കുടുംബ ജീവിതം ഒത്തിരി വെല്ലുവിളികൾ ഉയർത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് സമൂഹം കടന്നുപോകുന്നത്. ചെറിയൊരു തീപ്പൊരി വനത്തെ ചാമ്പലാക്കുന്നതു പോലെ കുടുംബ ബന്ധങ്ങളിൽ ധാരാളം സുഷിരങ്ങൾ വീണു ജീവിത നൗക മുങ്ങിത്തുടങ്ങിയിരിക്കുന്നു. വിവാഹത്തിന്റെ ആഘോഷങ്ങൾ കെട്ടടങ്ങും മുമ്പ്, ഫോട്ടോ അൽബം സ്റ്റുഡിയോയിൽ നിന്ന് ലഭിക്കുന്നതിനു മുമ്പുതന്നെ വേർപിരിയലിന്റെ ചിന്തകൾ പല കുടുംബങ്ങളിലും പൊട്ടി മുളക്കുന്നു. ഇന്ന് പല ക്രൈസ്തവ കുടുംബ ബന്ധങ്ങളിൾപോലും ഈ തീപ്പൊരി വീഴാൻ തുടങ്ങി. പലപ്പോഴും വേർപിരിയലിന്റെ കാരണം വളരേ നിസ്സാരങ്ങളായിരിക്കും. തല്ലിപ്പിരിയാൻ മാത്രം സങ്കീർണ്ണമായ പ്രശ്നങ്ങളും കാണില്ല. തൃശ്ശൂർ രൂപതയിലെ ചിറ്റാട്ടുകര ഇടവാംഗമായ ആളൂർ കുടുംബത്തിലെ ചാക്കുണ്ണി-ലില്ലി ദമ്പതിമാരുടെ മക്കളിൽ ആറാമത്തേതായ സീന ടീച്ചർ, ദൈവം അറിയാതെ ഒന്നും തന്നെ നമ്മുടെ ജീവിതത്തിൽ കടന്നുവരുന്നില്ല എന്ന ഉറച്ച ബോധ്യത്തോടെ മുന്നേറുന്ന ഒരു വ്യക്തിയാണ്. തൃശ്ശൂർ രൂപതയിലെ കൊട്ടേക്കാട് ഇടവകയിൽ തറയിൽ കുടുംബത്തിലെ ജേക്കബ് – സീന ദമ്പതികളെയാണ് നാമിന്നു പരിചയപ്പെടുന്നത്. തൃശ്ശൂർ പരിസരങ്ങളിൽ സീന ടീച്ചറെ അറിയാത്തവരുണ്ടാകില്ല. സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും വളരേ സജീവം. എല്ലാവരോടും സൗമതയോടും സൗഹൃദത്തോടും ഇടപെടുന്ന വ്യക്തിത്വം.ഒന്നര വയസ്സിൽ പോളിയോ ബാധിച്ച് നടക്കുവാൻ പോലും വളരേ ക്ലേശിച്ച് സ്വപ്രയത്നത്താൽ ജീവിതം മറ്റുള്ളവർക്ക് മാതൃകയാക്കിയ ടീച്ചർ. ദൈവാശ്രയവും മനോധൈര്യവുമുണ്ടെങ്കിൽ അൽഭുതങ്ങൾ ഉണ്ടാകും എന്നു നമുക്കു വിശ്വസിക്കണമെങ്കിൽ സീന ടീച്ചറെ ഒന്നു പരിചയപ്പെട്ടാൽ മതി. നടക്കുവാൻ സാധിക്കാതെ വീൽചെയറിലിരുന്നാണ് ഒരു ഗവ.ഹൈസ്ക്കൂൾ പ്രധാന അധ്യാപികയായി ടീച്ചർ ജോലി ചെയ്യുന്നത്. അതും പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചുമാറിയല്ല – എല്ലാറ്റിനും മുമ്പിൽ തലയെടുപ്പോടെ നിന്ന്. എപ്പോഴും തന്റെ ശക്തി ശ്രോതസ്സായ ജപമാല കൈകളിൽ ഉണ്ടാകും. തൃശ്ശൂർ പട്ടണണത്തിലെ എല്ലാ പ്രധാന രംഗങ്ങളിലെല്ലാം വീൽ ചെയറിൽ ഇരുന്നു കൊണ്ട് ടീച്ചർ മുന്നിലുണ്ടാകും. സ്വജീവിതം ടീച്ചർ തന്നെ നമ്മോടു പറയുന്നു: ഒന്നര വയസു വരെ ഞാൻ സാധാരണ കുട്ടികളെപ്പോലെ തന്നെയായിരുന്നു. അതിനു ശേഷമാണ് പോളിയോ ബാധിച്ചു നടക്കുവാൻ സാധിക്കാത്ത അവസ്ഥയായത്. അമ്മ വളരേ ചെറുപ്പത്തിലേ മരിച്ചു. അപ്പനാണ് മുന്നോട്ടുള്ള ജീവിതത്തിൽ പ്രത്യാശ തന്നത്. എന്റെ സഹോദരങ്ങളും ബന്ധുക്കളുടേയും അകമഴിഞ്ഞ പ്രോത്സാഹനവും ലഭിച്ചു. നീ മറ്റുള്ള കുട്ടികളേക്കാളും മിടുക്കിയാണ് എന്ന് എപ്പോഴും പറഞ്ഞ് എന്നെ ധൈര്യപ്പെടുത്തിയിരുന്നു. പരി. അമ്മയെ സ്വന്തം അമ്മയായി സ്വീകരിച്ചപ്പോൾ പഠിക്കണം ഉയരണമെന്ന ശക്തി ലഭിച്ചു. മറ്റു കുട്ടികൾ ഓടിച്ചാടി നടക്കുന്നതു കാണുമ്പോൾ അവരെ പോലെ ഓടിക്കളിക്കണം എന്നൊക്കെ വലിയ ആഗ്രഹം തോന്നാറുണ്ടു്. ചെറിയ ക്ലാസുകളിൽ വീഴുമ്പോൾ വലിയ സങ്കടം തോന്നാറില്ലായിരുന്നു. ആരെങ്കിലുമൊക്കെ സഹായിക്കുമായിരുന്നു. എന്നാൽ വലിയ ക്ലാസുകളിൽ എത്തിയപ്പോൾ കാര്യങ്ങൾ ദുഷ്ക്കരമായി മാറി. എന്നാൽ ബന്ധുക്കൾ, പോളിയോ ബാധിച്ച് നടക്കുവാൻ സാധിക്കാഞ്ഞ എന്നെ പഠിപ്പിക്കുന്നതിനെ ശക്തമായി പിന്തുണച്ചു.പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ടി.ടി സി കഴിച്ച് അധ്യാപിക ആയാലോ എന്നു വരെ ആദ്യം ചിന്തിച്ചു . എന്നാൽ അപ്പനും സഹോദരങ്ങളുമാണ് ഉപരി പഠനത്തിന് ശക്തമായ പ്രോത്സാഹനം തന്നത്. വീണ്ടും ബി എസ്സി ക്ക് കണക്ക് ഐഛിക വിഷയമായെടുത്തു പഠനം തുടർന്നു.. അക്കാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സെഷണൽ ബി എഡ് വന്ന കാലഘട്ടമായിരുന്നു. കണ്ണൂരിലാണ് ബിഎഡ് പഠനം വളരേ പ്രയാസപ്പെട്ടു പൂർത്തിയാക്കിയത്. ആങ്ങിളമാർ എന്നെ കാറിലേക്ക് കോരിയെടുത്ത് സീറ്റിലേക്ക് ഇരുത്തേണ്ട അവസ്ഥയായിരുന്നു.ഇന്റർവ്യൂ നടക്കുന്നത് രണ്ടാം നിലയിലായതിനാൽ വീണ്ടും എടുത്തു കയറ്റിയതും എന്റെ ചേട്ടനായിരുന്നു. എന്റെ ദയനീയ അവസ്ഥ കണ്ട് ഇന്റർവ്യൂ ചെയ്യുവാൻ വന്നവർ പോലും ഞാൻ കോഴ്സ് പൂർത്തിയാക്കുമോ എന്നു വരെ സംശയം പ്രകടിപ്പിച്ചു.ധാരാളം ശാരീരികവും അതിലുപരി മാനസികമായ പ്രയാസങ്ങളിലൂടെയും ജീവിതം കടന്നു പോയിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം ദീനാനുകമ്പയുള്ള ധാരാളം ബന്ധുക്കളേയും കൂട്ടുകാരെയും അധ്യാപകരേയും എന്നെ സഹായിക്കുവാൻ ദൈവം ഒരുക്കി നിറുത്തിയിരുന്നു.