വി. മദർ തെരേസ്സ -St. Theresa of Calcutta

Image

വെള്ള വസ്ത്രത്തിന്മേൽ ഒരു നീലക്കര കണ്ടാൽ കൊച്ചു കുട്ടികൾ പോലും തിരിച്ചറിയുന്ന ഒരു വൃദ്ധയുടെ രൂപമാണ് വി. മദർ തെരേസായുടേത്. വാക്കുകൾക്കപ്പുറം ഏളിമയും പ്രാർത്ഥനയും നിറഞ്ഞ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന വി. മദർ തെരേസ്സ .

ഇന്നത്തെ മാസിഡോണിയ എന്ന രാജ്യത്ത് 1910 ആഗസ്റ്റ് ഇരുപത്തിയാറിന് ജനിച്ച ആഗ്നസ് എന്ന പെൺകുട്ടിയാണ് ഇന്നത്തെ മദർ തെരേസ. സാമാന്യം നല്ല സാമ്പത്തികസ്ഥിതിയുള്ള കുടുംബത്തിലായിരുന്നു ജനനം. ആഗ്നസിന്റെ എട്ടാം വയസിൽ അപ്പൻ മരിച്ചു. അതോടെ സാമ്പത്തികമായി കുടുംബം പ്രയാസത്തിലായി. സമർപ്പിത ജീവിതം തെരഞ്ഞെടുക്കുവാൻ പന്ത്രണ്ടാം വയസിൽ ആഗ്നസ് തീരുമാനിച്ചു. പതിനെട്ടാം വയസിൽ ഈ ആഗ്രഹം നിറവേറ്റിക്കൊണ്ട് അയർലണ്ടിലുള്ള സിസ്റ്റേഴ്‌സ് ഓഫ് ലൊറേറ്റോ എന്ന സന്യാസിനി സഭയിൽ ചേർന്നു..

അയർലണ്ടിൽ ഒരു വർഷം ഇംഗ്ലീഷ് പഠനം കഴിഞ്ഞപ്പോൾ ഇന്ത്യയിൽ ഡാർജിലിങ് എന്ന സ്ഥലത്തേക്ക് അയക്കപ്പെട്ടു. 1831-ൽ ആദ്യവ്രതം ചെയ്തു. അന്ന് തെരേസ എന്ന പേര് സ്വീകരിച്ചു. അമ്മ ത്രേസ്യാ, ലിസ്യുവിലെ കൊച്ചുത്രേസ്യാ എന്നിവരോടുള്ള ആദരവുകൊണ്ടാണ് ഈ പേര് സ്വീകരിച്ചത്. ഇന്ത്യയിലെ സേവനം ആരംഭിച്ചത് കൽക്കത്തയിലെ സെന്റ് മേരീസ് സ്‌കൂളിൽ ഹിസ്റ്ററി, ജോഗ്രഫി എന്നിവ പഠിപ്പിച്ചുകൊണ്ടാണ്. സമ്പന്നരുടെ മക്കൾ ആയിരുന്നു ഇവിടെ പ്രധാനമായും പഠിച്ചിരുന്നത്. 15 വർഷം ഇവിടെ പഠിപ്പിച്ചു. ഇക്കാലത്ത് ചുറ്റുമുള്ള ആളുകളുടെ കഷ്ടപ്പാടുകൾ കാണുകയും അത് മനസിൽ ഒരു വേദനയായി രൂപപ്പെടുകയും ചെയ്തു. 1946-ൽ ഡാർജിലിങ്ങിലേക്ക് ഒരു ധ്യാനത്തിനായി പോകുമ്പോൾ, ദരിദ്രർക്കുവേണ്ടി പ്രവർത്തിക്കണം എന്ന ശക്തമായ പ്രചോദനം ഉണ്ടായി. രണ്ട് വർഷത്തോളം പ്രാർത്ഥിച്ച് ദൈവഹിതം കണ്ടെത്തുവാൻ ശ്രമിച്ചു. പിന്നീട് അത് ദൈവഹിതമാണെന്ന് തിരിച്ചറിഞ്ഞു..

