കുറച്ചു നാൾ മുമ്പ് ഒരു ഡോക്ടറെ കാണുവാൻ പോയതാണ്. ഡോക്ടറുടെ മുറിയിൽ തൂക്കിയിട്ടിരുന്ന ഒരു മനോഹരമായ കലണ്ടർ എന്നെ വല്ലാതെ ആകർഷിച്ചു. ഏതോ ഒരു പ്രസിദ്ധമായ അന്താരാഷ്ട്ര മരുന്നു നിർമ്മാണ കമ്പനിയുടേതാണ് കലണ്ടർ.മനോഹരമായ രണ്ടു പൂക്കളും മൊട്ടും ഇലകളാണതിൽ. നാട്ടിലെ പൂരം എഴുന്നുള്ളിപ്പിന് ആനയുടെ പുറത്തിരിക്കുന്ന ആൾ പിടിക്കുന്ന വെഞ്ചാമരത്തിനു സാമ്യമുള്ള റോസു നിറത്തിലുള്ള രണ്ടു പൂക്കൾ.അതിനോട് ചേർന്ന് ചെറിയ ചക്കപോലെ ചുവന്ന ഏതാനും മൊട്ടുകൾ.അതിനു താഴെ കടും പച്ച നിറത്തിൽ മനോഹരമായ കടുംപച്ച നിറത്തിൽ കണ്ണഞ്ചിപ്പിക്കുന്ന രൂപഭംഗിയിൽ നില്ക്കുന്ന ഇലകൾ.അതിനു താഴെ തണ്ടും. കുറേ സമയം ഞാൻ ഈ കലണ്ടർ ശ്രദ്ധിക്കുന്നതു മനസ്സിലാക്കി ഡോക്ടർ എന്നോടു ചോദിച്ചു – ഏതാണ് ഈ പൂവെന്ന് മനസ്സിലായോ? ഞാൻ പറഞ്ഞു വിദേശത്തുള്ള ഏതെങ്കിച്ചും പൂവായിരിക്കും അല്ലെ? കാരണം ഒരു അന്തരാഷ്ട്ര മരുന്നു കമ്പനിയല്ലേ.ഡോക്ടർ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. നമ്മുടെ മുറ്റത്തും പറമ്പിലും നിറഞ്ഞു നില്ക്കുന്ന ചെടിയാണ്.പ്രമേഹ രോഗത്തിനു മരുന്നും ആടിനു ഏറ്റവും തിന്നാൻ ഇഷ്ടമുള്ളതും തൊട്ടാൽ ഇലകൾ കൂമ്പുന്ന തൊട്ടാവാടിയാണിത് (Mimosa plant). എന്തു ചെയ്യാം തൊട്ടാവാടിയുടെ പൂവിനെ പോലും താങ്കൾക്കും യുവ തലമുറക്കും തിരിച്ചറിയുവാനാകുന്നില്ലല്ലോ? ഞാൻ ഞെട്ടിപ്പോയി. തൊടിയിൽ നില്ക്കുന്ന തൊട്ടാവാടിയുടെ പൂവിനും മൊട്ടിനും ഇലക്കും ഇത്ര ഭംഗിയോ? ഒരു അന്തരാഷ്ട്ര കമ്പനിയുടെ കലണ്ടറിൽ കണ്ടപ്പോഴാണ് മുറ്റത്തു നില്ക്കുന്ന തൊട്ടാവാടിയുടെ ഭംഗി എനിക്കു മനസ്സിലായത്. ഒരു വിദഗ്ദ ഫോട്ടോഗ്രഫറുടെ കണ്ണുകൾ ആ കാട്ടുപൂവിൻ്റെ സൗന്ദര്യം തിരിച്ചറിഞ്ഞു. ഞാനെന്നും എനിക്കു ശല്യമായി തോന്നിയിരുന്ന ഏതാനും നാളുകൾ മാത്രം നിലനില്ക്കുന്ന തൊട്ടാവാടിയുടെ സൗന്ദര്യം ഇത്രത്തോളം ഉണ്ടെങ്കിൽ എൻ്റെ ഉൽഭവം മുതൽ മരണക്കിടക്ക വരെ നമ്മുടെ സുഖദു:ഖങ്ങളിൽ കൂടെയുണ്ടായിരുന്ന നമ്മുടെ മാതാപിതാക്കളുടെ സൗന്ദര്യം എത്ര വലുതായിരിക്കും. നമ്മളും അവരുടെ മരണശേഷമല്ലേ ഈ വൃദ്ധ പൂക്കളെ തിരിച്ചറിഞ്ഞിട്ടുള്ളത്? ഈ ഒരു തിരിച്ചറിവ് ചെറുപ്പത്തിൽ തന്നെ ഞങ്ങൾക്ക് നൽകി അനുഗ്രഹിച്ചതിനായി ദൈവത്തിനു നന്ദി പറയുന്നു. ഞാൻ ദുബായിയിൽ ഒരു അന്തരാഷ്ട്ര കമ്പനിയിലെ പ്രൊക്യുർമെൻ്റ് ഓഫീസറായിരുന്നു. UAE ടേയും ഒമാനിൻ്റെ വിസയും ഒരേ സമയം ഉണ്ടായിരുന്നു. ഭാര്യ പുഷ്പ അധ്യാപികയായി നാട്ടിൽ തന്നെ മാതാപിതാക്കളെ ശുശ്രൂഷിച്ചു നിൽക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്.സ്കൂൾ ഒഴിവുകാലമാകുമ്പോൾ മാതാപിതാക്കളേയും കൊണ്ട് ഗൾഫിലേക്ക് വരും. മാതാപിതാക്കൾക്ക് ഒമാനിലേക്കും യു എ ഇ ലേക്കും വരുവാൻ വളരേ സന്തോഷമായിരുന്നു. ഞങ്ങൾക്കാണെങ്കിൽ അവരെയും കൂട്ടിയുള്ള യാത്ര അതിലും ആനന്ദം പകരുന്നതായിരുന്നു. അവിടെ ഞങ്ങൾ എവിടേക്ക് യാത്ര പോയാലും അവരും കൂടെയുണ്ടാകും. എനിക്കാണെങ്കിൽ അവിടെ ധാരാളം വചന പ്രഘോഷണ വേദികളും ശുശ്രൂഷകളും ഉണ്ടായിരുന്നു. എല്ലാം കൊണ്ടും ഞങ്ങളുടെ ജീവിതം ശാന്തവും സ്വസ്ഥ വായി ഒഴുകിക്കൊണ്ടിരിക്കുമ്പോഴാണ് അപ്പച്ചന് അൽഷിമേഴ്സ് (മറവി)രോഗം ആരംഭിക്കുന്നത്. അതോടു കൂടി സ്വതവേ ശാന്തനായിരുന്ന അപ്പച്ചനെ നിയന്ത്രിക്കുവാൻ വളരേ പ്രയാസമായി.കൂടാതെ ഒരു നിയന്ത്രണമില്ലാതെ മലമൂത്ര വിസർജനവും തുടങ്ങി. പാഡ് കെട്ടുവാനും അനുവദിക്കില്ല. രാത്രിയും പകലും തമ്മിൽ വ്യത്യാസമില്ലാതെ ഉറക്കവും താളം തെറ്റി എഴുന്നേറ്റു നടക്കും. പകലും ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നതു കൊണ്ട് ഗേറ്റ് പൂട്ടിയിടേണ്ട അവസ്ഥയിലത്തി. അമ്മയും അതേ പ്രായമുള്ള വ്യക്തിയായതിനാൽ ഒന്നും ചെയ്തു കൊടുക്കുവാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഞങ്ങൾ എന്തു ചെയ്യണമെന്ന് പകച്ചു നിന്നു.