ബി എഡ് പഠനം പൂർത്തിയായതിനു ശേഷമാണ് എംപ്ലോയ്മെന്റ് എക്സേഞ്ചിൽ പേര് റജിസ്റ്റർ ചെയ്തത്. ആദ്യം ഗവർമെന്റ് സർവ്വീസിൽ ക്ലർക്കായി നിയമനം ലഭിച്ചു. പക്ഷേ, കുട്ടികളെ പഠിപ്പിക്കാനായിരുന്നു കൂടുതൽ ഇഷ്ടം . അതിനായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. താമസിയാതെ ടീച്ചറായി എംപ്ലോയ്മെന്റ് എക്ച്ചേഞ്ചു വഴി ജോലി ലഭിച്ചു. വികാലാംഗ വർഷമായപ്പോൾ ഹൈസ്ക്കൂൾ ടീച്ചറായി സർക്കാരിൽ നിന്ന് നിയമനം ലഭിച്ചു. അതോടൊപ്പം ഗവർമെന്റ് സർവ്വീസിൽ ക്ലർക്കായും നിയമനം ലഭിച്ചു. കൂടുതൽ ഇഷ്ടം അധ്യാപികയാകാനായതിനാൽ ടീച്ചർ ഉദ്യോഗം തിരഞ്ഞെടുത്തു.ഇപ്പോൾ പ്രധാനാധ്യാപികയായി ഗവ. സർവ്വീസിൽ സേവനമനുഷ്ഠിക്കുന്നു. ദൈവം തന്റെ കൈ വെള്ളയിൽ താങ്ങിയെടുത്തു കൊണ്ടു പോകുന്ന അനുഭവമായിരുന്നു -ജീവിതത്തിൽ ഇന്നുവരെ കണ്ടത്. സീന ടീച്ചറുടെ കൂടെ എപ്പോഴും ഒരു നിഴലായി ഭർത്താവു് ജേക്കബ് ചേട്ടൻ ഉണ്ടാകും. വളരേ സന്തോഷവും ശാന്തതയുമുള്ള പ്രകൃതം. അധികം ആരോടും സംസാരിക്കില്ല. എപ്പോഴും ഒരു പുഞ്ചിരി മാത്രം. ചാർജ് ചെയ്ത പ്രവർത്തിപ്പിക്കാവുന്ന വീൽ ചെയർ കാറിനകത്ത് വരെ എത്താവുന്ന രീതിയിൽ സംവിധാനം ചെയ്തിരിക്കുന്നത് ജേക്കബ് ചേട്ടനാണ്. ജേക്കബ്ബ് ചേട്ടനെ ടീച്ചറില്ലാതെ ആർക്കും കാണുവാൻ സാധിക്കില്ല. സാമ്പത്തികമായി വലിയ പ്രയാസമില്ലാത്ത വീട്ടിൽ വളർന്ന വ്യക്തി. ഗൾഫിലും ഗുജറാത്തിലുമായി ഇരുപതു വർഷത്തോളം എസി മെക്കാനിക്കായിരുന്നു. ജേക്കബ് ചേട്ടനെ നമുക്ക് പരിചയപ്പെടാം: എങ്ങിനെയാണ് സീന ടീച്ചറെ തന്നെ വിവാഹം കഴിക്കണമെന്ന് തീരുമാനിച്ചത്. പെണ്ണു കാണുവാൻ വരുമ്പോൾ ബന്ധുക്കൾ ആദ്യം ചികയുക പെണ്ണിന് എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടോ എന്ന് അല്ലേ. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒരു വീടല്ലല്ലോ ചേട്ടന്റേത്. ഈ ഒരു തീരുമാനം ഒരു സാഹസമായി എടുത്തതാണോ? ബന്ധുക്കൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ലേ ? ഞാൻ ഒരു ദൈവ വിശ്വാസിയാണ്. അനുജന്റെ വിവാഹം കഴിഞ്ഞിട്ടും എന്നെ ആർക്കോ വേണ്ടി മാറ്റി നിറുത്തിയിയിരിക്കുകയാണ് എന്നൊരു തോന്നൽ എന്റെ മനസ്സിൽ ദൈവം തന്നിരുന്നു. വീട്ടുകാർ വിവാഹത്തിനു നിർബ്ബന്ധിച്ചപ്പോൾ ഒരു അന്ധയേയോ പരസ്സഹായമില്ലാതെ ജീവിക്കുവാൻ സാധിക്കാത്ത ഒരാളെയോ ജീവിത സഖിയാക്കണം എന്നൊരു ചിന്തയാണ് എനിക്ക് ദൈവം നല്കിയത്. ഞാനതിൽ ഉറച്ചു നിന്നു . എനിക്കാണ്ടെങ്കിൽ നല്ല ആരോഗ്യം ദൈവം നൽകിയിട്ടുണ്ട്. അങ്ങിനെയാണ് ഞാൻ ബന്ധുക്കൾ പറഞ്ഞു സീനയെ കാണുവാൻ വരുന്നത്. എനിക്ക് സീനയെ ഇഷ്ടമായി. പരാശ്രയം ഇല്ലാതെ ജീവിക്കുവാൻ സാധിക്കാതെ നിലക്കുന്ന വ്യക്തി. അത് തന്നെയാണ് ഞാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയെന്ന് ദൈവം മനസ്സിൽ തോന്നിപ്പിച്ചു. വിവാഹത്തിന് വാക്കു കൊടുത്തു.