ലൊറേറ്റോ സന്യാസിനീസഭയിൽനിന്ന് പുറത്തുവരുവാൻ അപേക്ഷിച്ചു. ആ സന്യാസിനീസഭയും കൽക്കത്ത ആർച്ച് ബിഷപ്പും അതിനുള്ള അനുവാദം നൽകി. രണ്ടുവർഷത്തെ ഈ കാലത്ത് ഒരു നഴ്‌സിങ്ങ് കോഴ്‌സും പഠിച്ചു. 1948-ൽ ലൊറേറ്റോ സഭയിൽനിന്നും പുറത്തുവന്നു. വെള്ളയിൽ നീലകരയുള്ള സാരി ഔദ്യോഗിക വസ്ത്രമായി സ്വീകരിച്ചു. ഒരു വാടകക്കെട്ടിടത്തിൽ താമസം തുടങ്ങി. ചേരികളിൽ പ്രവർത്തനം തുടങ്ങി. ആദ്യത്തെ ഒരു വർഷം കഠിനമായിരുന്നു. ഭക്ഷണത്തിനുവേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നിട്ടുണ്ട്. മഠത്തിലേക്ക് തിരിച്ചുപോയാലോ എന്ന ശക്തമായ ചിന്തയും ഉണ്ടായിട്ടുണ്ട്..

