെ സഹായിക്കുവാൻ ഞങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. ഞങ്ങൾ സിനിമക്ക് പോകുമ്പോൾപോലും ഇവരേയും കൊണ്ടുപോകും. അവർ അന്ധരാണ് എന്ന ഒരു തോന്നൽ പോലും ഞങ്ങൾ അവർക്ക് കൊടുത്തിരുന്നില്ല. സമയം നോക്കുവാൻ അവർ ഉപയോഗിച്ചിരുന്ന വാച്ചു പോലും പ്രത്യേകമായ തരത്തിലുള്ളതായിരുന്നു.ഒരു ബട്ടൻ അമർത്തുമ്പോൾ സൂചികൾ തപ്പി നോക്കി സമയം അറിയുവാൻ സാധിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു. പത്താം ക്ലാസു കഴിഞ്ഞു പിരിയുമ്പോൾ രാമകൃഷ്ണൻ എന്റെ ഓട്ടോഗ്രാഫിൽ ബ്രെയ്ലി ലിപിയിൽ എഴുതി - പ്രിയ കൂട്ടുകാരാ ജീവിതത്തിൽഎപ്പോഴെങ്കിലും എന്നെ എവിടെയെങ്കിലും വെച്ച് കണ്ടു മുട്ടിയാൽ ഇങ്ങോട്ടു വന്ന് എന്റെ കൈ പിടിക്കുമല്ലോ?- കാരണം എനിക്ക് നിന്നെ കാണുവാൻ കഴിയുകയില്ലല്ലോ! എനിക്കു കാഴ്ച്ച കിട്ടിയാൽ എനിക്കാദ്യം കാണേണ്ടത് നിന്നെയാണ് ! ദൈവാനുഗ്രഹത്താൽ രാമകൃഷ്ണന് SSLC പരീക്ഷയിൽ ഫസ്റ്റ് ക്ലാസ് കിട്ടി. എന്നേക്കാൾ മാർക്കും ഉണ്ടായിരുന്നു. നാട്ടിലേക്ക് തിരിച്ചു പോയ രാമകൃഷ്ണനെ പിന്നീടു് ഞാൻ ഇന്നുവരെ കണ്ടിട്ടില്ല-കുറേ നാൾ അന്വേഷിച്ചെങ്കിലും . കാഴ്ച്ച നഷ്ടപ്പെടുമ്പോഴാണ് നമുക്ക് നാം കണ്ടിരുന്ന ലോകം എത്ര സുന്ദരമാണെന്ന് മനസ്സിലാകുക. കേൾവി നഷ്ടപ്പെടുമ്പോഴാണ് നാം കേൾക്കുന്ന ശബ്ദങ്ങൾ എത്ര ഇമ്പമുള്ളതായിരുന്നു എന്നു മനസ്സിലാകുക. ഇന്ന് നമുക്ക് വചനം കേൾക്കുവാനുള്ള എന്തെല്ലാം ക്രമീകരണങ്ങൾ ലോകത്തിൽ ദൈവം ഒരുക്കി വെച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ നവീകരണത്തിൽ വന്നവർക്കു പോലും വചന ശ്രവണത്തിൽ ഒരു മന്ദത ബാധിച്ചിട്ടില്ലേ ? കോവിഡു കാലം വചനത്തിൽ വളരുവാൻ വേണ്ടിയല്ലേ ദൈവം നമ്മെ വീട്ടിലിരുത്തിയത്?നമ്മുടെ മനോഭാവത്തിൽ വ്യത്യാസം വരുത്തേണ്ട സമയമായിരിക്കുന്നു. നമ്മളിൽ പലരും കാഴ്ച്ചയുണ്ടായിട്ടും ഒന്നും കാണാൻ ഇഷ്ടപ്പെടാത്തവരാണ്. ഞാൻ മനുഷ്യരെ കാണുന്നുണ്ട്. അവർ മരങ്ങളെ പോലിരിക്കുന്നു. (മാർക്കോസ്: 8:24). സമൂഹത്തിന്റെ സങ്കടങ്ങൾ നമ്മെ വേദനിപ്പിക്കുന്നില്ലെങ്കിൽ നമ്മൾ ചിന്തിക്കേണ്ട സമയമായിരിക്കുന്നു. നിന്റെ പ്രവർത്തികൾ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കിൽ എന്നു ഞാനഗ്രഹിക്കുന്നു. ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാൽ നിന്നെ ഞാൻ എന്റെ വായിൽ നിന്ന് തുപ്പിക്കളയും ( വെളി 3:15, 16) . നമുക്കിങ്ങനെ പ്രാർത്ഥിക്കാം : പരിശുദ്ധാത്മാവേ അങ്ങയുടെ ശക്തന്മായ ഒഴുക്കും ഇടപെടലും ഞങ്ങളിലും സമൂഹത്തിലും എപ്പോഴും ഉണ്ടാകണേ! .
7th of July 2023
""