സീന വീണ്ടും ഒരു തവണ കൂടി എന്നെ കാണണം എന്ന് അറിയിച്ചു. എന്തൊക്കെയാണ് വൈകല്യങ്ങളുള്ളതെന്ന് വിശദമായി അറിയിച്ചു. ആ കൂടിക്കാഴ്ച്ച എന്നെ തളർത്തുകയല്ല ചെയ്തത് , മറിച്ച് അത് എന്നെ കൂടുതൽ ശക്തിപ്പെടുത്തി. അങ്ങിനെ ദൈവം ഞങ്ങളുടെ വിവാഹം മനോഹരമായി നടത്തി. എപ്പോഴെങ്കിലും എടുത്ത തീരുമാനം ബുദ്ധിമോശമായി എന്നു തോന്നിയിട്ടുണ്ടോ? ഒരിക്കലും ഇല്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഇരുപത്തിഅഞ്ചു വർഷം തികയുകയാണ്. അതേ സ്നേഹം ഞങ്ങൾ തമ്മിൽ ഇപ്പോഴും ഉണ്ട്. ഞങ്ങൾ എന്നും കുറേ സമയം പ്രാർത്ഥനയിൽ ചെലവഴിക്കുവാൻ ശ്രദ്ധിക്കാറുണ്ട്. ആയതിനാൽ എന്തെങ്കിലും പ്രയാസം പരസ്പരം വന്നാൽ അതിനു പരമാവധി ഒരു മണിക്കൂറേ നിലനിൽക്കുകയുള്ളൂ. സന്തോഷകരമായി ജീവിതം മുന്നോട്ടു പോകുന്നു. ഒരേ ഒരു മകനാണ് ഞങ്ങൾക്കുള്ളത് – സെബാസ്റ്റ്യൻ. അവൻ എഞ്ചിനീയറിംഗിന് ഒന്നാം വർഷം പഠിക്കുകയാണ്. അവനും സാധിക്കുന്ന രീതിയിലെല്ലാം അമ്മയെ സഹായിച്ചു കൊടുക്കും. വീട്ടിൽ എപ്പോഴും സന്തോഷമാണ്. എന്താണ് സമൂഹത്തിന് നൽകാനുള്ള ഒരു സന്ദേശം ? ദമ്പതിമാരാകാൻ വരം തന്നെ ലഭിക്കണം. അനാദി കാലം മുതൽ അത് ദൈവമാണ് നിശ്ചയിക്കുന്നത്- നമ്മളല്ല. മാനസിക ഐക്യമാണ് ശാരീരിക ഐക്യത്തേക്കാൾ ദമ്പതിമാർക്ക് വേണ്ടത്. ഇണയുടെ കുറവു കണ്ടു പിടിക്കലല്ല മറിച്ച് പരസ്പര പൂരകങ്ങളായി മുന്നോട്ടു പോകണം. നാമൊക്കെ മനുഷ്യരാണ്. കുറവുകളും ഉരസലുകളെല്ലാം സ്വാഭാവികമാണ്. അതിലേക്ക് നോക്കിയിരിക്കാതെ അവ ദൈവകരങ്ങളിലേക്ക് കൊടുക്കുക. തീർച്ചയായും ദൈവം ഇടപെടും. വേർപിരിയുവാൻ വളരേ എളുപ്പമാണ്. ഒറ്റ കുതിപ്പിന് നമുക്ക് കിണറ്റിലേക്ക് ചാടാം . എന്നാൽ അവിടെ നിന്ന് കയറണമെങ്കിൽ ഒരുപാടു പേരുടെ സഹായം വേണ്ടി വരും. ധാരാളം പരിക്കുകളും അവശേഷിക്കുകയും ചെയ്യും. അതുകൊണ്ട് വേർപിരിക്കുവാൻ വരുന്നവരെ തിരിച്ചറിയുക -വളരേ ദൂരെ നിറുത്തുക. പിരിക്കുവാൻ ശ്രമിക്കുന്നത് ദൈവമല്ല എന്ന് തിരിച്ചറിയുക ജേക്കബ് ചേട്ടനും സീന ടീച്ചറും സമൂഹത്തിനോടു പ്രഘോഷിക്കുന്ന ഒരു സന്ദേശമുണ്ട്. ഒരു കൂടെ നടപ്പിന്റെ സുവിശേഷം . അതാണ് നമ്മുടെ സമൂഹം കാണുന്ന, വായിക്കുന്ന അഞ്ചാമത്തെ സുവിശേഷം
4th of July 2023
""