ചേരിയിലെ കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കുക എന്നതായിരുന്നു ആദ്യസേവനം. പഠനോപകരണങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് ചെളിയിൽ കമ്പുകൊണ്ട് എഴുതിയാണ് അക്ഷരങ്ങൾ പഠിപ്പിച്ചതും കുട്ടികൾ പഠിച്ചതും. അക്ഷരം പഠിപ്പിക്കുന്നതോടൊപ്പം അടിസ്ഥാന ആരോഗ്യസംരക്ഷണ, ശുചിത്വകാര്യങ്ങളും പഠിപ്പിച്ചിരുന്നു. 1950-ൽ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസിനീസഭ തുടങ്ങി. ശുചീകരണ തൊഴിലാളികളുടെ വേഷമായ നീലക്കരയുള്ള വെള്ളസാരിയാണ് മദർ സഭാംഗങ്ങളുടെ ഔദ്യോഗിക വസ്ത്രമായി തെരഞ്ഞെടുത്തത്. പാവങ്ങളോടുള്ള പക്ഷം ചേരലിന്റെ പ്രതീകമായിട്ടാണ് ഇങ്ങനെയൊരു വസ്ത്രം തെരഞ്ഞെടുത്തത്. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സഭയിൽ ഇപ്പോൾ 4000-ത്തിലധികം സിസ്റ്റർമാരുണ്ട്. അവർ 697 സ്ഥാപനങ്ങളിലായി 131 രാജ്യങ്ങളിൽ സേവനം ചെയ്യുന്നു. നൊബേൽ പുരസ്ക്കാരം പോലെ ഏകദേശം 124 പ്രശസ്തമായ അവാർഡുകൾ മദർ തെരേസയ്ക്ക് ലഭിച്ചിട്ടുണ്ട്. 1997 സെപ്റ്റംബർ അഞ്ചിന് തന്റെ എൺപത്തിയേഴാം വയസ്സിൽ മദറിന്റെ ആത്മാവിനെ ദൈവം സ്വർഗത്തിലേക്ക് കൊണ്ടുപോയി. മരണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പുവരെ മദർ മിഷനറീസ് ഓഫ് ചാരിറ്റി സഭയുടെ സുപ്പീരിയർ ജനറൽ ആയിരുന്നു. മരണകാരണം ഹൃദയാഘാതം ആയിരുന്നു. സെപ്റ്റംബർ 13-നായിരുന്നു സംസ്‌കാരം. പൊതുദർശനത്തിന് സെന്റ് തോമസ് ദൈവാലയത്തിൽ വച്ചിരുന്ന മൃതദേഹം നേതാജി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് പ്രദക്ഷിണമായി കൊണ്ടുപോയി. ദൈവാലയത്തിൽനിന്ന് എട്ട് പട്ടാള ഉദ്യോഗസ്ഥരാണ് മൃതദേഹം എടുത്ത് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകാനുള്ള ഗൺ കാര്യേജിൽവച്ചത്. 1948-ൽ മൃതസംസ്‌കാരത്തിന് കൊണ്ടുപോകുവാൻ മഹാത്മാഗാന്ധിയെ കിടത്തിയ അതേ വാഹനമാണ് മദറിനെ കൊണ്ടുപോകാനും ഉപയോഗിച്ചത്. ജാതിമത ഭേദമെന്യേ ഏകദേശം പത്തുലക്ഷം ആളുകൾ റോഡിന് ഇരുവശവും ആദരവ് അർപ്പിച്ചുകൊണ്ട് നിന്നു. ഈ പത്തുലക്ഷത്തോളം വരുന്ന ജനങ്ങളിൽ മഹാഭൂരിപക്ഷവും ഇതര മതവിഭാഗങ്ങളിൽപെടുന്നവരായിരുന്നുവെന്നത് മദറിന്റെ സ്വീകാര്യതയുടെ തെളിവായിരുന്നു. നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ദിവ്യബലിയിൽ 15000-ത്തോളം പേർ സംബന്ധിച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ ആഞ്ചലോ സൊഡാനോ ആയിരുന്നു മുഖ്യകാർമികൻ. ദിവ്യബലിക്കുള്ള വീഞ്ഞ് ബലിവേദിയിലേക്ക് കൊണ്ടുവന്നത് ഒരു കുഷ്ഠരോഗിയും, വെള്ളം കൊണ്ടുവന്നത് ഒരു തടവുകാരിയും, ഓസ്തി കൊണ്ടുവന്നത് ഒരു വികലാംഗനുമായിരുന്നു. മദറിന്റെ ശുശ്രൂഷകൾ സ്വീകരിച്ചവരുടെ പ്രതിനിധികളെത്തന്നെ കാഴ്ചവപ്പിനായി തെരഞ്ഞെടുത്തത് ഏറ്റവും മനോഹരവും വിവേകം നിറഞ്ഞതുമായി. 23 രാഷ്ട്രത്തലവന്മാർ/പ്രതിനിധികൾ സംസ്‌കാരശുശ്രൂഷയിൽ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി കെ.ആർ. നാരായണൻ, പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാൾ എന്നിവർ പങ്കെടുത്തു. അമേരിക്കൻ പ്രസിഡന്റിനുവേണ്ടി ഭാര്യ ഹില്ലാരി ക്ലിന്റൺ, തുടങ്ങിയ ലോകനേതാക്കൾ പങ്കെടുത്തു. കത്തോലിക്ക വിശ്വാസം അനുസരിച്ചുള്ള പ്രാർത്ഥനകൾക്ക് പുറമേ, കുർബാനയ്ക്കുശേഷം ആംഗ്ലിക്കൻ, ഹിന്ദു, ഇസ്ലാം, സിക്ക്, ബുദ്ധ, പാർസി വിശ്വാസപ്രകാരമുള്ള പ്രാർത്ഥനകളും നടത്തപ്പെട്ടു. മൃതസംസ്‌കാരദിവസം ഇന്ത്യയിൽ ദേശീയ അവധിയായി പ്രഖ്യാപിക്കപ്പെട്ടു. സ്റ്റേറ്റ് ഫ്യൂണറൽ ആണ് മദറിന് നൽകിയത്. അന്നേദിവസം ഇന്ത്യൻ ദേശീയ പതാക പകുതി താഴ്ത്തി കെട്ടിയിരുന്നു. മദറിന്റെ നൂറാം ജന്മദിനത്തിൽ ഇന്ത്യാഗവൺമെന്റ് അഞ്ചുരൂപാ നാണയം ഇറക്കി മദറിനെ ആദരിച്ചിരുന്നു. .

