വിശുദ്ധ സിസിലി

Image

ദേവാലയ ശുശ്രൂഷകരുടെ മദ്ധ്യസ്ഥയായ വി.സിസിലിയുടെ തിരുനാൾ - നവംബർ 22.

പാടി ദൈവത്തെ സ്തുതിക്കുമ്പോൾ ഇരട്ടി പ്രാർത്ഥിക്കുന്നതിന്റെ ഫലം ലഭിക്കുമല്ലോ. ഇന്ന് നമ്മൾ പരിചയപ്പെടുവാൻ പോകുന്നത് - ദേവാലയ സംഗീത ശുശ്രൂഷകരുടെ മധ്യസ്ഥയായ വിശുദ്ധ സിസിലിയെയാണ്.

രണ്ടാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ റോമയിൽ ജനിച്ചു. അക്രൈസ്തവരായിരുന്നു അവളുടെ മാതാപിതാക്കൾ എങ്കിലും ക്രിസ്തുമത തത്വങ്ങൾ അഭ്യസിച്ചിരുന്നു. അവൾ ബാല്യത്തിൽ തന്നെ ജ്ഞാനസ്‌നാനം സ്വീകരിച്ചു. പുരാതന റോമിൽ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഒരു വിശുദ്ധയായിരുന്നു സിസിലി.വിശുദ്ധയുടെ രക്തസാക്ഷിത്വമല്ലാതെ ചരിത്രപരമായി അവകാശപ്പെടാവുന്ന മറ്റ് വിവരങ്ങളൊന്നും നമുക്ക് ലഭ്യമല്ല. പ്രാർത്ഥനാ പുസ്തകങ്ങളിലെ വിവരണമനുസരിച്ച് വിശുദ്ധ സിസിലി പ്രാർത്ഥനകളിലും ധ്യാനങ്ങളിലും മുഴുകിയ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. ചെറുപ്പത്തിൽ തന്നെ തന്റെ ദിവ്യമണവാളന് നിത്യകന്യാത്വം നേർന്നിരുന്ന വിശുദ്ധയെ വലേരിയൻ എന്ന കുലീനയുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. വിവാഹബന്ധത്തിൽ ഏർപ്പെടാതിരിക്കുവാൻ വിശുദ്ധ നടത്തിയ എല്ലാ ശ്രമങ്ങളും നിഷ്ഫലമാവുകയാണുണ്ടായത്. അതിനാൽ തന്റെ കന്യാത്വത്തെ സംരക്ഷിച്ചുകൊള്ളണമെന്ന് അവൾ ദൈവത്തോട് തീക്ഷ്ണമായി പ്രാർത്ഥിച്ചു. ഈ വിഷമഘട്ടത്തിൽ വിശുദ്ധയെ ആശ്വസിപ്പിക്കാനായി ദൈവം അവളുടെ കാവൽമാലാഖയുടെ സാന്നിദ്ധ്യം അവൾക്ക് അനുഭവവേദ്യമാക്കി.

സിസിലിയെ നിഷ്‌കളങ്കവും യഥാർത്ഥവുമായി സ്‌നേഹിച്ചിരുന്ന വലേറിയനോടു വിവാഹദിവസം തന്നെ അവൾ പറഞ്ഞു. “ക്രിസ്തുവിനെ അല്ലാതെ മറ്റാരെയും സ്വീകരിക്കുകയില്ലെന്ന് ഞാൻ ദൈവത്തോടു വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനാൽ എന്റെ കന്യാത്വത്തെ സംരക്ഷിക്കുന്നതിനായി ഒരു സ്വർഗ്ഗീയദൂതനെ കാവൽക്കാരനായി തന്നോടുകൂടെ സദാ നിറുത്തിയിട്ടുണ്ട്”. തനിക്ക് ആ മാലാഖയെ കാണിച്ചു തന്നാൽ താൻ ക്രിസ്തുവിൽ വിശ്വസിക്കാമെന്ന് വലേരിയൻ വാക്ക് കൊടുത്തു. എന്നാൽ മാമ്മോദീസ കൂടാതെ ഇത് സാധ്യമല്ലെന്ന് വിശുദ്ധ വലേരിയനെ ധരിപ്പിച്ച പ്രകാരം അദ്ദേഹം ഉർബൻ പാപ്പായാൽ ജ്ജ്ഞാനസ്നാനം സ്വീകരിച്ചു തിരിച്ചു വന്നപ്പോൾ സിസിലി തന്റെ ചെറിയ മുറിയിൽ പ്രാർത്ഥനയിൽ മുഴുകി ഇരിക്കുന്നതും അവളുടെ സമീപത്തായി ദൈവത്തിന്റെ മാലാഖ നിൽക്കുന്നതും വലേരിയൻ കണ്ടു.ഇത് കണ്ടമാത്രയിൽ തന്നെ വലേരിയൻ ഭയചകിതനായി. കന്യകാത്വത്തോടുള്ള സിസിലിയയുടെ ഇഷ്ടത്തിൽ പ്രീതിപൂണ്ട മാലാഖ അവർക്ക് മഞ്ഞുകണക്കെ വെളുത്തനിറമുള്ള ലില്ലിപുഷ്പങ്ങളും കടും ചുവന്ന നിറത്തിലുള റോസാ പുഷ്പങ്ങളും നിറഞ്ഞ ഒരു പൂക്കൂട സമ്മാനിച്ചു. ഒരിക്കലും വാടാത്ത ഈ പൂക്കൾ ചാരിത്രത്തെ ഇഷ്ടപ്പെടുന്നവർക്ക് മാത്രമേ ദർശിക്കുവാൻ കഴിഞ്ഞിരുന്നുള്ളൂ. ഇതിനുപുറമേ വലെരിയൻ തന്റെ സഹോദരനായ തിബർത്തിയൂസിന്റെ മതപരിവർത്ത‍നത്തിനു വേണ്ടിയും മാലാഖയോട് അപേക്ഷിച്ചു.

