Article Details | Simple Voice of GOD

വിശുദ്ധ പാദ്രേ പിയോ

Image

തിരുനാൾ - സെപ്റ്റംബർ 23

​കത്തോലിക്കാ സഭയിലെ ഏറ്റവും ജനപ്രിയനായ വിശുദ്ധരിൽ ഒരാളാണ് ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങൾ (Stigmata) ശരീരത്തിൽ പേറിയ വിശുദ്ധ പാദ്രേ പിയോ.
ദൈവികസ്നേഹത്തിന്റെയും പ്രാർത്ഥനയുടെയും സഹനത്തിന്റെയും പ്രതീകമായ അവിടുത്തെ ജീവിതം ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇന്നും വലിയൊരു വിശ്വാസദീപമാണ്.

​1887 മെയ് 25-ന് ഇറ്റലിയിലെ പിയത്രെൽചിന (Pietrelcina) എന്ന ഗ്രാമത്തിലാണ് പാദ്രേ പിയോ ജനിച്ചത്. ഫ്രാൻസെസ്കോ ഫോർജിയോൺ (Francesco Forgione) എന്നായിരുന്നു അദ്ദേഹത്തിന്റെ മാമോദീസാ പേര്. ചെറുപ്പകാലം മുതലേ ആത്മീയ കാര്യങ്ങളിൽ അതീവ താല്പര്യം കാണിച്ചിരുന്ന ഫ്രാൻസെസ്കോ, തന്റെ അഞ്ചാമത്തെ വയസ്സിൽത്തന്നെ ദൈവത്തിന് പൂർണ്ണമായി ജീവതം സമർപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. ​1903-ൽ തന്റെ പതിനഞ്ചാം വയസ്സിൽ അദ്ദേഹം കപ്പുച്ചിൻ ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിൽ ചേരുകയും 'ഫ്രയർ പിയോ' എന്ന പേര് സ്വീകരിക്കുകയും ചെയ്തു. തുടർന്ന് 1910 ഓഗസ്റ്റ് 10-ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ച് പാദ്രേ പിയോ (Padre Pio) ആയി മാറി.

​1916-ൽ ഇറ്റലിയിലെ സാൻ ജിയോവാനി റൊട്ടോണ്ടോയിലുള്ള (San Giovanni Rotondo) കപ്പുച്ചിൻ ആശ്രമത്തിലേക്ക് അദ്ദേഹം അയക്കപ്പെട്ടു. തന്റെ ജീവിതത്തിന്റെ ശേഷിക്കുന്ന കാലമത്രയും അദ്ദേഹം ചെലവഴിച്ചത് ഈ കൊച്ചു ഗ്രാമത്തിലായിരുന്നു. ​1918 സെപ്റ്റംബർ 20-ന് കുരിശിന്റെ രൂപത്തിന് മുന്നിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ പാദ്രേ പിയോയുടെ കൈകളിലും കാലുകളിലും വിലാപ്പുറത്തും ഈശോയുടെ അഞ്ചു മുറിവുകൾ അഥവാ പഞ്ചക്ഷതങ്ങൾ അത്ഭുതകരമായി പ്രത്യക്ഷപ്പെട്ടു. ആധുനിക സഭാചരിത്രത്തിൽ പഞ്ചക്ഷതങ്ങൾ ലഭിച്ച ആദ്യത്തെ വൈദികനാണ് പാദ്രേ പിയോ. അടുത്ത 50 വർഷക്കാലം, അതായത് മരണം വരെ, അവിടുന്ന് ഈ മുറിവുകളും അതിൽനിന്നുള്ള കഠിനമായ വേദനയും പേറി ജീവിച്ചു.

