Article Details | Simple Voice of GOD

തോൽക്കുവാൻ മനസ്സുള്ളവൻ

Image

​വിജയികളെ മാത്രം ആഘോഷിക്കുന്ന ഒരിടമാണ് നമ്മുടെ ലോകം. ആധിപത്യം ഉറപ്പിക്കുന്നവനും വാദിച്ചു ജയിക്കുന്നവനും മുൻനിരയിൽ നിൽക്കുന്നവനുമാണ് ഇന്നത്തെ ഹീറോ. എന്നാൽ, രണ്ടായിരം വർഷങ്ങൾക്ക് മുൻപ് നസ്രത്തിലെ ഒരു കൊച്ചു മരപ്പണിശാലയിൽ, ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയൊരു 'തോൽവി' സംഭവിച്ചു. സ്വന്തം ഇഷ്ടങ്ങളും അവകാശങ്ങളും ദൈവഹിതത്തിന് മുന്നിൽ തോറ്റുകൊടുത്ത ഒരു മനുഷ്യൻ - വിശുദ്ധ യൗസേപ്പിതാവ്. മാർച്ച് മാസത്തിൽ എപ്പോഴും എവിടേയും തോറ്റ കൊടുത്തവൻ്റെ ഓർമയാണ് നാം പ്രത്യേകമായി വണങ്ങുന്നത്

​* സ്വന്തം നീതിയെ തോൽപ്പിച്ചവൻ

​പരിശുദ്ധ മറിയം ഗർഭിണിയാണെന്നറിഞ്ഞ നിമിഷം യൗസേപ്പിന്റെ ഉള്ളിലുണ്ടായ സംഘർഷം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. നിയമപരമായി അവളെ പരസ്യവിചാരണ ചെയ്യാൻ അദ്ദേഹത്തിന് അവകാശമുണ്ടായിരുന്നു. എന്നാൽ, അവിടെ യൗസേപ്പ് തന്റെ ഈ 'അവകാശത്തെ' തോൽപ്പിച്ചു. സ്വന്തം അഭിമാനത്തേക്കാൾ മറിയത്തിന്റെ സുരക്ഷിതത്വത്തിന് വില കൽപ്പിച്ചപ്പോൾ, ലോകത്തിന്റെ കണ്ണിൽ അയാൾ തോറ്റുപോയവനായിരിക്കാം. പക്ഷേ, ആ തോൽവിയിലൂടെയാണ് രക്ഷകൻ ലോകത്തിലേക്ക് വരാനുള്ള വഴി തെളിഞ്ഞത്.

​ * സ്വപ്നങ്ങളെ ബലികഴിച്ചവൻ

​മരിയ വാൾട്ത്തോർത്തയുടെ 'ദൈവമനുഷ്യന്റെ സ്നേഹഗീത'യിൽ നാം കാണുന്ന യൗസേപ്പ്, അതിമനോഹരമായ സ്വപ്നങ്ങളുള്ള ഒരു യുവാവായിരുന്നു. എന്നാൽ ദൈവദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് തന്റെ പദ്ധതികൾ വെളിപ്പെടുത്തിയപ്പോൾ, യൗസേപ്പ് തന്റെ വ്യക്തിപരമായ ആഗ്രഹങ്ങളെല്ലാം മടക്കിവെച്ചു.

​* നാടുവിടാൻ തയ്യാറായവൻ

സുരക്ഷിതമായ വീടും നാടും ഉപേക്ഷിച്ച് ഈജിപ്തിലേക്ക് പലായനം ചെയ്തപ്പോൾ അദ്ദേഹം തോറ്റുകൊടുത്തത് സ്വന്തം സുരക്ഷിതത്വത്തിനാണ്. ​അധ്വാനിക്കാൻ മടിക്കാത്തവൻ: ദൈവപുത്രന്റെ വളർത്തുപിതാവായിട്ടും ഒരു സാധാരണ മരപ്പണിക്കാരനായി ഒതുങ്ങിക്കൂടിയപ്പോൾ അദ്ദേഹം തോൽപ്പിച്ചത് സ്വന്തം അഹങ്കാരത്തെയാണ്.