വിവാഹിതരായ ഈ ദമ്പതികളെ അനുമോദിക്കുന്നതിനായി വന്നപ്പോൾ മനോഹരമായ ഈ പൂക്കൾ കണ്ട തിബർത്തിയൂസ് ആശ്ചര്യപ്പെട്ടു. ഇവ എങ്ങിനെ ലഭിച്ചു എന്നറിഞ്ഞ തിബർത്തിയൂസ് മാമ്മോദീസ സ്വീകരിച്ചു. അതേ തുടർന്ന് വിശുദ്ധ സിസിലി തിബർത്തിയൂസിനോട് ഇപ്രകാരം പറഞ്ഞു " ഞാൻ നിന്നെ എന്റെ ഭർതൃസഹോദരനായി അംഗീകരിക്കുന്നു. കാരണം ദൈവത്തോടുള്ള നിന്റെ സ്നേഹം നിന്നെ വിഗ്രഹങ്ങൾ ഉപേക്ഷിക്കുന്നതിന് പ്രേരിപ്പിച്ചിരിക്കുന്നു. നിന്റെ സഹോദരനെ എന്റെ ഭർത്താവായി എനിക്ക് തന്ന ദൈവം നിന്നെ എന്റെ ഭർതൃസഹോദരനായും എനിക്ക് തന്നിരിക്കുന്നു.” ഇവരുടെ മതപരിവർത്തനത്തെ കുറിച്ചറിഞ്ഞ മുഖ്യനായ അൽമാച്ചിയൂസ് ഇവരെ തടവിലടക്കുന്നതിനായി തന്റെ ഉദ്യോഗസ്ഥനായ മാക്സിമസിനെ അയച്ചു. തങ്ങളുടെ വധശിക്ഷയുടെ തലേദിവസം രാത്രിയിൽ ഇവർ മാക്സിമസിനെ ഉപദേശിക്കുകയും അതിൻപ്രകാരം അദ്ദേഹവും അദ്ദേഹത്തിന്റെ മുഴുവൻ കുടുംബവും മാമോദീസ സ്വീകരിക്കുകയും ചെയ്തു.