ഇത്രയും നല്ലൊരു ജോലി ഉപേക്ഷിച്ചു പോകുന്നത് മണ്ടത്തരമാകുമെന്ന് കമ്പനി മേലധികാരികളും അടുത്ത സുഹൃത്തുക്കളും ഉപദേശിച്ചു. ഒരു ആൺ ഹോം നഴ്സിനെ നിയമിച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ എന്ന് ‘ബുദ്ധിയുള്ള ‘പലരും ഉപദേശിച്ചു. അപ്പച്ചന് ഓർമ്മ ശരിയുള്ള ദിവസങ്ങളിൽ ജോലി ഉപേക്ഷിച്ചു വരരുത് എന്ന് അപ്പച്ചനും ആവശ്യപ്പെട്ടു. അവർ രണ്ടു പേരും ഗവർമ്മെൻ്റ് ഉദ്യോഗത്തിൽ നിന്ന് വിരമിച്ചവരായിരുന്നു. ജോലിയുടെ മഹത്വത്തിനെക്കുറിച്ച് ശരിക്കറിയാമായിരുന്നു. ഞങ്ങൾ കുറച്ചു ദിവസത്തോളം പ്രാർത്ഥിച്ചപ്പോൾ ജോലി ഉപേക്ഷിച്ചു മാതാപിതാക്കളെ ശുശ്രൂഷിക്കുവാനാണ് ഞങ്ങൾക്ക് പ്രേരണ ലഭിച്ചത്. മക്കളും ആ തീരുമാനത്തിനു പൂർണ്ണ പിന്തുണ നൽകി.2016 ഒക്ടോബറിൽ ഞാൻ ജോലി രാജി വെച്ച് വീട്ടിലെത്തി. ഞാൻ തന്നെ അപ്പച്ചനെ ശുശ്രൂഷിക്കുന്ന ജോലികൾ ഏറ്റെടുത്തു. വളരേ ശ്രമകരമായിരുന്നു ശ്രുശ്രൂഷിക്കുന്ന ജോലി. കാലത്തു മലമൂത്രത്തിൽ ആയിരിക്കുന്ന രോഗിയെ വൃത്തിയാക്കിയെടുത്തു കുളിപ്പിക്കണം, മുറി മുഴുവൻ തുടച്ചു വൃത്തിയാക്കണം. ഭക്ഷണവും മരുന്നുകളും യഥാസമയം നൽകണം. രോഗി കൃത്യമായി ഒന്നും പറയാത്തതിനാൽ നമ്മൾ തന്നെ കണ്ടുപിടിച്ച് രോഗവിവരങ്ങൾ ഡോക്ടറെ ധരിപ്പിക്കണം. അതിലുപരി മനസ്സമാധാനത്തിൽ ഉറങ്ങുവാനും കഴിഞ്ഞിരുന്നില്ല. ഞാൻ അപ്പച്ചൻ്റെ കൂട്ടുകാരനും അപ്പച്ചൻ എൻ്റെ കൂട്ടുകാരനുമായി ദൈവം മാറ്റി. മുറ്റത്ത് നടക്കുമ്പോൾ തോളിൽ കയ്യിട്ടാണ് നടന്നിരുന്നത്. പതുക്കെ പതുക്കെ അപ്പച്ചനെ നല്ല മരണത്തിനു ഒരുക്കിക്കൊണ്ടിരുന്നു.2018 നവമ്പറിൽ അപ്പച്ചനെ ദൈവം വിളിച്ചു. പലരും പറഞ്ഞു വലിയൊരു ബാധ്യത ഒഴിഞ്ഞല്ലോ എന്ന്. പക്ഷേ എനിക്ക് വലിയ സങ്കടമായിരുന്നു ഒരു കൂട്ടുകാരനായിരുന്ന അപ്പച്ചനെ പിരിഞ്ഞതിൽ. അമ്മയും വലിയ കുഴപ്പമില്ലാതെ നീങ്ങുകയായിരുന്നു. അപ്രക്ഷിതമായി അമ്മ ഒന്നു വീണു.അതോടു കൂടി സ്വന്തം ആവശ്യങ്ങൾക്കു പോലും ആരെങ്കിലും വേണമെന്ന അവസ്ഥയായി. ഓർമ്മയിലും താളംതെറ്റൽ വന്നു. രാത്രിയിലും പകലിലും ഉറക്കത്തിൻ്റെ ക്രമം തെറ്റി. അപ്പോഴേക്കും കോവിഡിൻ്റെ വരവായി. ആരും വീട്ടിൽ വരുവാനോ സംസാരിക്കാനോ സാധിക്കാത്ത അവസ്ഥയിലേക്ക് നാടും ലോകവും നീങ്ങി.