​അത്ഭുതങ്ങളും ദവ്യദാനങ്ങളും ​പാദ്രേ പിയോയ്ക്ക് ദൈവം നിരവധി അത്ഭുതകരമായ വരദാനങ്ങൾ നൽകിയിരുന്നു. ഏതാനും താഴെ ചേർക്കുന്നു:

​1.ഹൃദയങ്ങൾ വായിക്കാനുള്ള കഴിവ്: കുമ്പസാരക്കൂട്ടിൽ എത്തുന്ന വ്യക്തികളുടെ മനസ്സും അവർ മറന്നുപോയ പാപങ്ങളും കൃത്യമായി ഓർമ്മിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

2.ഒരേ സമയം രണ്ടിടങ്ങളിൽ പ്രത്യക്ഷപ്പെടാനുള്ള അത്ഭുതകരമായ കഴിവ് (Bilocate) അദ്ദേഹത്തിനുണ്ടായിരുന്നു.

​3.സൗഖ്യദായകൻ: പദ്രേ പിയോയുടെപ്രാർത്ഥനയാൽ രോഗികളും പീഡിതരുമായ ആയിരക്കണക്കിന് ആളുകൾക്ക് അത്ഭുതകരമായ രോഗസൗഖ്യം ലഭിച്ചു.

​ദിവസവും 10 മുതൽ 12 മണിക്കൂർ വരെ അദ്ദേഹം കുമ്പസാരക്കൂട്ടിൽ ചെലവഴിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് അദ്ദേഹത്തിലൂടെ ദൈവകൃപ തേടി സാൻ ജിയോവാനിയിൽ എത്തിയത്. ​

​പ്രാർത്ഥനയിൽ മാത്രമല്ല, പ്രായോഗിക കാരുണ്യപ്രവർത്തനങ്ങളിലും പാദ്രേ പിയോ മുൻപന്തിയിലായിരുന്നു. രോഗികളുടെയും നിർധനരുടെയും കഷ്ടപ്പാടുകൾ അകറ്റാനായി 1956-ൽ അദ്ദേഹം 'കാസ സൊളിയേവോ ദെല്ലാ സൊഫ്രെൻസ' (Casa Sollievo della Sofferenza - House for the Relief of Suffering) എന്ന പേരിൽ വലിയൊരു ആശുപത്രി നിർമ്മിച്ചു. ഇന്ന് യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഗവേഷണ-ചികിത്സാ കേന്ദ്രങ്ങളിൽ ഒന്നാണിത്.

​1968 സെപ്റ്റംബർ 23-ന്, തന്റെ 81-ാം വയസ്സിൽ പാദ്രേ പിയോ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. മരണസമയത്ത് അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്ന പഞ്ചക്ഷതങ്ങൾ പൂർണ്ണമായും അപ്രത്യക്ഷമാവുകയും പാടുകൾ പോലും ശേഷിക്കാതെ ചർമ്മം സാധാരണനിലയിലാവുകയും ചെയ്തു.

​2002 ജൂൺ 16-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചതുരശ്രത്തിൽ വെച്ച് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പാദ്രേ പിയോയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

​"പ്രാർത്ഥിക്കുക, പ്രത്യാശിക്കുക, ആകുലപ്പെടാതിരിക്കുക." ​ഇതായിരുന്നു വിശുദ്ധ പാദ്രേ പിയോ ലോകത്തിന് നൽകിയ ഏറ്റവും വലിയ സന്ദേശം. കഷ്ടപ്പാടുകളെയും വേദനകളെയും പരാതിയില്ലാതെ ഈശോയോട് ചേർന്നുനിന്ന് സഹിക്കാനും, ജപമാല പ്രാർത്ഥനയിലൂടെ ദൈവത്തോട് ചേർന്നുനിൽക്കാനും അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു.

​സെപ്റ്റംബർ 23-നാണ് തിരുസഭ വിശുദ്ധ പാദ്രേ പിയോയുടെ തിരുനാൾ ആഘോഷിക്കുന്നത്.

​വിശുദ്ധ പാദ്രേ പിയോയേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ!

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

Write a Review