ക്രൈസ്തവസഭ അതിക്രൂരമായി പീഡിപ്പിക്കെപ്പട്ടിരുന്ന കാലഘട്ടമായിരുന്നു അത്. അതിനാൽ അധികം താമസിക്കാതെ തന്നെ വലേറിയനെയും സഹോദരനെയും ക്രൈസ്തവ വിരോധികൾ ബന്ധിക്കുകയും ക്രൂരമായി വധിക്കുകയും ചെയ്തു. തന്റെയും അന്ത്യം അടുത്തിരിക്കുന്നുവെന്നു മനസിലാക്കിയ വിശുദ്ധ, സ്വത്തുക്കളെല്ലാം വിറ്റ് ദരിദ്രർക്ക് വിഭജിച്ചുകൊടുത്തശേഷം മരണത്തിനായി ഒരുങ്ങി. പ്രതീക്ഷിച്ചതുപോലെ വിശുദ്ധയും മതവൈരികളാൽ പിടിക്കപ്പെട്ടു. മതത്യാഗം ചെയ്യാൻ തയ്യാറാവാതിരുന്ന വിശുദ്ധയെ ശ്വാസംമുട്ടിച്ചു കൊല്ലുവാൻ ഉത്തരവായി. അതനുസരിച്ച് ചൂടുവെള്ളം നിറച്ച ഒരു മുറിയിലാക്കി വിശുദ്ധയെ അവർ പൂട്ടി. അടുത്ത ദിവസം മൃതദേഹം നീക്കുവാനായി മുറി തുറന്നപ്പോൾ സിസിലി പൂർണ്ണ ആരോഗ്യത്തോടെ ദൈവകീർത്തനങ്ങൾ ആലപിക്കുന്നതായാണ് കണ്ടത്. ഇതിൽ കോപിഷ്ഠനായ നഗരാധിപൻ അവളെ ശിരസു ഛേദിച്ചു വധിക്കാൻ ഉത്തരവിട്ടു. എന്നാൽ തന്റെ ജീവിതം മൂന്നു ദിവസത്തേയ്ക്കു കൂടി നീട്ടിത്തരണമെന്ന് വിശുദ്ധ പ്രാർത്ഥിച്ചു. ദൈവം തിരുമനസാവുകയും ചെയ്തു. ഘാതകൻ ശക്തിയോടെ വിശുദ്ധയുടെ ശിരസിൽ വെട്ടി. എന്നാൽ വലിയൊരു മുറിവുണ്ടായെങ്കിലും ശിരസു ഛേദിക്കപ്പെട്ടില്ല. അയാൾ രണ്ടു പ്രാവശ്യം കൂടി ആവർത്തിച്ചു. പക്ഷേ, ശിരസു ചേദിക്കെപ്പട്ടില്ല. വീണ്ടും വെട്ടുന്നതിന് നിയമം അനുവദിക്കായ്കയാൽ അയാൾ അവിടെ നിന്നോടിപ്പോയി. അന്നേയ്ക്കു മൂന്നാം ദിവസം അവൾ തന്റെ ആത്മാവിനെ ദൈവകരങ്ങളിൽ സമർപ്പിച്ചു.

നാലാം നൂറ്റാണ്ടിൽ തന്നെ ട്രാസ്റ്റ്വേരെയിൽ വിശുദ്ധയുടെ വീടിരുന്ന അതേ സ്ഥലത്ത് തന്നെ അവളുടെ പേരിൽ ഒരു പള്ളി ഉണ്ടായിരുന്നു. ഏതാണ്ട് 230-ൽ അലെക്സാണ്ടർ സെവേരുസ് ചക്രവർത്തിയുടെ ഭരണകാലത്താണ് വിശുദ്ധയുടെ രക്തസാക്ഷിത്വം ഉണ്ടായതെന്ന് കരുതപ്പെടുന്നു. 1599-ൽ വിശുദ്ധയുടെ ശവകല്ലറ തുറക്കുകയും അവളുടെ ശരീരം സൈപ്രസ് മരംകൊണ്ടുണ്ടാക്കിയ ശവപ്പെട്ടിയിൽ കാണപ്പെടുകയും ചെയ്തു. മരിക്കുന്നതിനു തൊട്ടുമുൻപ് ഇടുന്നത് പോലെ ഒട്ടും തന്നെ അഴുകാതെ ആണ് വിശുദ്ധയുടെ മൃതശരീരം ഇരുന്നത്. ഈ ശരീരം കാണാനിടയായ സ്റ്റീഫൻ മദേർണ എന്നയാൾ താൻ കണ്ടതുപോലെ തന്നെ വിശുദ്ധയുടെ ഒരു പ്രതിമ നിർമ്മിക്കുകയുണ്ടായി. മധ്യകാലം മുതലേ തന്നെ വിശുദ്ധ സിസിലിയെ ദേവാലയ സംഗീതത്തിൻറെ മധ്യസ്ഥയായി ആദരിച്ച് വരുന്നു. വി. സിസിലി സംഗീതോപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് സദാ ദൈവകീർത്തനങ്ങൾ ആലപിച്ചിരുന്നു എന്ന പാരമ്പര്യത്തെ ആസ്പദമാക്കിയാണ് വിശുദ്ധയെ ദൈവാലയ ഗായകരുടെ മദ്ധ്യസ്ഥയായി കണക്കാക്കുന്നത്.

വിശുദ്ധ സിസിലിയായേ സംഗീതത്തോടെ ദൈവത്തെ സ്തുതിക്കുന്ന ദൈവദൂതരോടൊപ്പം ഞങ്ങളുടെ പ്രാർത്ഥനകളും സ്തുതിപ്പുകളും അങ്ങ് സ്വീകരിക്കേണമേ🙏

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

15th of July 2023

""

image

18th of November 2023

""

image

26th of January 2024

""

image

31st of March 2024

""

image

19th of May 2024

""

image

4th of June 2024

""

image

19th of August 2024

""

image

6th of September 2024

""

image

10th of September 2024

""

Write a Review