പ്രായം ചെന്ന വ്യക്തികളെയാണ് ഈ ഒറ്റപ്പെടുത്തൽ വേദനാജനകമായി കൂടുതൽ ബാധിച്ചത്. പക്ഷേ ഞങ്ങൾ ഒപ്പം നിന്ന് എപ്പോഴും അമ്മയോട് സംസാരിക്കുവാനും ഇടപെടുവാനും ശ്രദ്ധിച്ചിരുന്നു. അപ്പച്ചൻ്റെ മരണത്തിനുശേഷം രണ്ടു വർഷത്തോളം അമ്മയെ നല്ല മരണത്തിനു ഒരുക്കുവാൻ ദൈവം കൃപ തന്നു. ഈ വർഷം ഫെബ്രുവരിയിൽ അമ്മയേയും ദൈവം വിളിച്ചു. നമ്മുടെ പ്രായം ചെന്ന മാതാപിതാക്കളുടെ കൂടെ നടക്കുകയെന്നത് പ്രാർത്ഥിക്കുന്നവർക്ക് ഒരു സ്വർഗ്ഗീയ അനുഭൂതി തരുന്ന അനുഭവമാണ്. ബന്ധുക്കളുടെയും കൂട്ടുകാരുടേയും ഒത്തിരി കുറ്റപ്പെടത്തലുകൾ ഉണ്ടാകാം. പ്രായമായ രോഗിയെ വല്ലപ്പോഴും സന്ദർശിക്കുവാൻ വരുന്നവർക്ക് ചാക്കുകണക്കിന് ഉപദേശം തന്നു പോയാൽ മതി.ചെറുപ്പത്തിൽ മാതാപിതാക്കളുടെ കൈവിരൽ പിടിച്ചു നടന്ന വരാണ് നാമൊക്കെ. അതേ അനുഭൂതിയാണ് പ്രായം ചെന്ന അവർ നമ്മുടെ കൈവിരൽ പിടിച്ചു നടക്കുമ്പോഴും ലഭിക്കുക.കുഞ്ഞുങ്ങളായ നമ്മൾ കാണിച്ചിരുന്ന അതേ കുസൃതിത്തരങ്ങൾ അവരും കാണിക്കും. അപ്പോൾ ദ്വേഷ്യപ്പെടാതെ അത് ആസ്വദിക്കുവാൻ ശ്രമിച്ചാൽ എന്തൊരു സന്തോഷമായിരിക്കും ലഭിക്കുക.കൂടാതെ നമ്മൾ ചെയ്യുന്നതു തന്നെയാണ് നമ്മുടെ മക്കളും ചെയ്യുക എന്ന് ഓർക്കുക. മക്കൾ നമ്മൾ ഉപദേശിക്കുന്നത് ശ്രദ്ധിക്കുകയില്ല പക്ഷേ നമ്മൾ നമ്മുടെ മാതാപിതാക്കളോടു കാണിക്കുന്ന മാതൃക അവരുടെ ഹൃദയത്തിലെ കമ്പ്യൂട്ടറിൻ്റെ മെമ്മറിയിൽ മായാതെ നില്ക്കുമെന്നത് തീർച്ച. നിങ്ങൾക്ക് നന്മ കൈവരുത്തുന്നതിനും ഭൂമിയിൽ ദീർഘകാലം ജീവിക്കുന്നതിനും വേണ്ടി മാതാവിനേയും പിതാവിനേയും ബഹുമാനിക്കുക. വാഗ്ദാനത്തോടു കൂടിയ ആദ്യത്തെ കൽപ്പന ഇതത്രേ (എഫേ 6:2,3.) എല്ലാവർക്കും പ്രായം ചെന്ന മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ഒരു പുതു വർഷ ആശംസകൾ നേരുന്നു. (അനുബന്ധം:ബ്രസീലിൽ നിന്ന് പോർച്ചുഗീസ് ചരക്കുകപ്പലുകൾ ഫല സസ്യങ്ങൾ കൊണ്ടുവന്ന കൂട്ടത്തിൽ അബദ്ധത്തിൽ കയറിപ്പോന്നതാണ് തൊട്ടാവാടി.ഒരു അധിനിവേശ സസ്യം കൂടിയാണിത് )
3rd of July 2023
""