ഞാൻ ഇരുപതു വർഷത്തോളം ഒമാനിലെ ബുറൈമിയിൽ ജോലി ചെയ്തിട്ടുണ്ട്. ഞങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴെയുള്ള റോഡിനു ഇരുവശത്തായി അറബിക്ക് ഷവർമ്മ വില്ക്കുന്ന ധാരാളം ചെറിയ ഹോട്ടലുകളുണ്ട്. മിക്കവാറും ഹോട്ടലിലെല്ലാം വടക്കൻ മലയാളികളായിരിക്കും ജോലിക്കാർ. ചുവന്ന് കത്തുന്ന ഗ്യാസ് ബർണറിന്റെ മുമ്പിൽ കമ്പിയിൽ കോർത്ത് തിരിയുന്ന ഷവർമ്മയും ഗ്രിൽഡ് ചിക്കനും ഗൾഫു ജീവിതത്തിന്റെ ഒരു ഭാഗമാണ്. ചുട്ടു പഴത്തു നില്ക്കുന്ന ബർണറും അതിൽ ഒട്ടും ചുടു കുറവില്ലാത്ത കാലവസ്ഥയും ഷവർമ്മയുടെ ഗന്ധവും കൂടിയാണ് അന്തരീക്ഷത്തിലെപ്പോഴും. സന്ധ്യാസമയമാകുമ്പോഴേക്കും റോഡെല്ലാം ആവശ്യക്കാരനെ കാത്തു നിലക്കുന്ന കടകൾ തുറന്നിരിക്കും. ഏതാണ്ട് ത്രികോണാകൃതിയാൽ പുറമെ വെന്തു നില്ക്കുന്ന ഷവർമ്മയിൽ നിന്ന് ചെരിച്ചു ചെത്തിയെടുഞ്ഞാണ് ഷവർമ്മ പൊതികൾ ഉണ്ടാക്കുക. ഞാൻ ഓഫീസ് ജോലി കഴിഞ്ഞ് നടക്കാനിറങ്ങുമ്പോഴേക്കും അറബികൾ ഷവർമ്മ കഴിക്കുവാൻ വന്നു തുടങ്ങും. നടത്തം അവസാനിപ്പിച്ചു വരുമ്പോഴേക്കും ഷവർമ്മയുടെ കോൺ ചെത്തിയെടുത്ത് ശോഷിച്ചിരിക്കും. വീണ്ടും ഒരു പതിനൊന്നു മണിയാകുമ്പേഴേക്കും കുത്തി നിറുത്തിയ കമ്പിയിൽ നിൽക്കാൻ പോലും ബലമില്ലാതെ ഷവർമകോൺ താഴെയുള്ള വലിയ പ്ലേറ്റിൽ വീണ് കിടക്കുന്നുണ്ടാകും. ഗന്ധം മാത്രം അവശേഷിപ്പിച്ചു കൊണ്ട് അതും അല്‌പസമയത്തിനുള്ളിൽ തീരും. എന്നും ഈ ഷവർമ്മ കോണുകൾ എന്നെ എന്നും ഗാഢമായി ചിന്തിപ്പിക്കാറുണ്ട്. ആ ഹോട്ടൽ ജോലിക്കാരുടെ ജീവിതം തന്നെയാണ് ഈ ഷവർമ്മയും. വീട്ടിലെ വലിയ പ്രാരാബ്ദങ്ങൾ ചുമലിലേറി നടുവൊടിഞ്ഞ ഏതാനും മനുഷ്യർ. ദുഃഖം പുറത്തു കാണിക്കാനാകാതെ വെള്ള ഡ്രസ്സും വെള്ള തൊപ്പിയും വെച്ച് ദുഃഖം മറച്ചുവെച്ച് ചിരി അഭിനയിച്ചു നില്ക്കുന്നവർ. നാട്ടിലെ ജീവിതങ്ങൾ പതുക്കെ പതുക്കെ പച്ചപിടിക്കുമ്പോൾ ചെത്തി ചെത്തി തീരുന്ന ഷവർമ്മ പോലെ ആരും ഇവരെ ഓർക്കാറില്ല. ഒരു പാട് കഷ്ടപ്പെട്ടു ഉണ്ടാക്കിയ ജീവിതങ്ങൾ പോലും മറന്നു പോകുന്ന പഴയ ഗൾഫു മലയാളി. സമൃദ്ധിയുടെ ലോകത്ത് ഇന്ന് ജീവിക്കുന്ന ഇവരുടെ മക്കൾക്ക് ഈ ജീവിതങ്ങൾ ഇന്ന് കേൾക്കുവാൻ പോലും താല്പര്യമില്ല. നമുക്കെങ്കിലും ഈ നാടിനെയും കുട:ബത്തെയും ഓർത്ത് സ്വന്തം ജീവിതം മറന്നു അധ്വാനിച്ച ഈ ഹത: ഭാഗ്യരെ ഓർക്കാം. ഇവരെ മാത്രമല്ല ഒരു സുഖ സൗകര്യങ്ങളുമില്ലൊതെ വർഷങ്ങളോളം നാടുകാണാൻ ആഗ്രഹമുണ്ടെങ്കിലും പരാധീനതകൾ അനുവദിക്കാത്തവരെയും, അവരെ കാത്തു കാത്തിരുന്ന അവരുടെ ഭാര്യമാരേയും മക്കളേയും മാതാപിതാക്കളേയും. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏
8th of July 2023
""