ജീവിച്ചിരുന്നപ്പോൾ മദർ പറഞ്ഞു: അൽബേനിയനാണ് എന്റെ രക്തം (മാസിഡോണിയയിൽ ആണ് ജനിച്ചതെങ്കിലും മദർ അൽബേനിയൻ വംശയായിരുന്നു). പൗരത്വംകൊണ്ട് ഞാൻ ഇന്ത്യക്കാരിയാണ്. വിശ്വാസംകൊണ്ട് കത്തോലിക്ക സഭയിലെ സന്യാസിനി. ദൈവവിളികൊണ്ട് ഞാൻ ലോകത്തിന്റേത്. ഹൃദയംകൊണ്ട് ഞാൻ യേശുവിന്റെ തിരുഹൃദയത്തിന്റേതുമാണ്..

ഇൻഡോർ സ്റ്റേഡിയത്തിലെ ശുശ്രൂഷകൾക്കുശേഷം സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ ജനറാൾ ഹൗസിൽ മൃതദേഹം സംസ്‌കരിച്ചു. മരിച്ച് ആറുവർഷം കഴിഞ്ഞ് 2003-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2016 സെപ്റ്റംബർ 4-ന് മദർ തെരേസയെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു..

മോണിക്ക ബെസ്‌റാ എന്ന ഒരു ഇന്ത്യക്കാരിയുടെ വയറിലെ ട്യൂമർ മദറിന്റെ മധ്യസ്ഥതവഴി മാറിയതായിരുന്നു ഈ പ്രഖ്യാപനത്തിലേക്ക് നയിച്ച അത്ഭുതം. മദറിന്റെ ചിത്രമുള്ള മെഡൽ ഈ രോഗിയുടെ ശരീരത്തിൽവച്ച് പ്രാർത്ഥിച്ചപ്പോൾ സൗഖ്യം കിട്ടുകയായിരുന്നു. മദർ മരിച്ച് ഒരു വർഷം കഴിഞ്ഞ് 1998 സെപ്റ്റംബർ അഞ്ചിനാണ് ഈ അത്ഭുതം സംഭവിച്ചത്..

വിശുദ്ധപദ പ്രഖ്യാപനത്തിന് കാരണമായ അത്ഭുതം നടന്നത് ബ്രസീലിൽ ആണ്. മൾട്ടിപ്പിൾ ബ്രെയ്ൻ ട്യൂമർ ബാധിച്ച ഒരു മനുഷ്യനാണ് സൗഖ്യം കിട്ടിയത്. ഇദ്ദേഹത്തിന്റെ ഭാര്യയും കുടുംബാംഗങ്ങളും മദർ തെരേസയുടെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ഓപ്പറേഷനായി ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുവന്ന രോഗി ഇദ്ദേഹം പെട്ടെന്ന് സൗഖ്യം പ്രാപിച്ച് എഴുന്നേറ്റിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഫ്‌ളോറൻസ് നൈറ്റിംഗ്രൽ എന്ന് മദറിനെ വിശേഷിപ്പിക്കുന്നവർ ഉണ്ട്. ദരിദ്രരോടും അവശരോടുമുള്ള പരിഗണനയും ശുശ്രൂഷകളും പരിഗണിച്ചായിരിക്കും ഈ പേര് നൽകിയത്. പ്രോ-ലൈഫിന്റെ പ്രേഷിത കൂടിയായിരുന്നു മദർ..

ഏറ്റവും ദരിദ്രയായി ജീവിക്കുകയും അനേകം ദരിദ്രർക്കും നിസഹായർക്കും കുഷ്ഠരോഗികൾക്കും ശുശ്രൂഷ ചെയ്യുകയും അതിനായി സന്യാസസഭകൾ (മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്‌സ്; ബ്രദേഴ്‌സ്) സ്ഥാപിക്കുകയും ചെയ്തു. .

വി. മദർ തെരേസായെ ഞങ്ങളുടെ ജീവിതത്തിൽ ദൈവ ഹിതം തിരിച്ചറിയുവാനും എളിമയെന്ന പുണ്യത്താൽ നിറയുവാനുമായി പ്രാർത്ഥിക്കേണമേ. ആമേൻ

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

17th of October 2023

""

image

18th of December 2023

""

image

18th of February 2024

""

image

22nd of April 2024

""

image

27th of May 2024

""

image

28th of May 2024

""

image

15th of August 2024

""

image

19th of August 2024

""

image

6th of September 2024

""

image

Jewel

7th of September 2024

"Adipolli "

Write a Review