​* നിശബ്ദതയുടെ വിജയം

​വിശുദ്ധ ഗ്രന്ഥത്തിൽ യൗസേപ്പിതാവ് സംസാരിക്കുന്ന ഒരു വരിപോലുമില്ല. വാദിച്ചു ജയിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. തന്റെ ഭാഗം ന്യായീകരിക്കാൻ അദ്ദേഹം വാക്കുകൾ തേടിയില്ല. നിശബ്ദതയിലൂടെ അദ്ദേഹം തന്റെ ജീവിതം ദൈവത്തിന് സമർപ്പിച്ചു. മറ്റുള്ളവർക്ക് വേണ്ടി സ്വയം ഇല്ലാതാകുന്നതാണ് സ്നേഹത്തിന്റെ പരമകാഷ്ഠ എന്ന് ആ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

​"യൗസേപ്പ് ഒരു വലിയ നിഴലായിരുന്നു; പിതാവായ ദൈവത്തിന്റെ ഭൂമിയിലെ നിഴൽ. നിഴലിന് സ്വന്തമായി ചലനങ്ങളില്ല, വെളിച്ചം എങ്ങോട്ട് നയിക്കുന്നുവോ അങ്ങോട്ട് അത് നീങ്ങുന്നു."

​* തോൽവിയിലെ ലാഭം

​ഇന്ന് കുടുംബങ്ങളിലും സമൂഹത്തിലും സമാധാനം നഷ്ടപ്പെടുന്നത് 'തോറ്റുകൊടുക്കാൻ' ആരും തയ്യാറാകാത്തതുകൊണ്ടാണ്. വാദിച്ചു ജയിക്കുമ്പോൾ പലപ്പോഴും നാം ബന്ധങ്ങളിൽ പരാജയപ്പെടുന്നു. എന്നാൽ യൗസേപ്പിതാവ് നമുക്ക് കാണിച്ചുതരുന്നത് മറ്റൊന്നാണ്: ദൈവത്തിന് വേണ്ടി തോറ്റുകൊടുക്കുന്നവർ നിത്യതയിൽ വിജയികളാണ്. ഈശോയുടെയും മറിയത്തിന്റെയും കരങ്ങളിൽ കിടന്ന് മരിക്കാൻ ഭാഗ്യം ലഭിച്ച യൗസേപ്പിനേക്കാൾ വലിയൊരു വിജയി വേറെയാരുണ്ട്? ​

​നമുക്കും പ്രാർത്ഥിക്കാം, തോൽക്കുവാൻ മനസ്സുള്ളവരാകാൻ. സ്വന്തം വാശികൾക്കും താൽപ്പര്യങ്ങൾക്കും മേൽ ദൈവഹിതം നടപ്പിലാക്കാൻ അനുവാദം നൽകിയ ആ നസ്രത്തിലെ മരപ്പണിക്കാരന്റെ പാത പിന്തുടരാം. കാരണം, ലോകത്തിന്റെ മുൻപിലെ തോൽവികൾ സ്വർഗ്ഗത്തിലെ വലിയ കിരീടങ്ങളാണ്.

വിശുദ്ധ യൗസേപ്പിതാവേ എവിടേയും ഒന്നാം സ്ഥാനത്തിനു വേണ്ടി മത്സരിച്ചോടുന്ന ഞങ്ങളുടെ ജീവിതത്തിൽ ദൈവഹിതം നിറവേറുവാൻ വേണ്ടി മറ്റുള്ളവരുടെ മുമ്പിൽ തോൽക്കുവാനുള്ള ആത്മീയ ശക്തി ഞങ്ങൾക്ക് വാങ്ങിത്തരേണമേ. ആമേൻ

(2026 - March ൽ ജീവജ്വാല മാസികയിൽ പ്രസിദ്ധീകരിച്ച ലേ ഖനം )

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

Pushpa

8th of March 2026

"യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ Realy heart touching"

Write a Review